പ്രിയ കൂട്ടുകാരി,
ഇന്ന് നീയെവിടെ എന്നെനിക്കറിയില്ല, നിനക്ക് സുഖമാണോ എന്നും... ഒരുപക്ഷെ നമ്മളെ തമ്മിലകറ്റിയത് കാലമാവാം....
ഏതോ ഒരു വഴിത്തിരുവില്‍ ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു, കാരണം ഇന്നും എന്റെ വഴികളില്‍ ഞാന്‍ തനിച്ചാണ്....എന്റെയും നിന്റെയും വഴികള്‍ ഒന്നാവുന്നത് ഞാന്‍ സ്വപ്നം കാണുന്നു...
“ഒരിക്കല്‍ നമ്മള്‍ ഒരുമിച്ചു പറഞ്ഞ വാക്കുകള്‍ ഇനി ഞാന്‍ തിരിച്ച് ചോദിക്കയ്ട്ടെ...
“What will you do when your dreams ask about me….?”
നിന്റെ സ്വപ്നങ്ങള്‍ എന്നെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ നീയെന്തുചെയ്യും?
“ഒരു മഴയില്‍ കുടചൂടി നനയാതെ നടന്നുപോയ വഴികളില്‍ ഇനി ഒരു തവണ നീ തനിച്ചു നടക്കുക, ഒപ്പം ഞാനില്ലാതെ....”
“ഒരു ബെഞ്ചിലെ ഒഴിഞ്ഞുപോയ എന്റെ സ്ഥലം വസന്തകാലം തേടിപ്പോയ പക്ഷിയുപേക്ഷിച്ചവലക്കൂടിനെ അനുസ്മരിപ്പിക്കുന്നുണ്ടാവം....
പക്ഷെ ഞാന്‍ നിനക്കായ് പൂക്കളും ഫലങ്ങളും ചേര്‍ത്തൊരു സമ്മാനവുമായി തിരികെ വരാം.”
എന്നാണ് ഇത് നമ്മള്‍ ഒരുമിച്ച് പറഞ്ഞത് എന്ന് ഓര്‍ക്കുന്നുണ്ടോ?
ഹോസ്റ്റലില്‍ നിന്നുള്ള വഴിയില്‍, ഒരു കുടയില്‍ പകുതി നനഞ്ഞും നനയാതെയും നമ്മള്‍ നടന്നപ്പോള്‍ അതാണെന്റെ ഓര്‍മ്മ.
ഒരു ചാഞ്ഞുപെയ്യുന്ന മഴയ്ക്കൊപ്പം നീയെന്‍റെ അടുത്തേയ്ക്ക് വന്ന നാള്‍ മുതല്‍ പറയേണ്ടിവരുമെന്നു നമ്മള്‍ പരസ്പരം മനസിലാക്കിയ വാക്കുകള്‍...
പക്ഷെ പരസ്പരം സമ്മാനിയ്ക്കാന്‍ പൂക്കളും ഫലങ്ങളും ചേര്‍ത്തൊരു സമ്മാനവുമായ് നമ്മള്‍ ഒരുമിച്ചു കൂടും, ഇനിയും...
ഇവിടെയിപ്പോള്‍ ഒരുമഴ ചാഞ്ഞും ചരിഞ്ഞും പെയ്യുന്നുണ്ട്...ഇടയ്ക്കിടെ എന്റെയീ വിശ്വവിഖ്യാതമായ മേശക്കരികിലേയ്ക്ക് എത്തി നോക്കുന്നുണ്ട്. ഇതുപോലെയുള്ള കുറെ മഴക്കാലങ്ങളും പിന്നെ പറഞ്ഞറിയിക്കാനാവാത്ത വേറെന്തൊക്കെയോ ചില കാഴ്ചകളും അനുഭവങ്ങളുമാണ് കലാലയ ജീവിതത്തില്‍ നിന്നും നഷ്ടമായത്. അറിയില്ല അതെന്താണെന്ന്??
നീ കവിത പറയുമ്പോള്‍, ഞാനത് സ്വപ്നം കാണുമ്പോള്‍ ....പറഞ്ഞറിയിക്കാനാവാത്ത ഒരു ലോകത്തായിരുന്നു. നമുക്കുവേണ്ടി, അല്ലെങ്കില്‍ ഇതുപോലുള്ള ഒരുപാട് പേര്‍ക്ക് വേണ്ടി നിര്‍മിച്ച ആ തീരത്ത് എത്തുമ്പോഴുള്ള സുഖം...ഇവിടെയിപ്പോള്‍ ഈ മഴ നനയാന്‍ ഞാന്‍ തനിച്ചല്ലേ ഉള്ളു...
