Monday, 1 July 2013

ഇന്റിമേറ്റ്‌



ചില വ്യക്തികളും ബന്ധങ്ങളും ആത്മാവിന്റെ ഭാഗമാകുന്നത് പലപ്പോഴും നാം പോലുമറിയാതെയാണ്....അടർത്തിമാറ്റാനാവാത്ത ആത്മബന്ധങ്ങൾ; അവ പലപ്പോഴും ആത്മ നൊമ്പരങ്ങളുമാകുന്നു... പിരിഞ്ഞിട്ടും മനസുകൊണ്ട് അകലാത്ത എത്രയോ സുഹൃത്തുക്കൾ , എത്രയോ ബന്ധങ്ങൾ, പ്രണയങ്ങൾ. ഓർമകൾക്ക് മാധുര്യമേകുന്ന നോവിന്റെ സ്മൃതികൾ ....

എന്റെ മുൻപിൽ ബസ്സിൽ കണ്ട ആ മധ്യ വയസ്ക ഇപ്പോഴുമുണ്ട്...ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള ബസിൽ തിരക്കിനും വളവു തിരിവുകൾക്കുമൊപ്പം ചാഞ്ഞും ചരിഞ്ഞും സർക്കസ്‌ നടത്തുമ്പോൾ അശ്രദ്ധമായ് കണ്ണിൽ പെട്ടതാണവർ . തേച്ചു മടക്കിയ വടിവൊത്ത കോട്ടണ്‍ സാരിയിൽ ജ്വലിക്കുന്ന പ്രൌഡ മുഖം. എങ്കിലും കണ്ണുകളിൽ എന്തോ ഒരസ്വാസ്ഥ്യം...ചേർത്തു പിടിച്ചിരിക്കുന്ന ബാഗും കുടയും. എന്റെ തൊട്ടു മുൻപിലെ സീറ്റിൽ ആണവർ ഇരിക്കുന്നത്. ഇടയ്ക്ക് ബാഗ്‌ തുറന്നു മൊബൈൽ കൈയ്യിലെടുത്തു. സ്കൂൾ ബസ്‌ കിട്ടാതെ സമയം തെറ്റി വീട്ടിലെത്താൻ വൈകുന്ന കുഞ്ഞുങ്ങളെ കുറിച്ചോ, പ്രായാധിക്യത്താൽ വലയുന്ന മാതാപിതാക്കളെകുറിച്ചോ ഉത്കണ്ഠാകുലയാണ് അവരെന്ന് തോന്നി.... നഗരജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ താളം തെറ്റുന്ന കുടുംബബന്ധങ്ങൾ ....

ഞാൻ എന്നെ തന്നെ പഴിച്ചു...അന്യന്റെ സ്വകാര്യതയിൽ കൈ കടത്തി നിഗമനങ്ങൾ തേടുന്ന എന്റെ സ്വഭാവം എന്നാണ് മാറുക....കാണുന്ന ഓരോമുഖങ്ങൾക്കും ഭാവനക്കനുസരിച്ച് പേരും സാഹചര്യങ്ങളും കല്പ്പിച്ചു നല്കി കഥകൾ നെയ്യാൻ ഞാനാര്?

കയ്യിലെടുത്ത മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന പേരുകളിലൂടെ അവർ പല തവണ എന്തോ തിരഞ്ഞു നടന്നു...അവസാനം ഏതോ ഒരു നമ്പർ നോക്കി കുറച്ചു നേരം നിശ്ചലയായി ഇരുന്നു...കണ്ണുകൾ അപ്പോഴും ആ പേരിലും നമ്പറിലും തന്നെ...പിന്നെ സാവധാനം ആ കോണ്‍ടാകറ്റ് ഓപണ്‍ ചെയ്ത് നമ്പർ മാത്രം ഡിലീറ്റ് ചെയ്തു...പേര് കൂടുതൽ വ്യക്തമായി..."ഇന്റിമേറ്റ്‌ " ഒരുപാട് അടുപ്പമുള്ള ആരോ ഒരാൾ...അഗാധമായൊരു സ്നേഹബന്ധം... അല്ലെങ്കിൽ അടുത്തറിയുന്ന ആരോ ഒരാൾ, അതുമല്ലെങ്കിൽ ഉറ്റചങ്ങാതി...അതാരായിരിക്കും...??? എന്നിലെ സഹജമായ കൌതുകം വീണ്ടും തലപൊക്കി... പ്രിയപ്പെട്ടതെന്തോ നഷ്ടമായ വേദന അവരുടെ കണ്ണുകളിൽ... ഏറെ നേരം ഫോണ്‍ നമ്പർ ഇല്ലാത്ത പേരിലേക്കുനോക്കിയിരുന്നു അവസാനം മടിച്ചു മടിച്ചു അവരതും ഡിലീറ്റ് ചെയ്തു.... ഫോണ്‍ ഓഫ്‌ ചെയ്തു പെട്ടന്നു തന്നെ ബാഗിലേക്ക് വച്ചു. കണ്ണുകളടച്ചു സീറ്റിലേക്ക് ചാരിയിരുന്ന അവരുടെ മുഖത്തേക്ക് ഞാൻ ഒന്നുകൂടെ നോക്കി....

