"നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം "
നാട്ടിൻ പുറത്തിന്റെ നന്മയും വിശുദ്ധിയും ഹൃദയത്തിലേറ്റുമ്പോഴും നഗരക്കാഴ്ച്ചകളിൽ നിന്നും ഞാൻ മുഖം തിരിക്കാറില്ല. ചില നഗരക്കാഴ്ച്ചകൾ നാട്ടിൻപുറങ്ങളേക്കാൾ ആഴത്തിൽ മനസ്സിൽ പതിയുന്നു. വൈകുന്നേരങ്ങളിൽ നഗരത്തിരക്കുകളിൽ യാതൊരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിയുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ. എതിരെ വരുന്ന മുഖങ്ങളിലെ തിക്കും തിരക്കും കണ്ടും വീക്ഷിച്ചും സാവകാശം നടന്നു നീങ്ങുമ്പോൾ വാതോരാതെ സംസാരിക്കാൻ ചിലപ്പോൾ ചില സുഹൃത്തുക്കൾ ഒപ്പമുണ്ടാകും....മറ്റു ചിലപ്പോൾ തനിയേയും.....കലാലയ കാലം മുതൽ കൈമോശം വന്നു പോകാതെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട ശീലങ്ങളിൽ ഒന്ന്.
കോളേജിൽ നിന്നും നേരെത്തെയിറങ്ങി, സ്കൂൾ വിട്ടു കൂട്ടമായും ഒറ്റയ്ക്കും മടങ്ങുന്ന കുട്ടികൾ, ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള വഴി മദ്ധ്യേ അവശ്യസാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടുന്ന ഉദ്യോഗസ്ഥർ , അന്തിചന്തകളിൽ ആൾ തിരക്കേറുന്നതും കാത്തിരിക്കുന്ന വഴിയോര കച്ചവടക്കാർ , അവരുടെ കലപിലയും കലഹങ്ങളും... ഇവര്ക്കിടയിലൂടെ തിരക്കുകളില്ലാതെ ഞാനും... കണ്ടുനിൽക്കാൻ ഒട്ടേറെ കാഴ്ച്ചകൾ !!
പിന്നീട് ആ ചെറിയ നഗരം വിട്ടു പുതിയ നഗരത്തിൽ ചേക്കേറിയപ്പോഴും ഈ ശീലത്തിനു മാറ്റമൊന്നും വന്നില്ല. ഗണപതി കോവിലിൽ നിന്നും ഭജനകൾ ഉയരുമ്പോൾ, മുല്ലയും, പിച്ചകവും ചെണ്ടുമല്ലിയും മണക്കുന്ന വഴികളിലൂടെ, ഈ കാഴ്ച്ചകൾ കാണാനിറങ്ങുന്ന ഞാൻ പച്ചക്കറികളും പലചരക്കും കയറ്റിയിറക്കുന്ന മാർക്കറ്റുകളിലൂടെയും, തിരക്കേറി ആളുകൾ ബഹളം വയ്ക്കുന്ന സബർബൻ ട്രെയിനുകളിലൂടെയും ചൂടേറിയ കാപ്പി കടകളിലൂടെയും കയറി ഇറങ്ങി അവസാനം ചെന്നു നില്ക്കുക തണുത്ത കാറ്റടിക്കുന്ന റയിൽവേ ഓവർ ബ്രിഡ്ജി ലായിരിക്കും. അവിടെനിന്നുള്ള അസ്തമയവും സായം സന്ധ്യയുടെ നീല കാൻവാസിലെ ചിത്രവിരുതുകളും മറക്കാനാവാത്ത ഓർമകളാണ്. നമുക്ക് മുൻപേ വന്നവർക്കും, നമുക്ക് ശേഷം വരുന്നവര്ക്കും തിരക്കുകൾ മാത്രം... പൂക്കാരികളും, കുപ്പിവള കച്ചവടക്കാരും, പഴക്കച്ചവടക്കാരും എന്നുവേണ്ട ചിലപ്പോൾ എതിരെ വരുന്ന ഓരോ മുഖവും കണ്ടു പരിചിതമായിരിക്കും, ഒരു പുഞ്ചിരി നമുക്കായ് കരുതുന്നവർ, സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കി പോകുന്നവർ , ഇവര്ക്കെന്താ വട്ടുണ്ടോ എന്ന ഭാവത്തിൽ പരിഹാസച്ചുവയോടെ നടന്നു നീങ്ങുന്നവർ....ബഹുജനം പലവിധം തന്നെ!!
പിന്നെ ഇവിടെ എന്റെ നാട്ടിലെ ഈ കൊച്ചു(ി) നഗരത്തിൽ തിരക്കുകളുടെ ഭാഗമായും അല്ലാതെയും കുറച്ചു നാൾ.... ഇവിടുത്തെ തിരക്കുകളിൽ ചൊവ്വാഴ്ച തിരക്കാണ് എന്നിലെ കൗതുകത്തെ ആദ്യമുണർത്തിയത്, മറ്റു ദിവസങ്ങളിലെ തിരക്കുകൾ ഞാൻ കാണാതെ പോകുന്നതുമാവാം. പ്രാർത്ഥനയുടെ സഹായം തേടി വിശുദ്ധന്റെ മുൻപിലെത്തുന്ന ആയിരങ്ങൾ...ഇവരെ ആശ്രയിച്ചു ജീവിതം നയിക്കുന്ന മറ്റു കുറേപ്പേർ... ഒട്ടുനേരം ഈ തിരക്കിനൊപ്പം കൂടിയെങ്കിലും, ആൾക്കൂട്ടത്തിൽ തനിയെ നില്ക്കാനുള്ള ആഗ്രഹം പതിയെ തലപൊക്കി.