ആ ചെമ്പകം ഓര്‍ക്കുന്നുണ്ടോ...അതിന്റെ ഒരു പൂവിനുവേണ്ടി എത്ര കൊതിച്ചിട്ടുണ്ട് നമ്മള്‍?ഓരോ മഴ കഴിയുമ്പോളും ഓടിചെന്നിട്ടുണ്ട് ഒരു പൂവിന് വേണ്ടി...ഒടുവിലതും വെട്ടിവീഴ്ത്തി...സോണിയ മിസ്സിന്റെ ജേര്‍ണലിസം ക്ലാസിലല്ലേ? നമ്മളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും എഴുന്നേറ്റു നോക്കിയത് ഓര്‍ക്കുന്നുണ്ടോ?
“നമുക്ക് വീണ്ടും ആ പഴയ ഡിസംബറിലേക്ക് മടങ്ങിവരാം, ചെമ്പകപൂക്കള്‍ ഇതളടര്‍ന്ന വഴിയിലൂടെ തനിച്ചു നടന്നു പോയവരെ ഓര്‍ക്കാം...ഒരു ഗസല്‍ പോലെ നീണ്ട മഴയില്‍ നനഞ്ഞ് തണുപ്പ് പുതച്ച് ഈ ഡിസംബറും കടന്നു പോകുകയാണ്....” ഇനി വരാന്‍ പോകുന്ന ഡിസംബറുകളില്‍ നമ്മളെവിടെയായിരിക്കും?
ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാത്തതുപോലെ...സത്യത്തില്‍ ആ കോളേജില്‍ തനിച്ചിരുന്ന് സംസാരിച്ച് തീര്‍ന്നിട്ടില്ല...പലരേയും മനസിലാക്കി കഴിഞ്ഞിട്ടില്ല, പലരോടുമുള്ള വെറുപ്പ് പ്രകടിപ്പിക്കാനായിട്ടില്ല...അങ്ങനെ ഒരുപാട് കാര്യങ്ങള്‍..
പിന്നെയൊന്നുള്ളത് കോളേജിനെ സംബന്ധിക്കുന്നതല്ല....അതെന്റെയൊരു ചിന്ന സ്വപ്നമാണ്...അതിനിനി അങ്ങ് രാജാക്കാട് വരെ വരണം..
നിന്റെയാ വിശ്വവിഖ്യാതമായ (എന്റെ മേശ പോലെ) ക്ലാസ്സ് റൂം കാണണം ...എന്തൊക്കെ പറയാനുണ്ടാവും അതിന്. പിന്നെയാ പുഴയിലോന്നു പോണം.., നിന്റെ കൃഷ്ണനെ കാണണം, [പറ്റുമെങ്കില്‍ കുറച്ച് പാല്‍പ്പായസം( my favourite payasam) കിട്ടുമോന്ന് നോക്കണം). പിന്നെ നിന്റെ പാടത്തും പറമ്പിലും കുറച്ചുനേരം കറങ്ങി നടക്കണം...അപ്പോഴേയ്ക്കും മഴ പെയ്തു തുടങ്ങിയിട്ടുണ്ടാവും...അന്നേരം നമുക്ക് ഒരു കുടയില്‍ നടക്കാനിറങ്ങണം. നടന്ന്... നടന്ന്...തണുപ്പ് അസഹ്യമാകുമ്പോള്‍ , ആ കടയില്ലേ, ആ വഴിയില്‍ കാണുന്ന ചെറിയ കട, അവിടെ നിന്ന് കട്ടന്‍ ചായയും പരിപ്പുവടയും കഴിക്കണം...അങ്ങനെ ചൂടായിക്കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും നടക്കും. നടന്ന്...നടന്ന്..നടന്നങ്ങനെ പോവണം. തിരിച്ചു വരാന്‍ തോന്നുമ്പോള്‍ മാത്രം തിരിച്ചു വന്നാല്‍ മതി...അതിനി എന്നാണാവോ നടക്കുന്നത്...
ഇനിയിപ്പോള്‍ സാദിച്ചില്ലെങ്കില്‍ വേണ്ടെന്നേ...നമുക്ക് നടക്കാനാണോ വഴിയില്ലത്തെ? നമ്മളെതിലെയെങ്കിലുമൊക്കെ നടക്കുന്നുണ്ടാവും ഒരുമിച്ച്...
