കഴിഞ്ഞ ദിവസങ്ങളിലെന്നോ ഒരു വിശ്രമവേളയിൽ സഹൃദയയായൊരു സഹപ്രവർത്തക മഴകാണാൻ ക്ഷണിച്ചു... മഴ ഞങ്ങളുടെ രണ്ടാളുടെയും ഇഷ്ടകാഴ്ച ആയതിനാലും എത്ര കണ്ടാലും കൊണ്ടാലും മതിവരാത്ത കൊണ്ടും ഓഫീസിലെ ഒരു ഒഴിഞ്ഞ മൂലയിൽ തുറന്നിട്ട ജനാലയിലൂടെ മഴ നോക്കി ഏറെ നേരം ഞങ്ങൾ നിന്നു. കാറ്റിനൊപ്പം ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയെക്കുറിച്ച് അവൾ വാചാലയായി... കടലിലെ മഴ, കരയിലെ മഴ, പുഴയിലെ മഴ അങ്ങനെ എത്ര എത്ര മഴയോർമ്മകൾ..
ഓർമ്മകൾ പുറകിലേക്ക് പോകും തോറും മഴയങ്ങനെ നിർത്താതെ പെയ്യുകയാണ്. വീടിനു മുൻപിലെ ഇളം തിണ്ണയിൽ മഴനോക്കി നില്ക്കുന്ന മൂന്നുവയസുകാരിയുടെ പെറ്റിക്കോട്ട് മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുന്നു... എങ്കിലും ഉത്സാഹം ഓടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴകാണാനാണ്.., ഒളിച്ചും പതുങ്ങിയും മഴയത്ത് കളിക്കുവാനാണ്. അമ്മയുടെയോ അച്ചമ്മയുടെയോ ഉച്ചത്തിലുള്ള ശകാരം കേൾക്കുമ്പോൾ ഇറയത്തുനിന്നും അവൾ ഓടി നടുമുറിയുടെ ഇരുളിൽ ഒളിക്കുന്നു...
പിന്നെ മഴയുടെ കൈ പിടിച്ചു പള്ളിക്കൂടത്തിന്റെ പടികൾ കയറിയത്.... പരിചിതമല്ലാത്ത വഴിയിലൂടെ അച്ഛന്റെ കയ്യും പിടിച്ച് കുടയിലിറ്റു വീഴുന്ന മഴത്തുള്ളികൾ കറക്കി തെറുപ്പിച്ച് നിറഞ്ഞൊഴുകുന്ന തോടുകളും വയൽവരമ്പുകളും കടന്നു, പെയ്ത്തു വെള്ളത്തിൽ കാലുകൾ കഴുകി വിദ്യാലയത്തിന്റെ പടി ആദ്യമായ് ചവിട്ടിയത്. ഒന്നാം ക്ലാസ്സിലിരുത്തി അച്ഛൻ യാത്ര പറയുമ്പോഴും കണ്ണുകൾ സ്കൂൾ മുറ്റത്താഞ്ഞു പതിക്കുന്ന മഴവെള്ളത്തിലായിരുന്നു. മുറ്റത്തെ വലിയ വാകയിൽ നിന്നും പൊഴിഞ്ഞ പൂക്കൾ മുങ്ങിയും പൊങ്ങിയും ഒഴുകി നടക്കുമ്പോൾ ആചാരം പോലുള്ള പതിവ് കരച്ചിലും അവൾ മറന്നു.
അക്ഷരങ്ങളും വാക്കുകളും കൂട്ടി വായിക്കാൻ പഠിച്ച നാൾ മുതൽ മനസ്സിൽ മായാതുള്ള ചിത്രമാണ് മഴയത്ത് വെള്ളം പൊങ്ങി മുറ്റത്തെത്തുന്നതും വെള്ളം മൂടി കിടക്കുന്ന കമുകിൻ തോട്ടത്തിലൂടുള്ള ചങ്ങാട യാത്രയും... മലമ്പ്രദേശത്തെ കുന്നിൻ മുകളിലുള്ള വീടിന്റെ മുറ്റത്ത് എങ്ങനെ വെള്ളം പൊങ്ങാൻ? വായിച്ചു കൂട്ടിയ ബാലസാഹിത്യ മാസികയിലെ ആ ഒരു രംഗം ഇന്നും നടക്കാത്ത സ്വപ്നമായി തുടരുന്നു. അല്ലെങ്കിലും വീടിനു മുൻപിൽ കമുകിൻ തോട്ടമല്ലല്ലോ, ഇടതൂർന്ന റബ്ബർ മരങ്ങൾക്കെങ്ങനെ കമുകാകാൻ കഴിയും.
