ഓർമ്മകളിൽ, ഒരുപാടു മഴക്കാലങ്ങളുടെ ഇടവേളകളിൽ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാഴ്ചയുണ്ട്, ഓരോ മഴക്കാലത്തോടൊപ്പവും ഓർമ്മകളിൽ തെളിയുകയും നേരിൽ മങ്ങുകയും ചെയ്യുന്നൊരു കാഴ്ച്ച...
പുലർച്ചെ, മറ്റാരും ഉണരും മുൻപേ ഉറക്കമെഴുന്നേറ്റ്, മഴയേയും മഞ്ഞിനേയും തണുപ്പിനേയും വകവയ്ക്കാതെ,മുറ്റത്തെ മന്ദാരചുവട്ടിൽ നിന്ന് ആരും കാണാതെ, മറ്റാർക്കും പങ്കുവയ്ക്കാതെ ഞാൻ മാത്രം മനം നിറയെ കണ്ടിരുന്ന കാഴ്ച്ച.
അന്നൊക്കെ മഴ കനക്കുമ്പോൾ പുഴയ്ക്ക് ആഴവും വണ്ണവും കൂടുമായിരുന്നു. പാറക്കെട്ടുകളെ മൂടി,വെള്ളിച്ചിലങ്കയണിഞ്ഞ പെണ്ണ് പരിസരം മറന്നു കുതിച്ചൊഴുകും. രാവേറെച്ചെല്ലുംവരെ നിർത്താതെ പെയ്ത മഴയുടെ എല്ലാ ആവേശവും അവളുടെ ഒഴുക്കിലും കാണാമായിരുന്നു. രണ്ടു മഴകളുടെ ഇടവേളയിൽ മരത്തലപ്പുകളെ മഞ്ഞു പുണരുമ്പോൾ, മഴത്തുള്ളികൾ ചുംബിച്ചു പാതി വിടർത്തിയ ഗന്ധരാജനും മുല്ലയും മന്ദാരവും ചെറുകാറ്റിൽ സൗരഭ്യം പൊഴിക്കുമ്പോൾ, പുലർകാലത്തെ തണുപ്പിൽ ഞാൻ എന്‍റെ പ്രിയ കാഴ്ച്ച കണ്ടു നില്ക്കും. മുറ്റത്തെ വെള്ളമന്ദാരചുവട്ടിൽ നിന്നാൽ കാണുന്ന കരകവിഞ്ഞൊഴുകുന്ന പുഴ.
എന്‍റെ ഉയരക്കുറവോ , ഉയരം കൂടിയ തെച്ചിപ്പടർപ്പോ പുഴയെ മുഴുവനായങ്ങനെ കാണാൻ സമ്മതിച്ചിരുന്നില്ല. മഴത്തുളളി കളുടെ ഭാരത്താൽ തെച്ചിയൊന്നു കുനിഞ്ഞു തന്നാൽത്തന്നെ തെച്ചിയിലെ മുല്ലവള്ളികൾ തീരെ സമ്മതിക്കില്ല. പുഴയുടെ കരുത്തും വെള്ളത്തിന്‍റെ കലമ്പലും എല്ലാം പുഴയെ അങ്ങനെ നോക്കികൊണ്ടേയിരിക്കാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
വേനലിൽ വെള്ളം വറ്റുമ്പോൾ നടുവിലെ വലിയ പാറയിൽ കയറിയിരുന്നു ഞാൻ തേൻപൂക്കളൊഴുക്കിയ പുഴയല്ലിത്... ചെറുകുഴികളിലെ മീനുകളെ ചിരട്ടയിൽ കോരിയെടുത്ത് ദിവസവും സ്ഥലം മാറ്റി കളിക്കുമ്പോൾ എന്നോട് കുശലം പറയാറുള്ള പുഴയുമല്ല. കുളിക്കാനെത്തുന്ന പെണ്ണുങ്ങൾ പറയുന്ന പായാരം കേട്ട് നാണിച്ചു തുരുത്തുകളെ വലംവച്ചൊഴുകുന്ന പുഴയുമല്ല.
