Thursday, 20 June 2013

പ്രിയ ഡിസംബര്‍


പ്രിയ ഡിസംബര്‍ നിന്നെ ഞാനേറെ സ്നേഹിക്കുന്നു...നിന്‍റെ തണുത്ത പ്രഭാതങ്ങള്‍ എന്തെല്ലാമാണെനിക്ക് സമ്മാനിച്ചത്? എന്‍റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയതും ജീവിതത്തിനര്‍ത്ഥം നല്‍കിയതും നീയായിരുന്നു..
തനിച്ചുനടക്കുവാനേറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് നിന്‍റെ പ്രഭാതങ്ങള്‍ ഒരുപാടോര്‍മ്മകള്‍ സമ്മാനിച്ചിരുന്നു..ചെമ്പകപ്പൂമണമുള്ള എന്‍റെ ഗ്രാമ വീഥിയും വഴിയരികിലെ അമ്പലവും..പിന്നെ ഈ യാത്രകളില്‍ എന്‍റെ വഴിയുടെ മറുവശത്തുകൂടെ ഒരു വാക്ക്പോലും മിണ്ടാതെ ഏറെ നടന്ന എന്‍റെ പ്രിയ സുഹൃത്തും....പിന്നെ ഒരു തണുത്ത പ്രഭാതത്തില്‍ എന്നെ തേടിയെത്തിയ പ്രണയവും...
വൃശ്ചികത്തിലെ കാറ്റുപോലെയാണ്പ്രണയം എന്നാരാണ് പറഞ്ഞത് ... എനിക്ക് പ്രണയവും അനുഭൂതിയും എല്ലാംനീയാണ്. നിന്‍റെ തണുത്ത പ്രഭാതങ്ങള്‍..അസ്തമയ സൂര്യന്‍റെ സിന്ദൂരച്ചവി ആകാശത്തുതൂവുന്ന  നിന്റെ സായം സന്ധ്യകള്‍ ...പ്രകൃതിയിലെ ഏറ്റവും വലിയ ചിത്രകാരന്‍ നീയല്ലാതെ മറ്റാരാണ്...നിന്‍റെ നിറച്ചാര്ത്തുകള്‍ എന്നെ എന്നും മോഹിപ്പിക്കാറുണ്ട്, പുല്‍ക്കൊടി തുമ്പില്‍ നീ എനിക്കായ്‌ ഹിമകണമൊരുക്കി...മഞ്ഞിന്‍റെ ആര്‍ദ്രത...നീലാകശത്തിന്‍റെ കുളിര്‍മ്മ, പിന്നെ തളിരിലകളുടെ ജീവന്‍, പ്രണയത്തിന്‍റെ സിന്ദൂരം,  നീ എനിക്കെന്നുമൊരു വിസ്മയമായിരുന്നു.സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ വാത്സല്യത്തിന്‍റെ നിറഞ്ഞ ഭാവമായിരുന്നു....

ഡിസംബര്‍ നിനക്കറിയുമോ...
നീയെത്ര പ്രിയപ്പെട്ടതാനെണെനിക്കെന്ന്?
എന്റെ ഇഷ്ടങ്ങളെ എന്നും ഏറ്റവും
പ്രിയപ്പെട്ടതാക്കിയത് നീയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ നീയെനിക്കെന്‍റെ
പ്രണയം സമ്മാനിച്ചു...
എന്‍റെ സ്നേഹത്തെ മഞ്ഞു പുതപ്പിച്ചു
എന്‍റെ സൗഹൃദങ്ങള്‍ക്ക് നീഹാര സ്നിഗ്ദധത
പകര്‍ന്നതും നിന്‍റെ പുലര്‍ വേളകളായിരുന്നു!
നിന്‍റെ തണുത്ത പ്രഭാതങ്ങളില്‍ ,
തനിച്ചിരിക്കുവാനും ആര്‍ദ്രമായൊരു
കര സ്പര്‍ശനത്തിനും ഞാന്‍ കൊതിച്ചു
മഞ്ഞു തുള്ളികളില്‍ ലോകം പ്രതിബിംബിച്ച
കോട പ്രഭാതങ്ങളില്‍ ചെമ്പക പൂക്കളിതളടര്‍ന്നു
വീണ വഴികളിലൂടെ ഞാനേറെ തനിച്ചുനടന്നിരുന്നു
നിന്‍റെ തണുത്ത സന്ധ്യകളില്‍ ചക്രവാള-
ത്തിലേക്കെത്തിനോക്കാന്‍, വാരി വിതറിയ
സിന്ദൂരച്ചായ കൈക്കുടന്നയിലൊതുക്കാന്‍
ഞാനേറെ മോഹിച്ചു...
നീളമേറിയ നിന്‍റെ രാത്രികളില്‍ മിഴി ചിമ്മുന്ന
താരകളും, നീലാകാശവും ശിശിരകാല ചന്ദ്രനും
എന്‍റെ സഹായാത്രികരായ്‌ ഉറങ്ങാതൊട്ടേറെ
കിനാക്കള്‍ പങ്കുവച്ചു ....
ഡിസംബര്‍ നിന്നെയെനിക്കേറെ ഇഷ്ടം....
വസന്തകാലത്തിലെ കാറ്റിനെക്കാളും
നിന്‍റെ തണുത്ത പ്രഭാതങ്ങളും
സായന്തനങ്ങളും എന്‍റെ സ്നേഹിതര്‍....
നിന്‍റെ വിളറിയ വസന്തങ്ങള്‍
എന്‍റെ മനസ്സുപോലെ ...ഉള്ളിലെ മകരന്ദം
മഞ്ഞുതുള്ളിയിലൊളിപ്പിച്ച്, മറച്ചുവച്ച്...

വിടപറയാന്‍ മടിക്കുന്ന പ്രഭാതങ്ങളെ വിട
കൊഴിയാന്‍ തുടങ്ങുന്ന വെള്ള ചെമ്പക-
പൂക്കളെ ഇനിയെത്ര നാള്‍!
ഋതു ചക്രം തിരിഞ്ഞു പ്രിയ ഡിസംബര്‍;
ഒരിക്കല്‍ കൂടി..., ഇടവേളകളെ ചെറുതാക്കി
നിമിഷ ദൈര്‍ഘ്യങ്ങളെ നിഷ്പ്രഭമാക്കി
തണുപ്പ് പുതച്ചെത്തുമോ....



No comments:

Post a Comment