Thursday, 4 July 2013

യാത്ര

തനിച്ചുള്ള യാത്രകൾ എന്തെങ്കിലുമൊക്കെ ഓർമ്മകൾ സമ്മാനിക്കാതിരിക്കാറില്ല.....ഇന്നലത്തെ യാത്രയിൽ എന്നിൽ വിസ്മയം നിറച്ചത് ഒരാറുവയസുകാരി പെണ്‍കുട്ടിയാണ്...

പതിവുപോലെ ബസിലെ ജനാലക്കരികിൽ സ്ഥാനം പിടിച്ചിരുന്നു പാട്ടുകേള്ക്കുകയും ചിന്തകളിൽ വ്യപരിക്കുകയും ചെയ്ത എനിക്കറിയില്ല അവളെ പ്പോഴാണ്‌ അരികിൽ വന്നിരുന്നതെന്ന്....ചിന്തകൾ കാടുകയറി തുടങ്ങിയപ്പോൾ ഏറെക്കാലമായി വിളിക്കാതിരുന്ന പഴയൊരു സഹയാത്രികയെ കാണണമെന്നു തോന്നി... ഫോണ്‍ ചെയ്തു പറഞ്ഞ ആദ്യ വാചകം "ഈ നിമിഷത്തിൽ തന്നെ കാണണമെന്ന് ഭ്രാന്തമായി തോന്നുന്നു" എന്നായിരുന്നു... അത് കേട്ടിട്ടാവം അവളെന്നെ ഒന്ന് നോക്കി... ഞാനാകട്ടെ പഴയ ചങ്ങാതിയുടെ വിശേഷങ്ങൾ തിരക്കുന്ന തിരക്കിലും... ബസ്‌ കാട്ടിനുള്ളിലേക്ക്‌ കയറിയപ്പോൾ മൊബൈലിന്റെ റേഞ്ച് കുറഞ്ഞു തുടങ്ങി...തന്റെ നിറഞ്ഞ ചിരിയുള്ള മുഖം എന്നും എനിക്ക് കാണണം എന്നുപറഞ്ഞു ഫോണ്‍ വച്ചപ്പോൾ അവളെന്റെ കയ്യിലൊന്നു തോണ്ടി ഏത് പാട്ടാണ് കേൾക്കുന്നതെന്ന് ചോദിച്ചു..."പോകയായി വിരുന്നുകാരാ.പെയ്തൊഴിഞ്ഞതു മാതിരി " എന്നുപറയാൻ ഞാൻ മടിച്ചു.. തിടുക്കത്തിൽ പാട്ടുമാറ്റി ഞാൻ എന്റെ ഹെഡ്സെറ്റ്‌ അവൾക്ക് നേരെ നീട്ടി... പെട്ടന്നായിരുന്നു അവളുടെ നിഷ്കളങ്കമായ ചോദ്യം " ആരെയാ ഇപ്പോൾ വിളിച്ചത്...??കൂട്ടുകാരിയെ എന്ന ഒറ്റവാക്കിൽ ഞാൻ മറുപടി ഒതുക്കി...

ബസ്‌ കാടിനുള്ളിലൂടെ ചാഞ്ഞും ചരിഞ്ഞും ഇഴഞ്ഞും വലിഞ്ഞും നീങ്ങി... അവളും ഞാനുമൊഴികെയുള്ള യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു..വൈകാതെ വന്നു അവളുടെ അടുത്ത ചോദ്യം .." എല്ലാരും ഉറങ്ങുകയാ ചേച്ചിയെന്താ ഉറങ്ങാത്തത്‌...?
ചേച്ചിക്ക് പാട്ടുകേൾക്കാൻ ഇഷ്ടമായതുകൊണ്ട് എന്ന് മറുപടിപറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു....അവൾ കേള്ക്കാൻ കൊതിച്ച പാട്ടുകളൊന്നും എന്റെ കൈവശമുണ്ടായിരുന്നില്ല ..

