Tuesday, 1 January 2013


അമ്മ പോയി...
യാത്രപറഞ്ഞ് അനുഗ്രഹിച്ചയച്ചതിനു
ദിവസങ്ങള്‍ക്ക് ശേഷം...
ആരോടും ഒന്നും പറയാതെ...
ഒന്നും അവശേഷിപ്പിക്കാതെ...
വളരെ വൈകി പടികയറി വന്നപ്പോള്‍
ഒര്മയിലോര്‍ത്തു വയ്ക്കാനൊരു മുഖം മാത്രം
കുറെ നന്മകളും സ്നേഹവും മാത്രം

വീടുറങ്ങി, മരണത്തിന്‍ തണപ്പതി നിറഞ്ഞു
ബന്ധങ്ങളില്‍ പോലും...
പഴയ അലമാരയില്‍ അലക്കിയടുക്കിയ
പഴന്തുണികള്‍ക്ക് ആരോ
വഴിയിലുപേക്ഷിച്ചു പോയ ഗന്ധം
ആര്‍ദ്രത...
കനച്ച എണ്ണ മണക്കുന്ന തലയിണയ്ക്കും
ഏറെ അപരിചിതത്വം....

പ്രാര്‍ത്ഥനയുടെ പുണ്യമകന്നു,
വെളിച്ചെണ്ണയില്‍ പരുത്തി കത്തിച്ചു തെളിച്ച
തിരിനാളത്തിനു പഴയ ചൈതന്യമില്ല
നാമജപങ്ങളില്‍ പഴയ വിശ്വാസമില്ല

ശൂന്യമാണ് ഇന്നെന്റെ വീട്
സ്നേഹശൂന്യം...
നന്മകളെല്ലാം അമ്മയ്ക്കൊപ്പം
തെക്കേ മുറ്റത്തെ ചിതയിലെരിഞ്ഞു...
ചാണകം മെഴുകിയ തരയിലൊരു
വാഴയിലയില്‍ ഒരു പിടി ഉദകത്താൽ
പുത്രകളത്രാദികളത്രയും പാപങ്ങള്‍ക്ക്
മാപ്പിരന്നു...എന്ത് ഫലം?
നേരത്തെ പോയതെന്റെ അമ്മയുടെ പുണ്യം...

നാവിന്‍ തുമ്പിലെവിടെയോ പഴയൊരു
ഉപ്പ് മാങ്ങ ചമ്മന്തിയുടെ സ്വാദ്
നെറ്റിയില്‍ നീട്ടി വരച്ചു തന്ന ചന്ദനത്തി കുളിര്‍മ
പാല് കൂട്ടിയെടുത്ത ചായയ്ക്ക് കായ്ക്കുന്ന മധുരം
വിട്ടു പോകാതതു നാവില്‍ പടരുന്നു
പഴയ തുണികളില്‍ എന്റെ കുട്ടിപാവാടകള്‍
വിളക്കിന്‍ ചുവട്ടിലായ്‌ ഏറെക്കാലത്തെ
പ്രസാദവും പൂക്കളും...
കരഞ്ഞില്ല ഞാന്‍, കൂടുതലെന്തിനോ തിരഞ്ഞു
അവസാനം, നടുമുറിയിലെ അലമാരയിലെനിക്കായ്‌
കരുതിയ മൻജാടി മണിക
കുറേ പഴയ നാണയങ്ങള്‍, ചില്ല് കുപ്പികളില്‍
കാച്ചെണ്ണയുടെ തണുപ്പ്....
ഒരമ്മ മകള്‍ക്കായ്‌ സൂക്ഷിച്ച അവസാന സമ്മാനങ്ങള്‍...
പഴയ ഭരണികളില്‍ ഇനി ഉപ്പുമാങ്ങയില്ല
മാവും പണ്ടേ വെട്ടിമാറ്റിയല്ലോ...
പടര്‍ന്ന പുല്ലുകളില്‍ ഇനി മനജ്ജാടി മണികളില്ല
എനിക്കായത് പെറുക്കുവാനുമാരുമില്ല
രാവിലെ നാമജപമില്ല വൈകുന്നേരങ്ങളില്‍
അടിച്ചു തളിച്ച് തിരി തെളിക്കനാളില്ല..
എന്നെ കാക്കുന്ന പ്രാര്‍ത്ഥനകളില്ല
അടുപ്പത്തു വേകുന്ന പുഴുക്കിന് പഴയ സ്വാദില്ല
സ്നേഹത്തി ചേരുവയില്ല...
പഴയപോലിനിയാരും സഹായങ്ങള്‍ ചോദിച്ചെത്തില്ല
പടിഞ്ഞാറേ തിണ്ണയില്‍ നാട്ടു വര്‍ത്തമാനം
പറഞ്ഞിരിക്കില്ല, അമ്മൂമ്മ കഥകളിനിയാരും കേള്‍ക്കില്ല

മ്മകളിലാരോ നിര്‍ത്താതെ മഴപെയ്യുന്ന
കര്‍ക്കിടക രാവുകളി പുകയുന്ന അടുപ്പി
തീ പകര്‍ന്നു മുത്തശ്ശി കഥകള്‍ പറയുന്നു,
എല്ലാരുമുറങ്ങി കഴിഞ്ഞിട്ടും അവസാന
 പാത്രവും മോറിയടുക്കുന്നു..
ഉമ്മറത്തരു മാലയില്‍ അലങ്കരിച്ചചിത്രത്തിന്
ജീവനുണ്ടായിരുന്നു എന്ന് പോലും മറന്നു
അമ്മയൊരു ചിത്രം മാത്രമായി
അല്ലെങ്കില്‍ ആറടി മണ്ണിലെ നവധാന്യത്തി
കാട് കയറിയതെങ്ങനെ?
തുളസിതറയിലെ തിരിയണഞ്ഞതെങ്ങനെ?
ഒരുവിളിയിലാരും ഓടി വന്നെന്റെ വീടിന്‍റെ
വാതിലൊന്നു തുറക്കാന്‍ മടിച്ചതെങ്ങനെ?
വൈകിയെത്തിയ അതിഥിക്ക് ഒരുനേര
മൊന്നും വിളമ്പുവാനില്ലാതെ വന്നതെങ്ങനെ?





No comments:

Post a Comment