അവളേക്കാൾ വേഗത്തിൽ വളർന്നത് ഒരുപക്ഷെ അവളുടെ അലസതയാവാം .... ഇടിവെട്ടി മഴപെയ്യുന്ന,തണുപ്പുള്ള കർക്കിടക ദിനരാത്രങ്ങളിൽ മൂടിപ്പുതച്ച് സ്വപ്നം കാണാൻ അവൾ ഇഷ്ട്പ്പെട്ടതും അതുകൊണ്ടായിരിക്കാം. തലപോലും പുറത്തേക്കിടാൻ മടിച്ചു, ഴകേട്ടു കിടക്കുമ്പോൾ ചിന്തകൾ കുത്തിയൊഴുകുന്ന മഴവെള്ളം പോലെ മെലിഞ്ഞും പരന്നും ഒഴുകി. മധ്യവേനലവധിക്കാലത്ത് പണിയില്ലാതെ മടിപിടിച്ചിരിക്കുന്ന വൈകുന്നേരങ്ങളിൽ മാനത്തുനിന്നും തട്ടും മുട്ടും കേട്ടുതുടങ്ങുമ്പോഴേയ്ക്കും മുറ്റത്തേയ്ക്കുള്ള പടികളിൽ മഴകാത്തിരുന്ന ദിവസങ്ങൾ മറവിക്കുമപ്പുറമാണ്. പടിഞ്ഞാറൻ മലകളിൽ നിന്നും അലറിക്കിതച്ചെത്തുന്ന കാറ്റ് ഒരൊറ്റ മാമ്പഴം പോലും വെറുതെ വിടില്ല... മാമ്പഴം പോലെ തന്നെ തൊടിയിലെ ഉണങ്ങിയ തെങ്ങോലകളും, റബ്ബർകായ്കളും, ചാമ്പകായ്കളും എന്ന് വേണ്ടാ കാറ്റിൽ കായ്കളോ, ഇലകളോ പൂക്കളോ പൊഴിയ്ക്കാത്ത ഒരൊറ്റ മരം പോലുമുണ്ടാവില്ല.. ഒടുവിൽ കാറും കോളുമടങ്ങി മഴ പിൻവാങ്ങുമ്പോൾ ചങ്ങാതിമാരോടൊപ്പം മരങ്ങൾ നിർത്താതെ പെയ്യുന്നത് കാണാനും മഴ നനച്ച മണ്ണിൽ കളിക്കാനും എന്തൊരു ഉത്സാഹമായിരുന്നു . മഴയിൽ കുളിച്ചു സുന്ദരിയായി നില്ക്കുന്ന ചെമ്പക പൂക്കൾ ഇപ്പോഴും ഓർമകളിൽ മായാതുണ്ട്.
ഓർമ്മകൾ കുറച്ചു കൂടി മുൻപോട്ട് കുതിക്കുമ്പോൾ തെളിയുന്ന നാട്ടിടവഴികൾ... സ്കൂൾ വിടുമ്പോഴൊന്നും മഴയുടെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല , പെട്ടന്ന് എവിടുന്നോ മാനം പിളർന്നു മഴത്തുള്ളികൾ വഴിയാകെ നനച്ചു .... കുട കൈയ്യിലില്ലാതെ, തോട്ടിറമ്പിലെ ചേമ്പില കുടയാക്കി മഴ നനഞ്ഞത് മറ്റൊരു മഴയോർമ്മ.... നഞ്ഞ ബാഗുമായി വീട്ടിലെത്തുമ്പോൾ മഴ ഓർമകളിൽ മാത്രമവശേഷിപ്പിച്ചു എന്റെ പ്രിയ ചെമ്പകത്തെ....