മനസുകൊണ്ട് പ്രിയ്യപ്പെട്ടവർ അകലുമ്പോൾ ഉണ്ടാകാവുന്ന വേദനയോർത്ത് ഞാൻ എന്റെ ചിന്തകളിലേക്ക് പിൻവാങ്ങി . അടർത്തിമാറ്റാനാവാത്ത ആത്മബന്ധങ്ങളും സ്നേഹബന്ധങ്ങളും എനിക്കുമുണ്ടല്ലോ.... മറ്റാരും അറിയാതെ എന്നോട് ചേർത്തുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നവ.... സങ്കടങ്ങളിലും സന്തോഷങ്ങളിലും ഞാൻ ചെന്നണയുന്ന അഭയകേന്ദ്രങ്ങൾ....കോരിച്ചൊരിയുന്ന തുലാവർഷ രാത്രികളിലും, ശരത്കാല നിലാവിലും ഒളിച്ചും ഒളിക്കാതെയുമൊക്കെ കഥകൾ പറഞ്ഞു നേരം വെളുപ്പിച്ച എത്രയോ രാവുകൾ....പാതിരാവിലെ എന്റെ വട്ടുകൾ കാതോർത്തു കേൾക്കുന്ന പ്രിയ ചങ്ങാതിമാർ ....പരസ്പരം ഇണങ്ങിയും പിണങ്ങിയും അന്യോന്യം താങ്ങുതടികളാകുന്ന സൌഹൃദങ്ങൾ. ഇന്നുവരെ അവർ നഷ്ടമാകുന്ന നിമിഷത്തെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല . നാളെ ഇതിനെല്ലാം വില ക്കുകൾ വന്നാൽ?

ജീവിതത്തിൽ പരസ്പരം ഓരോരുത്തർക്കും ഓരോ കാലത്തും ഓരോരോ കടമകൾ, കർത്തവ്യങ്ങൾ. അവനവന്റെ നിയോഗങ്ങൾ പൂർത്തിയാക്കി വേർപിരിയുന്ന കൈവഴികളാണല്ലോ ബന്ധങ്ങൾ. ഒരുപക്ഷെ എന്റെ ജീവിതത്തിൽ അപരിചിതയായ ഈ സ്ത്രീയുടെ നിയോഗം പേരിട്ടു വിളിക്കുന്ന ബന്ധങ്ങളുടെ അർത്ഥശൂന്യത എന്നെ അറിയിക്കുക എന്നതാവാം..

എന്റെ മനസ്സിലെന്നും അളവുകളില്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ്...അങ്ങനൊരു നാളാണ് എന്റെ സ്വപ്നം... പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും സമൂഹത്തിന്റെ വിലങ്ങുകൾ ഇല്ലാത്ത, ബന്ധങ്ങൾക്ക് പേരുനല്കി സാധൂകരിക്കേണ്ടതില്ലാത്ത ഒരുനാൾ ....പ്രിയപ്പെട്ടവരേയും ഇഷ്ടങ്ങളേയുമൊക്കെ മറ്റാർക്കും വേണ്ടി ത്യജിക്കേണ്ടതില്ലാത്ത നാൾ.

No comments:

Post a Comment