രാത്രികൾ നക്ഷത്രങ്ങളുടേതായിരുന്നു;
പ്രണയം നക്ഷത്രമാണെന്നുറച്ച്,ജാലക
ചില്ലിലെ ഇത്തിരി ആകാശ ചുവരിലെ
നക്ഷത്രങ്ങളെ നോക്കുവാനായിരുന്നു.
രാത്രി, കാറ്റിനും കവിതയ്ക്കും മഴയ്ക്കും
നിലാവിനും മഞ്ഞിനും കുളിരിനും
പകുത്തു നല്കിയതായിരുന്നു...
രാത്രി,മിന്നാമിനുങ്ങുകളുടെ ഇത്തിരി
വെട്ടത്തിൽ പൂക്കള വിരിയുന്നത്
കാത്തിരിക്കുവാനായിരുന്നു...
രാത്രി സൗഹൃദങ്ങളുടെതായിരുന്നു
പാതിമയക്കതിലാരോ ' കൊച്ചേ -
നീയുറങ്ങിയോ ?'എന്ന് വിളിച്ചുണർത്തി
ചോദിക്കുമ്പോൾ, ഉറക്കമില്ലായ്മ പങ്കു-
വച്ച് കഥകൾ പറയുവാനായിരുന്നു
രാത്രി വായനയുടേതായിരുന്നു ...
തറയിൽ വിരിച്ച പുൽപായിൽ പുസ്തകങ്ങൾ
നിരത്തി അഷ്ടപദിയുടെ പിന്നണിയോടെ
ഭിത്തിയിൽ ചാരിയിരുന്നു അക്ഷരങ്ങളിൽ
കണ്ണുംനട്ട് നേരം പോക്കുവാനായിരുന്നു
രാത്രികൾ സ്വപ്നങ്ങളുടേതായിരുന്നു
ജന്മാന്തരങ്ങൾക്കിപ്പുറവും, സ്വപ്നമെന്ന
പോൽ വഴിപിരിഞ്ഞ ആരോ പുനർജ്ജന്മം
നേടി, തേടി വരുമെന്ന കനവായിരുന്നു
രാത്രികളിലെ വശ്യ സൗന്ദര്യം ...
പിന്നെയൊരുനാൾ,
രാത്രികൾ കാത്തിരുപ്പിന്റെതായി...
പങ്കിടലിന്റെയും;പിന്നെയൊരു രാക്കനവുപോൽ
രാത്രികൾ കണ്ണുനീരിന്റെതായി, പങ്കിടാത്ത
വേദനകളുടെ കുറ്റബോധത്തിന്റെയും....
പാപങ്ങളാരാണ് പകുത്തുതന്നത് ?
പകലണയുവോളം കാത്തിരുന്ന്
രാവണയുമ്പോൾ മനസ് കൊതിയ്ക്കുന്നു ...
ആഗ്രഹങ്ങൾ പാപമോക്ഷം നേടിയ
അപ്പൂപ്പന്‍ താടിപോൽ കാറ്റിലുയരുന്നു
ഉറങ്ങിയും ഉറങ്ങാതെയും പകലെത്തുമ്പോൾ
മനസ് വീണ്ടും രാവിനായി കാത്തിരിക്കുന്നു
തെറ്റ് മനസിന്റെയോ? രാത്രിയുടെയോ?
No comments:
Post a Comment