Friday, 24 January 2014

കാഴ്ചകൾ കാഴ്ചപ്പാടുകൾ ...!!!

ഒഴുകാന്തുടങ്ങുന്ന പുഴ, കുഞ്ഞുറവകളിലെ മണ്ണും മണലും ചരലും ഒപ്പം കൂട്ടുന്നത്പോലെ ബാല്യാനുഭവങ്ങളും വളര്ച്ചയെന്ന ഒഴുക്കിനൊപ്പം തട്ടിയും തടവിയും ഇടയ്ക്ക് കരകളില്ഉരഞ്ഞു  മിനുസപ്പെടുത്തിയും മൂര്ച്ച കൂട്ടിയും സ്വഭാവരൂപീകരണത്തിന്റെ അടിത്തറകളായി മുന്നോട്ടു പ്രവഹിക്കുന്നു. ബാല്യത്തിലെ നിറങ്ങളും ഗന്ധങ്ങളും കാഴ്ചകളും ഓര്മകളും അത്ര പെട്ടന്നൊന്നും ആരുടേയും മനസ്സില്നിന്നും മായില്ല... എത്രത്തോളം വൈവിധ്യങ്ങളാര്ന്ന ഓര്മ്മകളാണോ അത്രത്തോളം ശക്തമാകുന്നു വ്യക്തിത്വവും...

ക്രിസ്തുമസ് അവധിക്ക് സ്കൂള്അടച്ചപ്പോഴേ അനുജന്മാര്പറഞ്ഞു തുടങ്ങി...ചേച്ചി പൂരമാണ്‌... പൂരത്തിന് വരില്ലേ എന്ന്. സ്വതവേയുള്ള മടിയോടൊപ്പം ഇത്തിരി അഹങ്കാരവും കൂട്ടിക്കലര്ത്തി  വരുന്നില്ല എന്ന മറുപടി.. കാരണമറിയാതെ സമ്മതിക്കില്ല എന്നുംപറഞ്ഞവര്പുറകെ കൂടിയപ്പോള്എനിക്ക് തിരക്കും ബഹളങ്ങളും ഇഷ്ടമല്ല, അല്ലെങ്കില്തന്നെ ഞാന്agoraphobic ആണ്... ആളുകളെ കാണുന്നതും സംസാരിക്കുന്നതും ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. നിര്ബന്ധിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാവണം അവര്എന്നെ വിട്ട് ചേട്ടന്റെ പിറകെ കൂടി.  എന്നേക്കാള്രണ്ടു വയസ്സിനിളയ അനുജന്സസന്തോഷം ഉത്സവ പദ്ധതികളുടെ കാര്യപരിപാടി തീരുമാനിക്കാന്മുന്കൈയെടുത്തിറങ്ങി... അവനതൊരു അംഗീകാരം ആണ്,  കുട്ടിപട്ടാളങ്ങള്ചേച്ചിയെവിട്ട് ചേട്ടന്റെ ചങ്ങാത്തം സ്വീകരിച്ചിരിക്കുന്നു..!!!