തിരക്കുകളിൽ നിന്നൊഴിഞ്ഞ്, വഴിയോരത്തൊരു മരത്തണലിൽ ഞാനെന്റെ ചിന്തകളെ അഴിച്ചുവിട്ടു... ഇവിടെയല്ലാവർക്കും തിരക്കോട് തിരക്ക് തന്നെ...
പതിവ് കാഴ്ചകൾക്കപ്പുറമൊന്നും കാണാതെ പോകുന്നവർ.... എന്റെ മുൻപിൽ ജോലിയിൽ വ്യാപൃതനായ ഒരു ചെരിപ്പുകുത്തിയും മെഴുകുതിരി കച്ചവടക്കാരനും... ഇടയ്ക്ക് പൊഴിയുന്ന മഴയോ, വാഹനങ്ങളും ജനങ്ങളുമുണ്ടാക്കുന്ന ശബ്ദ കോലാഹലങ്ങളൊ ഒന്നും അവരെ ബാധിക്കുന്നതേയില്ല . ചെരുപ്പുകുത്തിയുടെ നല്ല ദിവസങ്ങളിൽ ഒന്നായിരുന്നിരിക്കണം ഇന്ന്, അയാളുടെ മടിശീലയ്ക്ക് പതിവില്ലാത്ത കനം, പാവം മെഴുകുതിരി കച്ചവടക്കാരന്റെ ശുഭദിനമല്ല ഇന്നെന്നു തോന്നുന്നു.... ഏറെ നേരമായിട്ടും ആരും അയാളിൽ നിന്നൊന്നും വാങ്ങുന്നതേയില്ല. വാഗ്സാമർത്ഥ്യം കൊണ്ടാളുകളെ ആകർഷിക്കാൻ അയാളും മെനക്കെടുന്നില്ല. ഇതൊന്നും വിറ്റു പോകണമെന്ന് ഇയാൾക്കില്ലേ ആവോ? ലക്ഷണം കണ്ടിട്ട് ഒന്നും തന്നെ വിറ്റു പോയതായി തോന്നുന്നില്ല. സമയമെന്തായി എന്ന അയാളുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്...കച്ചവടം മതിയാക്കി പോകാനാണോ? ഇടയ്ക്കൊരു പെണ്‍കുട്ടി ഒരു കൂട് മെഴുകുതിരി വാങ്ങിപ്പോയി.... ഇത്ര തുച്ഛമായ വരുമാനം കൊണ്ടയാൾ എങ്ങനെയാണാവോ ജീവിക്കുന്നത്..?കുടുംബത്തിലെ അംഗസംഖ്യ കൂടുതലാണെങ്കിൽ ഇതുകൊണ്ടെന്താവാൻ? ചെരുപ്പുകുത്തിയെ കടാക്ഷിച്ച ഭാഗ്യം ഇയാളെ കണ്ടില്ല എന്നുണ്ടോ? ഇനി ഇത്തരമൊരു തിരക്ക് വരണമെങ്കിൽ ഒരാഴ്ച്ച കാത്തിരിക്കണം. അതുവരെ അയാളെന്തു ചെയ്യും.? എങ്ങനെ ജീവിക്കും?
കാഴ്ചകൾ മതിയാക്കി ഞാൻ നടന്നു തുടങ്ങി...എന്തോ ഒരു ഉൾവിളി പോലെ തിരിഞ്ഞു നടന്ന് ഒരു കൂട് മെഴുകുതിരി ഞാനും വാങ്ങി. മെഴുകുതിരി കൂടെന്റെ കൈകളിലേക്ക് നൽകുമ്പോൾ, ഒരു പക്ഷെ ദാരിദ്രം കൊണ്ടു തളർന്ന, അയാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ കൃതാർത്ഥയായി. അയാള്ക്കും മനസ്സിലായിട്ടുണ്ടാവും ഞാൻ വേണ്ടിയിട്ടല്ല മെഴുകുതിരി വാങ്ങിയതെന്ന്...
മറ്റുള്ളവരെ പോലെ നിശബ്ദമായ പ്രാർത്ഥനയോടെ പുണ്യവാളനു മുൻപിൽ തിരികത്തിച്ച് മടങ്ങുമ്പോൾ നമുക്കറിയാത്ത പരിചിതമല്ലാത്ത ജീവിതങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്തകളെല്ലാം..ഒരേ ലോകത്തെങ്കിലും അവനവന്റേതു മാത്രമായ തുരുത്തുകളിൽ ഒതുങ്ങുന്നവർ...നൈമിഷകമായ ബന്ധങ്ങളും പരിചയങ്ങളും ഒന്ന് ചേർന്ന് ഈ ഇത്തിരിപോന്ന ജീവിതം വ്യത്യസ്തമാക്കുന്നു. അടുത്ത ചൊവ്വാഴ്ച ഇനിയെന്ത് കാഴ്ച്ചയാണാവോ എനിക്ക് കരുതി വയ്ക്കുക?
No comments:
Post a Comment