പെട്ടന്നാണവൾ കാടിന്റെ ഭംഗിയെക്കുറിച്ച് വാചാലയായത്.. വഴിയോരത്തുള്ള വെള്ളച്ചാട്ടങ്ങളെയും, പൂക്കളേയും, അരുവികളെയും മലകളെയുമൊക്കെകുറിച്ചവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു...അവളുടെ പലചോദ്യങ്ങൾക്കും എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി..എന്തുകൊണ്ടാണ് കുരങ്ങന്മാരുടെ വീടിരിക്കേണ്ട കാട്ടിലൂടെ നമ്മൾ വഴികൾ ഉണ്ടാക്കിയത്? എന്തിനാ വെള്ളച്ചാട്ടങ്ങൾ മെലിഞ്ഞു പോയത്? കാടിനുള്ളിലെ ജീവികൾക്കവശ്യമായ ഭക്ഷണം ലഭിക്യോ? സംശയങ്ങൾ തീരുന്നില്ല..മടിയിലിരുത്തി കാടിനെക്കുറിച്ച് കഥകൾ പറഞ്ഞു കൊടുത്തും കുരങ്ങന്മാരെ കാണിച്ചുകൊടുത്തും ഞാൻ കഴിയുന്നത്ര അവളുടെ ചോദ്യങ്ങൾക്കുത്തരം നല്കാൻ ശ്രമിച്ചു... മണിക്കൂറുകൾ കഴിഞ്ഞത് ഞാനോ അവളോ അറിഞ്ഞില്ല...

ഞങ്ങളുടെ സംസാരം കേട്ടുണർന്ന അവളുടെ ഒപ്പമുള്ള പ്രായമുള്ള സ്ത്രീ ചോദിച്ചു" നിന്റെ നാവു വേദനിക്കുന്നില്ലേ?" ഒരു ചിരിയോടെ അവളാ ചോദ്യത്തെ നേരിട്ടു ....ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ വീണ്ടും കാണാം എന്ന് പറഞ്ഞു അവൾ യാത്ര ചോദിച്ചു...കൈയിലുണ്ടായിരുന്ന ചോക്ലേറ്റ് ഞാനവൾക്ക് നേരെ നീട്ടി.. മടികൂടാതെ അതും വാങ്ങിയവൾ ചിരിയോടെ ഇറങ്ങിപ്പോയി.... അതോടെ എന്റെ യാത്ര വിരസമായി...

കാട് കാണുമ്പോൾ, പൂമ്പാറ്റകളെ കാണുമ്പോൾ, പുഴകൾ കാണുമ്പോൾ അവളുടെ കണ്ണുകളിലെ വിസ്മയവും സന്തോഷവുമെല്ലാം വിവരിക്കാനാവുന്നതിനും അപ്പുറത്തായിരുന്നു...കൂട്ടിയും കുറച്ചും ചിന്തിച്ച് വിഷാദത്തിലേക്ക് വഴുതി വീണു തുടങ്ങിയ എന്നെ ഒരു ചോദ്യത്തിലൂടവൾ തിരികെ കൊണ്ട് വന്നു...അവളുടെ കണ്ണുകളിലൂടെ ഞാൻ കുറച്ചുനേരമീ ലോകത്തെ നോക്കികണ്ടു..
കുറെ സമയമെടുത്തു എനിക്കവളുടെ പേരുപോലും അറിയില്ലല്ലോ എന്ന് ഓർത്തെടുക്കാൻ .....എതെങ്കിലുമൊക്കെ യാത്രകളിൽ എവിടെയെങ്കിലുമൊക്കെ വച്ച് ഞാനവളെ വീണ്ടും കണ്ടുമുട്ടിയേക്കാം ...ഒരുപക്ഷെ തിരിച്ചറിയാൻ കഴിയില്ലെന്നു മാത്രം...

എങ്കിലും കുഞ്ഞേ... നിന്റെ കണ്ണുകളിൽ പ്രതിഫലിച്ച ലോകത്തോടുള്ള സ്നേഹത്തിനു, കാണുന്നതെന്തിലും വിസ്മയം തിരയുന്ന നിന്റെ മനസിനോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു...എന്നുമിതുപോലെ ചിരിച്ചുല്ലസിച്ച്‌ സന്തോഷവതിയായി ഉള്ളിലെ നന്മയും സ്നേഹവും മറ്റുള്ളവരിലേക്ക് പകരാൻ നിനക്ക് കഴിയട്ടെ... നിറഞ്ഞമനസ്സോടെ നന്മകൾ മാത്രം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ...