ഉത്സവദിവസമടുക്കുംതോറും അവരുടെ പദ്ധതികള്ഗംഭീരമായി മുന്നേറുകയാണ്. ഇത് വരെ കുഞ്ഞാങ്ങളമാരേ ഉണ്ടായിരുന്നെങ്കില്ഇപ്പോള്പെണ്കുട്ട്യോളും അവരോടൊപ്പം കൂടിയിരിക്കുന്നു. ജാഡ തീരെ വിടാതെ ഞാന്പുസ്തകങ്ങളിലെ കാര്യമില്ലാ ചോദ്യങ്ങളില്കണ്ണുംപൂഴ്ത്തി ഇരുന്നു. ഉത്സവ ദിവസം കുഞ്ഞമ്മ കുട്ടികളെയും കൂട്ടി അമ്പലത്തിലേയ്ക്ക് പോയപ്പോള്പ്രായമായ അച്ഛച്ചന്  കൂട്ടിനെന്നും പറഞ്ഞു ഞാന്വീട്ടില്ചടഞ്ഞു കൂടി.. കലപിലകള്നിശബ്ദതയ്ക്ക് വഴിമാറി... തനിച്ചിരുന്നു മുഷിഞ്ഞപ്പോള്തൊടിയിലൂടെ ഇറങ്ങിനടന്നു...; കുന്നിന്ചരുവില്സ്വര്ണ്ണവര്ണ്ണം അണിഞ്ഞു തുടങ്ങിയ പുല്ലുകള്ക്കിടയില്ധനു മാസത്തിലെ നീലാകാശം നോക്കിയിരുന്നു, ഇലകളെ ഇളക്കി മറിയ്ക്കുന്ന, തണുത്ത കാറ്റിനോട് കുറച്ചു നേരം കളിപറഞ്ഞു, കുഞ്ഞുന്നാളിലെ ഉറക്കുകഥകളില്ഏറെ കേട്ട ആകാശഗംഗയിലെ വറ്റിത്തുടങ്ങിയ വെള്ളച്ചാട്ടം തിരഞ്ഞു നടന്നു.. കഥകള്മെനഞ്ഞെടുത്ത അച്ഛമ്മയുടെ സര്ഗശേഷി പറയാതെ വയ്യ, പടിഞ്ഞാറേ ചെരുവില്മഞ്ഞു പുതച്ച മലനിരകള്‍ ആകാശത്തിന് അതിര് കെട്ടുന്നതിനിടയ്ക്കു കാഴ്ചകള്തെളിയുന്ന ഒറ്റ ദിവസം പോലും എനിക്കാ വെള്ളച്ചാട്ടം കാണാന്കഴിഞ്ഞിട്ടില്ല; എനിക്കെന്നല്ല കഥകള്കേട്ടുവളര്ന്ന ഒരൊറ്റ കുഞ്ഞിനും അതിന്നുവരെ കണ്ടെത്താനായിട്ടില്ല... എന്നിട്ടും ബോറടി മാറുന്നില്ല...!!! അവരോടൊപ്പം പോകാമായിരുന്നു !!!

പറഞ്ഞതിലും നേരത്തെ അവരെത്തി... സ്നേഹം കൊണ്ട് എന്റെ അനുജന്മാരെന്നെ വിസ്മയിപ്പിച്ചു.. പതിനാലുവയസ്സുകാരന്അനിയന്അവന്റെ ചില്ലറക്കുടുക്ക പൊട്ടിച്ച് ഞങ്ങള്ക്കെല്ലാവര്ക്കും ഉത്സവ സ്പെഷ്യല്സമ്മാനങ്ങള്വാങ്ങി... പെണ്കുട്ട്യോള്ക്കൊക്കെ മാലയും വളയും പൊട്ടും, ആക്ഷന്സിനിമകളുടെ ആരാധകനായ അനുജന് തോക്കും വണ്ടികളും... ലിസ്റ്റ് അങ്ങനെ നീളുകയാണ്. ഉത്സവ വിശേഷങ്ങളും കേട്ട് അവരുടെ കയ്യില്നിന്നും ബലൂണ്പിടിച്ചു വാങ്ങി കാറ്റുനിറച്ചു ഞാനിരുന്നു. ചേച്ചിയ്ക്കെന്താ വാങ്ങേണ്ടതെന്നറിയില്ല..അത് കൊണ്ട് പുസ്തകാ വാങ്ങിയത് എന്നും പറഞ്ഞു അവനെനിക്ക് കുറച്ചു പുസ്തകങ്ങള്നീട്ടി.  കുട്ടികളുടെ മഹാഭാരതം വാങ്ങാന്പറഞ്ഞുവിടാമായിരുന്നു എന്ന് ഞാന്മനസ്സിലോര്ത്തു അതാണിപ്പോള്ഏറ്റവും അധികം വായിക്കാന്ആഗ്രഹിക്കുന്നത്..  കുഞ്ഞമ്മയാകട്ടെ ഒരു വര്ഷത്തേയ്ക്ക് വേണ്ട മണ്കലങ്ങളും ചട്ടികളും പാത്രങ്ങളും ഒക്കെ വാങ്ങി അതിനിടയ്ക്ക് പലവഴി ചിതറിയോടിയ കുട്ടികളെ ഒരുമിച്ചു നിര്ത്താന്പെട്ടപാടിനെക്കുറിച്ച് പരിഭവിച്ചു... ആഘോഷങ്ങളൊക്കെ അടങ്ങി നിനക്കും പോരാമായിരുന്നു എന്ന് എല്ലാവരും സഹതപിച്ചു... സാരമില്ല, അടുത്ത വര്ഷവും ഉത്സവം ഉണ്ടാകുമല്ലോ..

