വികസനത്തിന്റെ കാണാക്കാഴ്ച്ചകൾ
നിർവചനങ്ങൾക്കുമപ്പുറം അർത്ഥതലങ്ങൾ കല്പ്പിച്ചു
നല്കാവുന്ന വാക്കാണ് 'വികസനം'. വിഭാവനം
ചെയ്യുന്നവരുടെ ഭാവനയിലും സ്വപ്നങ്ങളിലും മാത്രമായി പലപ്പോഴും
ഒതുങ്ങിപ്പോകുമ്പോഴാണ് അർത്ഥങ്ങൾ നശിച്ച് 'വികസനം' ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും വർഗ വ്യത്യാസങ്ങളുടേയുമൊക്കെ
നേർക്കാഴ്ച്ചകൾ ആകുന്നത്. സാമൂഹ്യവും സാമ്പത്തികവും
ശാസ്ത്രീയവും ആരോഗ്യ-വിദ്യാഭ്യാസപരവുമൊക്കെയായ
നിർവചനങ്ങൾക്കുമപ്പുറം വികസനം സമ്പൂർണ്ണത കൈവരിക്കുന്നത്"ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്വാസ്ഥ്യം'' എന്നോ അതിലേക്ക് വ്യക്തിയെ അല്ലെങ്കിൽ സമൂഹത്തെ നയിക്കുന്ന ഘടകങ്ങൾ എന്നോ
ചിന്തിക്കുമ്പോഴായിരിക്കും.

ഒറീസ്സയിലെ ഒരു ആദിവാസി ജനതയ്ക്ക് തൊഴിൽ
നിഷേധിക്കപ്പെട്ടത് അവരുടെ പേര് രേഖകളിൽ എഴുതിച്ചേർത്ത സർക്കാർ ഗുമസ്തൻ അറിഞ്ഞോ
അറിയാതെയോ വരുത്തിയ അക്ഷരത്തെറ്റു മൂലമാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ പി സായിനാഥ് തന്റെ ലേഖനത്തിൽ എഴുതിയത് അവിശ്വസനീയതയുടെ മേമ്പൊടിയോടെ
വായിച്ചതോർക്കുന്നു, കേവലമൊരു അക്ഷരത്തെറ്റ് ഒരു
ജനതയുടെ അസ്തിത്വത്തെ എത്ര സാരമായാണ് ബാധിച്ചത്!. പക്ഷെ
മനപ്പൂർവമല്ലാത്ത, വർഷങ്ങൾക്കു മുൻപുനടന്ന ആ
അനാസ്ഥയേക്കാൾ എത്രയോ ക്രൂരവും സങ്കുചിതവുമാണ് ഇന്നത്തെ വ്യവസ്ഥിതികൾ.
കർഷകരും കൂലിവേലക്കാരും നിരക്ഷരരുമായ ആ ആദിവാസി
സമൂഹം ജീവിതത്തിലെ സപര്യയായി കരുതുന്നത് കൃഷിയെ ആണ്. മുതുവാന്മാർ
എന്ന് മറ്റുള്ളവർ കളിയായും കാര്യമായും വിളിച്ചു പോന്ന ആ ഗോത്രവർഗത്തെ സുരക്ഷയുടെ
പേരുപറഞ്ഞാണ് കാട്ടിൽ നിന്നും കുടിയിറക്കി മലയോരത്ത് രണ്ടേക്കർ വീതം പതിച്ചു
കൊടുത്ത് പുനരധിവസിപ്പിച്ചത്. വനവിഭവങ്ങൾ ശേഖരിച്ചും
വേട്ടയാടിയും മീൻപിടിച്ചും ജീവിച്ചുപോന്ന സമൂഹത്തെ അതിർവരമ്പുകൾക്കുള്ളിൽ
തളച്ചിട്ടപ്പോൾ കൃഷി ചെയ്തു ജീവിക്കുമെന്നും നാഗരികതയുടെ മുഖംമിനുക്കലുകൾ പതിയെ
സ്വായത്തമാക്കുമെന്നും വികസനം അനുഭാവനം ചെയ്ത ഭരണസിരാകേന്ദ്രങ്ങൾ
ചിന്തിച്ചിട്ടുണ്ടാവും.
സ്ഥിരമായി വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചപ്പോഴും
കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും നിലനില്പ്പ് അപകടകരമാക്കിയപ്പോഴും ഇവർക്ക്
സഹായത്തിനുവേണ്ടി ഭരണകൂടങ്ങളെ തന്നെ ആശ്രയിക്കേണ്ടിവന്നു.കർഷകർക്ക് കാലാകാലമായി
സർക്കാർ നല്കിവരുന്ന ധന സഹായങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല. വലിയ കൊട്ടിഘോഷങ്ങളുമായി ഭൂമി പതിച്ചു നൽകിപ്പോയവർ നിയമത്തിന്റെ
നൂലാമാലകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന പട്ടയമെന്ന സ്വപ്നത്തെക്കുറിച്ചും,
'കരമടച്ച രശീതി' എന്ന സമ്പ്രദായത്തെ
കുറിച്ചും ബോധപൂർവം മറന്നതാവാം, പലർക്കും ലഭിച്ചതാവട്ടെ
കൈമാറാൻ കഴിയാത്ത ഭൂമിയും. വനാവകാശ രേഖ എന്ന ഉടമസ്ഥത
തെളിയിക്കുന്ന രേഖയും ഒരു സർക്കാര്‍ ഇടപാടുകൾക്കോ ബാങ്ക് ഇടപാടുകൾക്കോ
ഉപയോഗിക്കാനാവാതെ കേവലമൊരു പ്രഹസനം മാത്രമായൊതുങ്ങി.
ചുരുക്കത്തിൽ, കാടിന്റെ
സമ്പന്നതയും സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിച്ചുപോന്ന ഒരു ജനതയെ 'ഠ' വട്ടത്തിൽ തളച്ച് ജീവിതം നിഷേധിക്കുമ്പോൾ
അതിനെന്തു ന്യായീകരണം? ദാനം കൊടുക്കുമ്പോൾ അനുബന്ധമായി
നിയമത്തിന്റെ അഴിയാക്കുരുക്കുകൾ കൂടി ചാർത്തികൊടുക്കുന്ന നമ്മുടെ ഭരണകൂടങ്ങൾ
ഫ്യൂഡൽ സംവിധാനത്തിന്റെ ശേഷിപ്പുകൾ തന്നെ. സ്വാതന്ത്ര്യവും
അതിന്റെ അനുബന്ധങ്ങളും വാക്കുകളിൽ ഒതുങ്ങുമ്പോൾ നിരാശ്രയരായ ഈ ജനങ്ങൾ ആരോട്
പരാതിപ്പെടാൻ? ആരുടെ സഹായം തേടാൻ?