Wednesday, 3 July 2013

കാഴ്ച്ചകൾക്ക​പ്പുറം



"നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം "
നാട്ടിൻ പുറത്തിന്റെ നന്മയും വിശുദ്ധിയും ഹൃദയത്തിലേറ്റുമ്പോഴും നഗരക്കാഴ്ച്ചകളിൽ നിന്നും ഞാൻ മുഖം തിരിക്കാറില്ല. ചില നഗരക്കാഴ്ച്ചകൾ നാട്ടിൻപുറങ്ങളേക്കാൾ ആഴത്തിൽ മനസ്സിൽ പതിയുന്നു. വൈകുന്നേരങ്ങളിൽ നഗരത്തിരക്കുകളിൽ യാതൊരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിയുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ. എതിരെ വരുന്ന മുഖങ്ങളിലെ തിക്കും തിരക്കും കണ്ടും വീക്ഷിച്ചും സാവകാശം നടന്നു നീങ്ങുമ്പോൾ വാതോരാതെ സംസാരിക്കാൻ ചിലപ്പോൾ ചില സുഹൃത്തുക്കൾ ഒപ്പമുണ്ടാകും....മറ്റു ചിലപ്പോൾ തനിയേയും.....കലാലയ കാലം മുതൽ കൈമോശം വന്നു പോകാതെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട ശീലങ്ങളിൽ ഒന്ന്.
കോളേജിൽ നിന്നും നേരെത്തെയിറങ്ങി, സ്കൂൾ വിട്ടു കൂട്ടമായും ഒറ്റയ്ക്കും മടങ്ങുന്ന കുട്ടികൾ, ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള വഴി മദ്ധ്യേ അവശ്യസാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടുന്ന ഉദ്യോഗസ്ഥർ , അന്തിചന്തകളിൽ ആൾ തിരക്കേറുന്നതും കാത്തിരിക്കുന്ന വഴിയോര കച്ചവടക്കാർ , അവരുടെ കലപിലയും കലഹങ്ങളും... ഇവര്ക്കിടയിലൂടെ തിരക്കുകളില്ലാതെ ഞാനും... കണ്ടുനിൽക്കാൻ ഒട്ടേറെ കാഴ്ച്ചകൾ !!
പിന്നീട് ആ ചെറിയ നഗരം വിട്ടു പുതിയ നഗരത്തിൽ ചേക്കേറിയപ്പോഴും ഈ ശീലത്തിനു മാറ്റമൊന്നും വന്നില്ല. ഗണപതി കോവിലിൽ നിന്നും ഭജനകൾ ഉയരുമ്പോൾ, മുല്ലയും, പിച്ചകവും ചെണ്ടുമല്ലിയും മണക്കുന്ന വഴികളിലൂടെ, ഈ കാഴ്ച്ചകൾ കാണാനിറങ്ങുന്ന ഞാൻ പച്ചക്കറികളും പലചരക്കും കയറ്റിയിറക്കുന്ന മാർക്കറ്റുകളിലൂടെയും, തിരക്കേറി ആളുകൾ ബഹളം വയ്ക്കുന്ന സബർബൻ ട്രെയിനുകളിലൂടെയും ചൂടേറിയ കാപ്പി കടകളിലൂടെയും കയറി ഇറങ്ങി അവസാനം ചെന്നു നില്ക്കുക തണുത്ത കാറ്റടിക്കുന്ന റയിൽവേ ഓവർ ബ്രിഡ്ജി ലായിരിക്കും. അവിടെനിന്നുള്ള അസ്തമയവും സായം സന്ധ്യയുടെ നീല കാൻവാസിലെ ചിത്രവിരുതുകളും മറക്കാനാവാത്ത ഓർമകളാണ്. നമുക്ക് മുൻപേ വന്നവർക്കും, നമുക്ക് ശേഷം വരുന്നവര്ക്കും തിരക്കുകൾ മാത്രം... പൂക്കാരികളും, കുപ്പിവള കച്ചവടക്കാരും, പഴക്കച്ചവടക്കാരും എന്നുവേണ്ട ചിലപ്പോൾ എതിരെ വരുന്ന ഓരോ മുഖവും കണ്ടു പരിചിതമായിരിക്കും, ഒരു പുഞ്ചിരി നമുക്കായ് കരുതുന്നവർ, സംശയത്തോടെ ഒന്ന് തിരിഞ്ഞു നോക്കി പോകുന്നവർ , ഇവര്ക്കെന്താ വട്ടുണ്ടോ എന്ന ഭാവത്തിൽ പരിഹാസച്ചുവയോടെ നടന്നു നീങ്ങുന്നവർ....ബഹുജനം പലവിധം തന്നെ!!