പകല്വെയിലും കൊണ്ട് ഉത്സവം കണ്ടുനടന്നിട്ടാവണം എന്റെ കുട്ടിപട്ടാളങ്ങള്നേരത്തെ കിടന്നുറക്കമായി... തെക്കേ മുറിയില്ജനലും തുറന്നു നക്ഷത്രങ്ങള്എണ്ണി കിടക്കുമ്പോള്ഉറക്കം എന്തോ ഏറെ അകലെയായിരുന്നു. പാതിരാത്രി പതിവുപോലെ കരോള് സംഘങ്ങള്വീടുകള്കയറി ഇറങ്ങുന്ന ശബ്ദം. ക്ഷീണം കൊണ്ടോ എന്തോ എന്നെ വിളിക്കണ്ട ഞാന്എഴുന്നേല്ക്കില്ല എന്ന് അനുജന്റെ മുന്‍‌കൂര്ജാമ്യം. അതിനു മറുപടിയായി അച്ഛച്ചന് പറഞ്ഞു അവരിപ്പോള്എല്ലാ വീട്ടിലും പോകില്ല, ക്രിസ്ത്യാനികളുടെ വീട്ടില്മാത്രമേ പോകൂ... എനിക്കാ ശീലം പരിചയമില്ല... കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാനിവിടെ ക്രിസ്തുമസ്സിനോ ഉത്സവത്തിനോ ഉണ്ടാവാറില്ലല്ലോ... അച്ഛച്ചന്റെ പ്രവചനം തെറ്റി... കരോള്സംഘം വീട്ടിലും വന്നു. പക്ഷെ കുട്ടികളാരും കരോള്കാണാന്ഉണര്ന്നില്ല.

ഗ്രാമം ഒരിക്കല്ഇങ്ങനെ ആയിരുന്നില്ല... ഉത്സവങ്ങളും ആഘോഷങ്ങളും മതങ്ങള്ക്ക് വീതംവച്ച് നല്കിയിരുന്നില്ല; സന്തോഷങ്ങളും സങ്കടങ്ങളും കേവലമൊരു വീടിന്റെ നാല് ചുവരുകള്ക്കുമപ്പുറം  ഗ്രാമത്തിന്റേതുകൂടിയായിരുന്നു. എന്നാല്ഇന്നിതെല്ലാം അതിരുകള്കെട്ടി നിശ്ചയിക്കപ്പെട്ടു... നഷ്ടങ്ങള്ഇവിടുത്തെ പുതു തലമുറയിലെ കുഞ്ഞുങ്ങള്ക്ക്മാത്രം... ഉറക്കം വരാതെ കിടക്കുമ്പോള്ഒന്നുറപ്പിച്ചു അടുത്തകൊല്ലം ഇവരെ ഞാന്കണ്ടു വളര്ന്നപഴയ ഉത്സവ കാഴ്ച്ചകളിലേയ്ക്ക് തിരികെ കൊണ്ട് പോകണം. ആ അവധിക്കാലങ്ങളുടെ ഹൃദ്യത അവരിലും നിറയണം...