ഓർമകളിൽ വീണ്ടും മഴക്കാലങ്ങൾ അനവധി. മഴപെയ്തു തോർന്നപ്പോൾ വഴിയിലെ കുഴികളിൽ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ പേനയുടെ നിബ് ഊരി മഷികലക്കുന്ന രണ്ടു കുട്ടികൾ... ഇളവെയിലത്ത് വെള്ളത്തിനു മുകളിൽ ഏഴുവർണങ്ങളിൽ തെളിയുന്ന വിസ്മയ പ്രപഞ്ചം. ഓർമകൾക്ക് മാത്രമുള്ള, പഴകിയ, ആർദ്രമായൊരു ഗന്ധം പേറുന്ന ഗൃഹാതുരതസ്മരണകൾ ... കാലത്തിനൊപ്പം വഴികളും മാറുന്നു, കുട്ടികളുടെ മുഖം മാറുന്നു, ഒപ്പം മഴയും മഴയോർമകളും...
ഒരുപക്ഷെ ആ നാട്ടിലെ മഴയുടെ മാത്രം പ്രത്യേകതയാകാം , മഴ പെയ്യുക നാല് വശങ്ങളിൽ നിന്നുമാണ്..തുള്ളിക്കൊരുകുടം കണക്കെ മഴ വന്നു കുന്നുകളെയും താഴ്വാരങ്ങളെയും പൊതിയും....മഴയ്ക്കൊപ്പം എപ്പോഴും നേരിയ മഞ്ഞിന്റെ ആവരണം ഉണ്ടാകും.കുന്നിൻ ചരുവുകളിൽ മഴപെയ്യുന്നത് നോക്കിനിന്ന, പിന്നെ കുടമാറ്റി മഴയെ പ്രണയിച്ച 16 കാരി. സ്കൂൾ മുറ്റത്തെ നനഞ്ഞ കാൽപാടുകളിൽ നിന്ന് പ്രിയപ്പെട്ടവന്റെതുമാത്രം തിരഞ്ഞുപിടിച്ച് അതിനു മുകളിൽ ചവിട്ടി നടന്നവൾ...സ്കൂളിൽ എത്തുമ്പോൾ യൂണിഫോമും പുസ്തകങ്ങളും നനഞ്ഞിട്ടുണ്ടാവും.... പറയാതെ പോയ, മനസ്സിലൊളിപ്പിച്ച പ്രണയത്തെക്കാൾ മധുരമാണ് ആ മഴയ്ക്ക് .നീണ്ട സ്കൂൾ കെട്ടിടത്തിന്റെ ഓടിനുമുകളിൽ പെയ്യുന്ന മഴയെയെന്ന വ്യാജേന നോക്കിയിരുന്നത് ആരെയായിരുന്നു? മുറ്റത്തെ വാകയെയോ, മഴയെയോ.. അതോ...? രാത്രിയിൽ തുറന്നിട്ട ജാലകപടിയിൽ കത്തിച്ചുവച്ച മെഴുകുതിരി വെളിച്ചത്തിൽ മഴ പിന്നെയും പെയ്തു....
കാട്ടിലെ മഴ.... തണുത്ത കടൽക്കാറ്റേറ്റ് മഴ മേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു. കാടിരുണ്ടു... കാടിനുമുകളിൽ മഴയൊരനുഭവമായി പെയ്തിറങ്ങി... മഴകണ്ട്... മഴകൊണ്ട് കാടിനുള്ളിൽ തനിച്ചൊരു പെണ്‍കിടാവും... മഴയത്തു പൊഴിയുന്ന ഗുൽമോഹർ ഇതളുകൾ കാറ്റിൽ ശലഭങ്ങളെപോലെ പറക്കുന്നു. കത്തി ജ്വലിക്കുന്ന സൂര്യന്റെ വറുതിയിൽ നിന്നും ചൂടിൽ നിന്നും രക്ഷപെടാൻ സ്വർഗതുല്യമായിരുന്നു ആ മഴ... ചെറിയ നഷ്ടബോധത്തോടെ, വേദനയോടെ, കാടിനുള്ളിലെ ഒറ്റയടിപാതയിൽ ആരുടെയോ കാല്പാടുകൾ അവൾ തിരഞ്ഞു...