പിന്നെ ഇവിടെ എന്റെ നാട്ടിലെ ഈ കൊച്ചു(ി) നഗരത്തിൽ തിരക്കുകളുടെ ഭാഗമായും അല്ലാതെയും കുറച്ചു നാൾ.... ഇവിടുത്തെ തിരക്കുകളിൽ ചൊവ്വാഴ്ച തിരക്കാണ് എന്നിലെ കൗതുകത്തെ ആദ്യമുണർത്തിയത്, മറ്റു ദിവസങ്ങളിലെ തിരക്കുകൾ ഞാൻ കാണാതെ പോകുന്നതുമാവാം. പ്രാർത്ഥനയുടെ സഹായം തേടി വിശുദ്ധന്റെ മുൻപിലെത്തുന്ന ആയിരങ്ങൾ...ഇവരെ ആശ്രയിച്ചു ജീവിതം നയിക്കുന്ന മറ്റു കുറേപ്പേർ... ഒട്ടുനേരം ഈ തിരക്കിനൊപ്പം കൂടിയെങ്കിലും, ആൾക്കൂട്ടത്തിൽ തനിയെ നില്ക്കാനുള്ള ആഗ്രഹം പതിയെ തലപൊക്കി.
തിരക്കുകളിൽ നിന്നൊഴിഞ്ഞ്, വഴിയോരത്തൊരു മരത്തണലിൽ ഞാനെന്റെ ചിന്തകളെ അഴിച്ചുവിട്ടു... ഇവിടെയല്ലാവർക്കും തിരക്കോട് തിരക്ക് തന്നെ...
പതിവ് കാഴ്ചകൾക്കപ്പുറമൊന്നും കാണാതെ പോകുന്നവർ.... എന്റെ മുൻപിൽ ജോലിയിൽ വ്യാപൃതനായ ഒരു ചെരിപ്പുകുത്തിയും മെഴുകുതിരി കച്ചവടക്കാരനും... ഇടയ്ക്ക് പൊഴിയുന്ന മഴയോ, വാഹനങ്ങളും ജനങ്ങളുമുണ്ടാക്കുന്ന ശബ്ദ കോലാഹലങ്ങളൊ ഒന്നും അവരെ ബാധിക്കുന്നതേയില്ല . ചെരുപ്പുകുത്തിയുടെ നല്ല ദിവസങ്ങളിൽ ഒന്നായിരുന്നിരിക്കണം ഇന്ന്, അയാളുടെ മടിശീലയ്ക്ക് പതിവില്ലാത്ത കനം, പാവം മെഴുകുതിരി കച്ചവടക്കാരന്റെ ശുഭദിനമല്ല ഇന്നെന്നു തോന്നുന്നു.... ഏറെ നേരമായിട്ടും ആരും അയാളിൽ നിന്നൊന്നും വാങ്ങുന്നതേയില്ല. വാഗ്സാമർത്ഥ്യം കൊണ്ടാളുകളെ ആകർഷിക്കാൻ അയാളും മെനക്കെടുന്നില്ല. ഇതൊന്നും വിറ്റു പോകണമെന്ന് ഇയാൾക്കില്ലേ ആവോ? ലക്ഷണം കണ്ടിട്ട് ഒന്നും തന്നെ വിറ്റു പോയതായി തോന്നുന്നില്ല. സമയമെന്തായി എന്ന അയാളുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്...കച്ചവടം മതിയാക്കി പോകാനാണോ? ഇടയ്ക്കൊരു പെണ്‍കുട്ടി ഒരു കൂട് മെഴുകുതിരി വാങ്ങിപ്പോയി.... ഇത്ര തുച്ഛമായ വരുമാനം കൊണ്ടയാൾ എങ്ങനെയാണാവോ ജീവിക്കുന്നത്..?കുടുംബത്തിലെ അംഗസംഖ്യ കൂടുതലാണെങ്കിൽ ഇതുകൊണ്ടെന്താവാൻ? ചെരുപ്പുകുത്തിയെ കടാക്ഷിച്ച ഭാഗ്യം ഇയാളെ കണ്ടില്ല എന്നുണ്ടോ? ഇനി ഇത്തരമൊരു തിരക്ക് വരണമെങ്കിൽ ഒരാഴ്ച്ച കാത്തിരിക്കണം. അതുവരെ അയാളെന്തു ചെയ്യും.? എങ്ങനെ ജീവിക്കും?
കാഴ്ചകൾ മതിയാക്കി ഞാൻ നടന്നു തുടങ്ങി...എന്തോ ഒരു ഉൾവിളി പോലെ തിരിഞ്ഞു നടന്ന് ഒരു കൂട് മെഴുകുതിരി ഞാനും വാങ്ങി. മെഴുകുതിരി കൂടെന്റെ കൈകളിലേക്ക് നൽകുമ്പോൾ, ഒരു പക്ഷെ  ദാരിദ്രം കൊണ്ടു തളർന്ന,  അയാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ കൃതാർത്ഥയായി. അയാള്ക്കും മനസ്സിലായിട്ടുണ്ടാവും ഞാൻ വേണ്ടിയിട്ടല്ല മെഴുകുതിരി വാങ്ങിയതെന്ന്...
മറ്റുള്ളവരെ പോലെ നിശബ്ദമായ പ്രാർത്ഥനയോടെ പുണ്യവാളനു മുൻപിൽ തിരികത്തിച്ച് മടങ്ങുമ്പോൾ നമുക്കറിയാത്ത പരിചിതമല്ലാത്ത ജീവിതങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്തകളെല്ലാം..ഒരേ ലോകത്തെങ്കിലും അവനവന്റേതു മാത്രമായ തുരുത്തുകളിൽ ഒതുങ്ങുന്നവർ...നൈമിഷകമായ ബന്ധങ്ങളും പരിചയങ്ങളും ഒന്ന് ചേർന്ന് ഈ ഇത്തിരിപോന്ന ജീവിതം വ്യത്യസ്തമാക്കുന്നു. അടുത്ത ചൊവ്വാഴ്ച ഇനിയെന്ത് കാഴ്ച്ചയാണാവോ എനിക്ക് കരുതി വയ്ക്കുക?