വേനലുറച്ചു തുടങ്ങും മുന്പ് ഡിസംബറിലെ ഇത്തിരി അവധിക്കാലത്ത്, നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും വഴിതെളിയ്ക്കുമ്പോള്കുട്ടികളെല്ലാം കുന്നിന്മുകളിലെ അമ്പലത്തിലേയ്ക്ക് ജാഥനയിക്കും. ദീപാരാധനയ്ക്കു നടയടയ്ക്കുമ്പോള്ആല്ച്ചുവട്ടില്ഒത്തുകൂടി കളികളും വെടിവട്ടവുമായി സമയം കൊല്ലും.. ഭജനയ്ക്കിരിക്കുന്ന മുത്തശ്ശിമാരുടെ പാട്ടിനു കമന്റടിക്കും... ഒടുവില്നേദ്യചോറിനും കടുംപായസത്തിനും പാല്പായസത്തിനും തമ്മില്കലഹിക്കും. ശിശിരമെത്തിനോക്കിത്തുടങ്ങുമ്പോള് ഇലകൊഴിച്ച  ചില്ലകള്ക്കിടയിലൂടെ “ധനുമാസ ചന്ദ്രനുമായികിന്നാരം പറഞ്ഞു മടക്കയാത്ര... കുട്ടികളൊന്നും അമ്പലത്തില്പ്രാര്ത്ഥനയ്ക്കെത്താത്തതും കളിച്ചു നടക്കുന്നതും മറ്റാരുടെയും കുറ്റമല്ല, കുട്ടികളോടൊപ്പം ആല്ച്ചുവട്ടില്കളികളില്മുഴുകുന്ന അമ്പാടികണ്ണന്റെ കുസൃതി മാത്രം..!! പൂജകള്ഫലമില്ലാതെപോകുന്നതിനു കവടി നിരത്തി ഇത്ര സുന്ദരമായൊരു കാരണം കണ്ടെത്തിയ ജ്യോതിഷിയും ഒരുപക്ഷെ കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരിക്കാം... കഥകളില്നിന്നും വളര്ന്നെങ്കിലും, മതങ്ങളില്തീരെ വിശ്വാസമില്ലെങ്കിലും കുട്ടികളോടൊപ്പം കളിക്കാനും കഥപറയാനും ഇഷ്ടപ്പെടുന്ന ദേവസങ്കല്പം മനസ്സിലാഴത്തില്വേരുറച്ചുപോയി.....

പകലന്തിയോളം പരന്നുകിടക്കുന്ന ളികള്ക്കിടയില്ഞങ്ങളുടെ കളി സംഘത്തിന് വീടുകളില്ല... എവിടെ തമ്പടിക്കുന്നോ അവിടുന്ന് ഭക്ഷണം.... പിന്നെ കാക്കകള്കലപില വച്ച് പടിഞ്ഞാറേയ്ക്ക് പറക്കുമ്പോള്ഏതെങ്കിലും വീട്ടിലെ കുളത്തില്മുങ്ങികുളിച്ചുകയറി കളികള്മുറ്റത്തെ ഇത്തിരി വെളിച്ചത്തിനുള്ളിലാവും. പിന്നെ അവിടുന്ന് നേരെ അമ്പലത്തിലേയ്ക്ക്... ഇതെല്ലാം കഴിഞ്ഞു വീടണയുമ്പോള്നക്ഷത്രങ്ങളാകും കാവല്‍... കളി സംഘത്തിന്റെ ഒരു വര്ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് മണ്ഡലപൂജ തീരുമ്പോള്അയ്യപ്പക്ഷേത്രത്തിലെ ഉത്സവം. അന്നാണ് ഞങ്ങളുടെ എല്ലാ വീടുകളിലെയും മുത്തശ്ശന്മാരും മുത്തശ്ശിമാരും കൂട്ടമായി ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്... ഒപ്പം ഞങ്ങളും.