പരസ്പരം സ്നേഹവും സൗഹൃദവും ഉണ്ടായിരിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നിടത്തോളം ഓരോ നല്ല സൗഹൃദവും നിലനില്‍ക്കും...സത്യത്തില്‍ ഇത് വരെ നിനക്ക് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. എങ്കിലും എനിക്ക് നിന്നോട് സ്നേഹമാണ്...നീയെനിക്ക് ഒരുപാട് കാര്യങ്ങളില്‍ ആശ്വാസമാണ്..നിന്റെ നാടെനിക്കൊരു സ്വപ്നമാണ്.
ഇവിടെ ചുമ്മാതിരുന്നു എനിക്ക് വട്ടായെന്ന് തോന്നുന്നുണ്ടോ? നീയെന്തെങ്കിലും വിചാരിക്ക്...
But I need your friendship…ചിലപ്പോള്‍ ചില ഉപദേശങ്ങള്‍ക്ക്...സ്നേഹത്തിന്, സൗഹൃദത്തിന്. വേറെ ചിലപ്പോള്‍ ഒരുമിച്ച് വല്ല കുഴിയിലും ചെന്ന് ചാടിയാല്‍ ഒരു കൈത്താങ്ങ് വേണ്ടേ...! വൈറസ് പിടിച്ച് നമ്മുടെ പ്രോജെച്ടും നമ്മളും കഷ്ടപ്പെട്ടത്...ദൈവമേ...ജന്മത്ത് മറക്കില്ല. എത്ര എത്ര വൈകുന്നേരങ്ങള്‍ നമ്മളാ പി ഓ യിലൂടെ ആധിപിടിച്ച് പരക്കം പാഞ്ഞു. ബട്ട് ആ ഓര്‍മ്മകള്‍ ഒക്കെയാണ് ഞാന്‍ എന്ജോയ് ചെയ്യുന്നത്...ഇനിയും അങ്ങിനെ നടക്കാന്‍ (ആധി പിടിച്ചല്ല) സാധിച്ചെങ്കില്‍...അറിയില്ല എന്താണ് വിധിച്ചിരിക്കുന്നതെന്ന്. ഇപ്പോഴെന്തൊക്കെയാണെന്നോ എന്റെ മനസിനുള്ളില്‍... എങ്കിലും അകലെയെവിടെയോ പ്രതീക്ഷയുടെ ഇത്തിരി വെട്ടം....
കൊതിയാവുകയാ എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് ദൂരേയ്ക്ക് പറന്ന് പോകാന്‍...എന്നെങ്കിലും സാധിക്കുമായിരിക്കും...എവിടെയായാലും എതവസ്ഥയിലായാലും
നമ്മുടെ സൗഹൃദത്തെപ്പറ്റി അധികമൊന്നും ഇതില്‍ എഴുതിപ്പിടിപ്പിക്കേണ്ടല്ലോ..അത് നമ്മള്‍ അറിഞ്ഞാല്‍ മതി...
ഒരുപാട് കാര്യങ്ങള്‍ നമുക്കിനിയും ഒരുമിച്ച് ചെയ്തു തീര്‍ക്കാനുണ്ട്. സ്വപ്നങ്ങളിലൂടെയും സത്യത്തിലൂടെയും ഒരുപാട് സഞ്ചരിക്കാനുണ്ട് ...
നിന്റെയാ വാക പൂത്ത വഴിയരികില്‍, മഴ നനഞ്ഞു കുതിര്‍ന്ന ചെമ്മണ്‍ പാതകളില്‍ നീ തനിച്ചാണെങ്കില്‍ ഞാനും കൂടെ വരട്ടെ...കാരണം ഇവിടെ ഞാനും തനിച്ചാണ്.
എന്റെ പാതകളും നിന്റെ പാതകളും ഒരുമിക്കുന്ന വഴികളിലൂടെ നമുക്ക് സഞ്ചരിക്കാം...ഏകാന്തമായ ഒറ്റയടിപ്പാതകളില്‍ പരസപരം ചൂണ്ടുപലകകളാവാം... ചതിക്കുഴികളില്‍ വീഴാതിരിക്കുവാന്‍ സൗഹൃദത്തിന്റെ ഊന്നുവടികളുപയോഗിക്കാം..കൈകള്‍ കോര്‍ത്ത് സഞ്ചരിക്കാം... എവിടെയെങ്കിലും ഒരു തണല്‍ മരം നമുക്കായ് നില്‍ക്കുന്നു എന്ന പ്രതീക്ഷയില്‍....
പൂക്കളും ഫലങ്ങളും ചേര്‍ത്തൊരു സമ്മാനവുമായ് നമ്മള്‍ വീണ്ടും ഒരുമിയ്ക്കുന്നത് വരെ ....കാത്തിരിക്കുന്നു ഞാന്‍...”
No comments:
Post a Comment