ഈ സാമ്പത്തിക സാമൂഹിക വ്യവസ്ഥിതി ഇവർക്ക് നിഷേധിക്കുന്ന അവസരങ്ങള്‍ ചെറുതല്ല. ഉന്നത വിദ്യാഭ്യാസവും ഉദ്യോഗവുമെല്ലാം ഇവർക്ക് അപ്രാപ്യമായ സ്വപ്നങ്ങള്‍ മാത്രം. വിശപ്പിനെ ചെറുത്തുനില്ക്കാന്‍ സ്ഥിരവരുമാനവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമെന്ന ഇവരുടെ സ്വപ്നം ഏതു സാഹചര്യത്തിലും നീതീകരിക്കാവുന്നവ തന്നെയല്ലേ?


വികസന പദ്ധതികൾ കുറച്ചുകൂടി സമഗ്രവും
പ്രായോഗികവും ആകേണ്ടിയിരിക്കുന്നു. ആരെ ഉദ്ദേശിച്ചാണോ ഈ
പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത്, അവരുടെ സാഹചര്യം, സംസ്കാരം, പാരമ്പര്യം, പരമ്പരാഗത തൊഴിൽ തുടങ്ങിയവയെല്ലാം കണക്കിലെടുത്തായിരിക്കണം; പറിച്ചു നടലിനെക്കാളും പുനരധിവാസത്തെക്കാളും അവർക്കിണങ്ങുന്ന
വികസനമാതൃകകളാണ് ആവിഷ്കരിക്കേണ്ടിയിരിക്കുന്നത്; ഈ
പ്രക്രിയയിൽ അവരുടെ പങ്കാളിത്തവും താത്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതും
പ്രധാനമാണ്. നിലനില്ക്കുന്ന സാഹചര്യങ്ങളിൽ മെച്ചപ്പെട്ട
ജീവിതം നയിക്കുന്നതിന് ഉതകുന്നതാവണം നമ്മുടെ വികസനപദ്ധതികൾ. ഗോത്ര സംസ്കാരങ്ങളുടെ തനിമയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് തന്നെയാണ്
ഈ വിവേചനങ്ങൾ ഇല്ലാതാക്കപ്പെടേണ്ടത്. സാമൂഹ്യ ജീവികളായ
നമ്മുടെയൊക്കെ ചിന്തകളിലെ, ആശയങ്ങളിലെ, കാഴ്ചപ്പാടുകളിലെ പുരോഗമനപരമായൊരു മാറ്റം ഇവരെ സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക് എത്തിക്കുവാൻ സഹായാകരമാകും. ഒരു
മാറ്റം, അതൊരു അനിവാര്യതയാണ്, അതെന്തുകൊണ്ട് എത്രയും നേരത്തെ ആയിക്കൂടാ??
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ
പുനരധിവസിപ്പിക്കപ്പെട്ട 'മുതുവാൻ' വിഭാഗത്തിലെ
ആദിവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ. വനാവകാശ രേഖ
എന്ന ഉടമസ്ഥത തെളിയിക്കുന്ന രേഖ പലപ്പോഴും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്
ആധികാരിക രേഖയായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ അർഹിക്കുന്ന അവസരങ്ങളും
ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുന്നു. ദാർശനികരുടെ
വിഭാവനത്തിലെ ചെറിയ വിള്ളലുകൾ സാരമായി ബാധിക്കുന്ന ഒരു ജനതയ്ക്കായ്
സമർപ്പിച്ചുകൊണ്ട് .....