ഞങ്ങളെന്നു പറയുമ്പോള്അതിനൊരു ആമുഖം ഒരുപക്ഷെ വേണ്ടി വന്നേയ്ക്കാം... ഞാനും എന്റെ അനുജന്പിന്നെ ഞങ്ങളുടെ കസിന്സ്സമപ്രായക്കാരായ കണ്ണന്ചേട്ടന്, അനുജത്തി കറുമ്പി എന്ന് ഞങ്ങള്വിളിക്കുന്ന അനു, വെളുമ്പിയെന്ന് വിളിക്കുന്ന നീതു, നീനുപിന്നെ ഞങ്ങളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്എത്തുന്ന അടുത്തും അകലെയുമുള്ള ബന്ധുക്കളും അവരുടെ മക്കളും ഒപ്പം അയല്വാസികളും.... പേരെണ്ണി തിട്ടപ്പെടുത്താന്പ്രയാസമാകും... പലരും ഇപ്പോള്ഓര്മകളില്പോലുമില്ല.

രാവിലെ തുടങ്ങും കുന്നും മലകളും കയറിയുള്ള ഞങ്ങളുടെ പ്രയാണം. തുടക്കത്തിന്റെ ആവേശം ആദ്യമാദ്യം എല്ലാവര്ക്കും ഉണ്ടാകും. അമ്പലത്തിലേയ്ക്ക് എല്ലാവരും വണ്ടികളില്പോയിവരുമ്പോള്‍  കളിച്ചും ചിരിച്ചും ബഹളം വച്ചും ഞങ്ങള്നടന്നു തുടങ്ങും. വഴിയറിയാവുന്ന അച്ഛച്ചനും  അച്ഛമ്മയ്ക്കും അങ്ങേവീട്ടിലെ  അച്ഛനും  അമ്മയ്ക്കും   ഞങ്ങളെ  നിയന്ത്രിച്ചു ഒരുമിച്ചു കൊണ്ട് പോകുന്നതിനു വല്ലാതെ കഷ്ടപ്പെടേണ്ടി വരും..

അവര്ക്കീ യാത്രയാകട്ടെ വെറും ഉത്സവം കൂടല്‍ മാത്രമല്ല, പരിചയങ്ങള്പുതുക്കുന്നതിനും കാര്ഷിക വിളകളുടെ കച്ചവടം ഉറപ്പിക്കുന്നതിനുമുള്ള അവസരമാണ്.  പശുവിനെ വില്ക്കാനുണ്ടോ..? എവിടെയെങ്കിലും നല്ല കുടംപുളി കിട്ടാനുണ്ടോ.. ചുക്ക് വേണേല്  പറയണേ... ഇങ്ങനെ പോകുന്നു വഴികളിലെ അന്വേഷണങ്ങള്‍. ഏതൊക്കെ വീട്ടില്കല്യാണങ്ങള് നടന്നു, എവിടെ പുതിയ കുഞ്ഞുങ്ങള്പിറന്നു, ആരൊക്കെ വീടും സ്ഥലവും വിറ്റ്താമസം മാറിപ്പോയി, രോഗ വിവരങ്ങള്എല്ലാം   ഒരു യാത്രയില്അറിയാനാകും. പലര്ക്കും ഞങ്ങളെ ഇതെന്റെ മോന്റെ/ മോളുടെ കുട്ടികളാണ് എന്ന് പരിചയപ്പെടുത്തും. അന്പത്- അറുപത് വര്ഷങ്ങള്ക്കു മുന്പ് ഇവിടെയ്ക്ക് കുടിയേറിപ്പാര്ക്കുമ്പോള്തുടങ്ങിയ പരിചയങ്ങള്‍.. ജോലി തിരക്കിനിടയില്വര്ഷത്തിലൊരിക്കലേ ഇങ്ങനെ ഒരവസരം കിട്ടുകയുള്ളൂ...  