ഇവളിങ്ങനെ കരയിലെ ആറ്റുവഞ്ചികളെ വേരോടെ ഒഴുക്കി മുന്നോട്ടു കുതിച്ച ഒരു സന്ധ്യയിലാണത്രേ അക്കരെ കടവിലെ മുട്ടോളം മുടിയുള്ള സുന്ദരിപ്പെണ്ണ്‍ പതിയെ നടന്നു പുഴയുടെ നടുവിലിറങ്ങി നിന്നതും പുഴ അവളെ കൂടെക്കൂട്ടിയതും. തനിയെ പുഴക്കടവിലേയ്ക്ക് പോകാൻ എനിക്കനുവാദമില്ല. അല്ലെങ്കിൽ ഒരുപക്ഷെ ഈ തിരകളിൽ ഞാനെന്‍റെ കാലുകൾ നനച്ചേനെ ... പിന്നെയാ പുഴയിലേക്ക് താഴ്ന്നു നില്ക്കുന്ന പേരമരക്കൊമ്പിലിരുന്ന് ഇവളുടെ ഒഴുക്ക് നോക്കികണ്ടേനേ ..... പക്ഷെ അതും അപകടമാണത്രേ ...പേരയ്ക്ക പറിയ്ക്കുവാൻ കയറിയ ചെക്കൻ കൈവിട്ട് താഴെ വീഴുകയും പാറയിൽ തലയിടിച്ച് ബോധം മറഞ്ഞു പുഴയോടൊപ്പം പോവുകയും ചെയ്തത് ഏറെ മുൻപൊന്നുമല്ല .
എന്തായാലും പുഴ സുന്ദരിയാ...ഇങ്ങനെ ഇരുകരകളെയും മുട്ടിയുരുമ്മി, ചിലപ്പോൾ വെള്ളത്തിൽ മൂടി, ഒഴുക്കിന്‍റെ ഹുങ്കാരമുണ്ടാക്കി തെന്നിച്ചിതറി പായുമ്പോൾ മറ്റെങ്ങുമില്ലാത്തൊരു സൗന്ദര്യം ഇവൾക്കുണ്ട്. അപ്പോൾ പിന്നെയീ പുലരിയുടെ വിളറിയ വെളിച്ചത്തിൽ ഇവളും ഇവളുടെ ശബ്ദവും മാത്രം കണ്ണിലും മനസ്സിലുമായി നിൽക്കുമ്പോൾ ഇതിനേക്കാൾ മനോഹരമായ എന്ത് കാഴ്ച്ചയാണുള്ളത് ??
പക്ഷെ പുഴയ്ക്കിത്ര പെട്ടന്നൊരു 'ശൈശവ -വാർദ്ധക്യമോ'? വല്ലാതെ ശോഷിച്ചിരിക്കുന്നു, തുടുത്ത കൈയിലെ പച്ച ഞരമ്പുകൾ പോലെ ഒന്നോ രണ്ടോ നീർച്ചാലുകൾ മാത്രമാണിപ്പോൾ ഇവൾ. മഴ പെയ്താലും ഇല്ലെങ്കിലും കുറെയായി ഇവളിങ്ങനെ ആണ്. അണക്കെട്ടിൽ ആവശ്യത്തിലധികം ചെളിയും മണലും സംഭരിച്ചിട്ടുണ്ടത്രേ.... എന്തിനാണാവോ!!! പിന്നെ കാറ്റത്തും മഴയത്തും ഒളിച്ചുകളിക്കുന്ന വൈദ്യുതി വെളിച്ചങ്ങൾ എല്ലായിടത്തും തെളിഞ്ഞിട്ടുണ്ട്...
ഗന്ധരാജൻ വേരുണങ്ങി ഇലകൾ കരിഞ്ഞിരിക്കുന്നു. മന്ദാരം വെട്ടിമാറ്റിയാണവിടെ പുതിയ വഴി തെളിച്ചത്. മുറ്റത്തിനരികിൽ വേലി പോലെ പടർന്ന തെച്ചിക്കാടും ഏതോ മഴയത്തിടിഞ്ഞ് പുഴയോടൊപ്പം ഒഴുകി. ഇത്തിരിപോന്ന പുഴയ്ക്കു കുറുകെയാവട്ടെ ഒത്തിരി വലിയൊരു പാലവും. ഇനി ഓർമ്മകളിലെ പുഴക്കാഴ്ച്ച ഓർമ്മകൾക്ക് മാത്രം സ്വന്തം.
എന്തൊക്കെയാണെങ്കിലും അന്നും ഇന്നും പുഴ വല്ലാത്തൊരു obsession തന്നെയാ ണ്.
No comments:
Post a Comment