മഴ എരിയുന്ന ജീവിതയാഥാര്ത്യങ്ങളിളിലൊരു നനുത്ത സാന്ത്വനമായി; വേദനകളെല്ലാം മഴയോടൊപ്പം പെയ്തൊഴിയുകയായിരുന്നു. ഓരോ മഴയിലും പതിവ് തെറ്റാതെത്തുന്ന ഒരു സന്ദേശമുണ്ട് "കൊച്ചെ..ഇവിടെ മഴപെയ്യുന്നു.. നീയെവിടെയാണ്? ഇങ്ങുപോരെ... ഇവിടെ ഞാനുണ്ട്, മഴയുണ്ട്, കട്ടൻ ചായയുണ്ട്, അഷ്ടപദിയുണ്ട്... നമുക്കീ മഴ ഇവിടെ നനയാം" പിരിയാത്ത സഹയാത്രികയുടെ ഹൃദയത്തിന്റെ ഭാഷ... ഓരോ മഴ കാണുമ്പോഴും അവളെ ഓർക്കുന്ന കുറച്ചു ചങ്ങാതിമാർ... അവരോടൊപ്പം മഴയത്തുള്ള യാത്രകൾ അവളുടെ സ്വപ്നങ്ങളായിരുന്നു... അലസത പുതയ്ക്കുന്ന വൈകുന്നേരങ്ങളിൽ മഴയുടെ കൂട്ടുമായി ലക്ഷ്യമില്ലാത്ത യാത്രകൾ... ചിലപ്പോൾ നാട്ടിൻപുറത്തെ ചായക്കടകളിലും പുഴയോരങ്ങളിലും അവസാനിക്കുന്നവ. നനഞ്ഞു കുതിർന്നു തിരിച്ചെത്തുമ്പോൾ ലോകം കീഴടക്കിയ സന്തോഷം.
ജോലിത്തിരക്കിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ നട്ടം തിരിയുമ്പോൾ മഴകാണാൻ ക്ഷണിക്കുന്നൊരു കൂട്ടുകാരി... മഴയെ അവളെക്കാളധികം സ്നേഹിക്കുന്നവൾ , ഇടയ്ക്കെപ്പോഴോ ഗദ്ഗദം മുറിച്ച വാക്കുകൾ കൊണ്ടവൾ ചോദിച്ചു ' ഇടിവെട്ടി മഴപെയ്യുന്ന കർക്കിടക രാത്രിയിൽ ഏതോ തെരുവിൽ തനിച്ചായിപ്പോയ പെണ്‍കുട്ടിയുടെ ഭയം തനിക്കറിയുമോ...?' ആ ഭയവും വിഹ്വലതയും അവളെക്കാൾ മറ്റാർക്കാണ് മനസിലാവുക?
"ഇടവമാസ പെരുംമഴ പെയ്ത രാവിൽ കുളിരിനു കൂട്ടായ് ഞാൻ നടന്നു,
ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെൻ കാതിൽ പതിഞ്ഞു'
സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ മാത്രമായ് അവശേഷിച്ചപ്പോൾ ജീവിത വഴിയിൽ കൂരിരുട്ടിൽ , രാത്രിയിലെ ഇടിവെട്ടി പെയ്യുന്ന മഴയിൽ തനിച്ചായവളാണല്ലോ അവളും...
ഓർമകൾക്ക് വിരാമമിട്ട് വീണ്ടും സഹപ്രവർത്തകയുടെ വാക്കുകൾ.." എടോ ..., നമ്മൾ ഇങ്ങനെ മഴകണ്ടു നിൽക്കുന്നതിനെക്കുറിച്ചു താൻ എഴുതുമോ? സായാഹ്നങ്ങളിൽ കടലിൽ മഴപെയ്യുന്നത് നോക്കിയിരുന്ന ദിവസങ്ങളെക്കുറിച്ചവൾ ഓർത്തു... ഞാനത് സ്വപ്നം കണ്ടു. മഴ തോർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും. എനിക്കും അവള്ക്കും പിന്നെ പേരറിയാത്ത ഒരുപാട് പേർക്കും മഴ ഇങ്ങനെയൊക്കെ ആണ് , ഓർമകളും സ്വപ്നങ്ങളും വേദനകളും സാന്ത്വനങ്ങളുമാണ് ... അതുകൊണ്ട് തന്നെ തീവ്രമായി ഞങ്ങൾ മഴയെ പ്രണയിക്കുന്നു... കാത്തിരിക്കുന്നു.
No comments:
Post a Comment