പൊടിമണ്ണ് മണക്കുന്ന ചെമ്മണ്പാതയിലൂടെ പൊടി പടര്ത്തി ഞങ്ങള്നടക്കും.. വഴിയരികിലെ ഓരോ തോട്ടിലും വയലിലും ഇറങ്ങി വെള്ളത്തില്കാലുകള്‍ നനയ്ക്കും, നനഞ്ഞ കാലുകള്‍ പൂഴിയിലാഴ്ത്തി സ്വന്തം കാല്‍ച്ചുവടുകള്‍ വേര്‍തിരിക്കും. വഴിയരികിലെ പേരമരങ്ങളിലും ചാമ്പമരങ്ങളിലും വലിഞ്ഞു കയറും.. ആരാദ്യമെത്തും എന്നറിയാന്മത്സരിച്ചോടും, തളരുമ്പോള്വഴിയരികിലെ മരത്തണലില്കൂട്ടത്തിലെ മുതിര്ന്നവരെ കാത്തിരിക്കും. ഇങ്ങനെ കുന്നും മലയും കയറി ഇറങ്ങി ക്ഷീണിക്കുമ്പോള്മടുക്കാതെ എല്ലാ വര്ഷവും കാത്തിരിക്കുന്ന ഒരു കാഴ്ചയുണ്ട്... 

മലഞ്ചെരുവിലെ ഇത്തിരി പാടത്ത് വിതച്ചു കൊയ്തെടുത്ത  നെല്ല് മുളംപനമ്പുകളില്വഴിയരികില്ഉണക്കാനിട്ടതില്നിന്നൊരു പിടി വാരി, വഴിയില്ഇളംവെയില്കാഞ്ഞു കിടക്കുന്ന വയ്ക്കോല്കെട്ടുകളിലൂടെ ഓടിക്കിതച്ച് എത്തുമ്പോള് കുന്നിന്‍ മുകളിലെ ചെറുവീടിന്റെ മുറ്റത്ത്‌,   വഴിയരികിലെ ചെറിയ കാലിത്തൊഴുത്തില്ഞങ്ങളെ കാത്തെന്നോണം ഒരു ദിവസം പ്രായമുള്ള ദൈവപുത്രന്‍..!! അവനു ചുറ്റും വിരിഞ്ഞു നില്ക്കുന്ന പല നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍... പ്രഭാതങ്ങളില്മഞ്ഞു പൊഴിക്കുന്ന ഇലകളും പൂക്കളുമായി ഫ്ലെയിം വൈന് പുല്‍ക്കൂടിന് സ്വര്ഗത്തിന്റെ ചാരുത നല്കും.അത്രയേറെ ഭംഗിയുള്ള ഒരു പുല്ക്കൂട്ഞാന്കണ്ടിട്ടില്ല..ചെറുതെങ്കിലും അതി മനോഹരമായൊരു വീടും. എത്ര തവണ വഴിയരികില് വീട് നോക്കി നിന്നിട്ടുന്ടെന്നോ... ക്രിസ്തുമസ് എന്ന ആഘോഷത്തിന്റെ എല്ലാ സന്തോഷവും പുല്ക്കൂടിലാണ് എന്ന് തോന്നിയിരുന്നു.  കണ്ടു കണ്നിറഞ്ഞ് ഞങ്ങള് യാത്ര തുടരും..

മലയിറങ്ങി, ചെമ്മണ് പാത വിട്ട്  ടാര്റോഡിലേക്ക് കടന്നാല്പിന്നെ നിരന്ന വഴിയാണ്. വഴിമദ്ധ്യേയുള്ള ഡാമില്ഇറങ്ങി ദേഹത്തെ പൊടിയും മണ്ണും കഴുകി വൃത്തിയായാണ് പിന്നീടുള്ള യാത്ര... വഴിയിലെ കാഴ്ചകള്അനവധിയാണ്. ഉത്സവത്തിനെത്തുന്ന ആനകളും അവയെ നയിക്കുന്ന പാപ്പാന്മാരും, വാഹനപ്രളയവുമെല്ലാം ഞങ്ങള്ക്ക് തീരെ പരിചിതമല്ലാത്ത കാഴ്ചകളാണ്... ഉച്ചഭാഷിണിയുടെ ശബ്ദകോലാഹലങ്ങള്‍ ഞങ്ങളുടെ വാക്കുകളെ ഭേദിച്ചു.. ശബ്ദ സാഗരത്തില്തൊണ്ടപൊട്ടുന്ന പാകത്തിന് അലറി വിളിച്ചിട്ടും ഞങ്ങള്ക്ക് പരസ്പരം കേള്ക്കാന്‍ കഴിഞ്ഞില്ല...

അമ്പലത്തില്മുന്‍പെങ്ങും കാണാത്ത തിരക്കാണ്... പല ദേശങ്ങളില്നിന്നെത്തുന്ന പല പ്രായക്കാര്‍... ശ്രീ കോവിലിനു മുന്പില്തൊഴാനെത്തുന്നവരുടെ നീണ്ടനിര, ഊഴം കാത്തുനിന്നു കാലുകള്കഴയ്ക്കും പോരാത്തതിന് കയറിയിറങ്ങിയ കുന്നും മേടും ചെറുതല്ലല്ലോ... പ്രദക്ഷിണം എത്താറായി, കാവടി കാണിച്ചു തരാം എന്ന് മുതിര്ന്നവര്പ്രലോഭിപ്പിക്കും...അതില്ഞങ്ങള്കുട്ടികളെല്ലാം കാലിന്റെ വേദന മറക്കും.

വര്ഷത്തിലൊരിക്കല്കിട്ടുന്ന അപൂര് കാഴ്ചകളാണ് കാവടിയും, ഗരുഡന്തൂക്കവുമെല്ലാം. പക്ഷെ തിരക്കില്ഞങ്ങളുടെ കാഴ്ചകള്മറയ്ക്കാന് ഒരുപാട്പേരുണ്ടാവും. എങ്കിലും, എങ്ങനെയെങ്കിലും തിക്കിയും ഞെരുങ്ങിയും ഇത്തിരി വിടവിലൂടെ ഞങ്ങളും കാഴ്ച്ചകള്ആസ്വദിക്കും.. പിന്നെ നോക്കിയിരിക്കുക പ്രദക്ഷിണം ക്ഷേത്ര നടയ്ക്കലെത്തുമ്പോള്പതിവ് തെറ്റാതെത്തുന്ന പരുന്തിനെയാണ്. ശ്രീകോവിലിനു മുകളില്ചുട്ടു പൊള്ളുന്ന വെയിലില്പരുന്തു വട്ടമിട്ടു പറക്കുമ്പോള്  ഞങ്ങളുടെ കൂട്ടം അമ്പലപ്പറമ്പിലെ വച്ചുവാണിഭകടകളിലേയ്ക്ക് തിരിയും... എന്തോ, അന്നും ഇന്നും എനിക്കതില്മാത്രം തീരെ താത്പര്യം പോരാ...

ഓരോ ഉത്സവയാത്രയും മനസ്സില്നിറയ്ക്കുന്നത് വര്ണങ്ങളുടെയും ഗന്ധങ്ങളുടെയും കഴ്ച്ചകളുടെയും മായാത്ത ഓര്മകളാണ്. ചെമ്മണ്ണിന്റെ നിറം, ആഴത്തില്ഒരുപാട് ഇലകള്ഒളിപ്പിച്ചു പച്ചയായിപ്പോയ ഡാമിലെ തണുത്ത വെള്ളം.. സ്വര്ഗത്തിന് ഓറഞ്ച് നിറമാണെന്ന് തെറ്റിദ്ധരിപ്പിച്ച ഫ്ലയിം വൈന്പൂക്കള്, ചുവപ്പും മഞ്ഞയും, വെളുപ്പും എന്ന് വേണ്ട പലനിറങ്ങള്പകര്ന്നാടിയ കാവടികള്‍.. കത്തുന്ന വെയിലില്,തിരക്കില്വിയര്പ്പിന്റെയും ബലൂണിന്റെയും പൂജാദ്രവ്യങ്ങളുടെയും ഇടകലര്ന്ന ഗന്ധം.. മിന്നിമറയുന്ന അപരിചിതവും സുപരിചിതവും അല്പപരിചിതവുമായമുഖങ്ങള്; ഒന്ന് ഓര്ത്തെടുക്കുമ്പോഴേക്കും ഒരുനൂറെണ്ണം കടന്നു പോകുന്നു... പിച്ചിയും മുല്ലയും നാരങ്ങയും മണക്കുന്ന ഇടവഴികള്‍.. കാഴ്ചകളുടെ ബാഹുല്യത്തില് ഞങ്ങള് പരതിനടക്കും.

ഉച്ചവെയില്ഇത്തിരിയൊന്നടങ്ങുമ്പോള്മടക്കയാത്രയായി.... പിന്നെ വീടണയാനുള്ള ധൃതിയാണ്. വാങ്ങികൂട്ടിയ കളിക്കോപ്പുകളും സാധനങ്ങളും കണ്നിറയെ കാണാനും ഉപയോഗിക്കാനുമുള്ള തിരക്ക്. പക്ഷെ എത്രശ്രമിച്ചാലും കാലുകള്ക്ക് വേഗം ഉണ്ടാവില്ല.. ക്ഷീണമകറ്റാന്വഴിയില്പരിചയക്കാര്സമ്മാനിക്കുന്ന പലഹാരങ്ങളും വെള്ളവുമൊന്നും ഞങ്ങള്ക്ക് മതിയാവില്ല. ഒടുവില്സന്ധ്യക്ക്വീട്ടിലെത്തുമ്പോള്എന്തെങ്കിലും വയറുനിറയെ കഴിക്കണം എവിടെയെങ്കിലും കിടക്കണം എന്ന ചിന്തയെ ഉണ്ടാവുകയുള്ളൂ... എങ്കിലും കരോള്‍ സംഘത്തിന്റെ ആദ്യത്തെ കൊട്ട് കേള്‍ക്കുമ്പോള്‍ തന്നെ  ഞങ്ങള്‍ ഉണരും...പിന്നെ അവരേക്കാള്‍ ആവേശം ഞങ്ങള്‍ക്കായിരിക്കും.

ഇതിലൊന്നും ജാതിയോ മതമോ ഞങ്ങളെ ബാധിച്ചിരുന്നില്ല, ഇതെല്ലാം ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിലൂന്നിയുള്ള ചര്യകളായിരുന്നു.. ഒരുപക്ഷെ കാലമായിരിക്കാം മാറ്റങ്ങള്‍ക്കുത്തരവാദി... സ്നേഹത്താല്മത്സരിക്കുന്ന എന്റെ അനുജന്മാരും അനുജത്തിമാരും ഇതൊന്നും അറിയാത്തവരാണ്, ഈ കാഴ്ചകള്‍ കാണാത്തവരാണ്. അതുകൊണ്ട് തന്നെ അടുത്ത തവണ ഉത്സവത്തിനു ഇവരെയും കൂട്ടി വഴികളില്ഒരിക്കല്കൂടി നടക്കണം.കുന്നും മലകളും വയലും പുഴകളും അവരും കാണണം. ഒരു മാവിലെങ്കിലും കല്ലെറിയാത്തവരായി, പൂക്കളും നക്ഷത്രങ്ങളും ആകാശവും കാണാത്തവരായി അവര്‍ വളര്‍ന്നാല്‍ എങ്ങനെ ശരിയാവും? ഇത്തിരി വട്ട് അവര്‍ക്കും വേണ്ടേ?

മാറ്റം എനിക്കുമുണ്ടായിരിക്കുന്നു...അല്ലെങ്കില്രാവിലെ എഴുന്നേറ്റു ഗൂഗിള്മാപ്പില്‍  എത്ര കിലോമീറ്റര്എന്ന് ഞാന്നോക്കില്ലായിരുന്നല്ലോ ?!!!!