Monday, 1 July 2013

ഇന്റിമേറ്റ്‌



ചില വ്യക്തികളും ബന്ധങ്ങളും ആത്മാവിന്റെ ഭാഗമാകുന്നത് പലപ്പോഴും നാം പോലുമറിയാതെയാണ്....അടർത്തിമാറ്റാനാവാത്ത ആത്മബന്ധങ്ങൾ; അവ പലപ്പോഴും ആത്മ നൊമ്പരങ്ങളുമാകുന്നു... പിരിഞ്ഞിട്ടും മനസുകൊണ്ട് അകലാത്ത എത്രയോ സുഹൃത്തുക്കൾ , എത്രയോ ബന്ധങ്ങൾ, പ്രണയങ്ങൾ. ഓർമകൾക്ക് മാധുര്യമേകുന്ന നോവിന്റെ സ്മൃതികൾ ....

എന്റെ മുൻപിൽ ബസ്സിൽ കണ്ട ആ മധ്യ വയസ്ക ഇപ്പോഴുമുണ്ട്...ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള ബസിൽ തിരക്കിനും വളവു തിരിവുകൾക്കുമൊപ്പം ചാഞ്ഞും ചരിഞ്ഞും സർക്കസ്‌ നടത്തുമ്പോൾ അശ്രദ്ധമായ് കണ്ണിൽ പെട്ടതാണവർ . തേച്ചു മടക്കിയ വടിവൊത്ത കോട്ടണ്‍ സാരിയിൽ ജ്വലിക്കുന്ന പ്രൌഡ മുഖം. എങ്കിലും കണ്ണുകളിൽ എന്തോ ഒരസ്വാസ്ഥ്യം...ചേർത്തു പിടിച്ചിരിക്കുന്ന ബാഗും കുടയും. എന്റെ തൊട്ടു മുൻപിലെ സീറ്റിൽ ആണവർ ഇരിക്കുന്നത്. ഇടയ്ക്ക് ബാഗ്‌ തുറന്നു മൊബൈൽ കൈയ്യിലെടുത്തു. സ്കൂൾ ബസ്‌ കിട്ടാതെ സമയം തെറ്റി വീട്ടിലെത്താൻ വൈകുന്ന കുഞ്ഞുങ്ങളെ കുറിച്ചോ, പ്രായാധിക്യത്താൽ വലയുന്ന മാതാപിതാക്കളെകുറിച്ചോ ഉത്കണ്ഠാകുലയാണ് അവരെന്ന് തോന്നി.... നഗരജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ താളം തെറ്റുന്ന കുടുംബബന്ധങ്ങൾ ....

ഞാൻ എന്നെ തന്നെ പഴിച്ചു...അന്യന്റെ സ്വകാര്യതയിൽ കൈ കടത്തി നിഗമനങ്ങൾ തേടുന്ന എന്റെ സ്വഭാവം എന്നാണ് മാറുക....കാണുന്ന ഓരോമുഖങ്ങൾക്കും ഭാവനക്കനുസരിച്ച് പേരും സാഹചര്യങ്ങളും കല്പ്പിച്ചു നല്കി കഥകൾ നെയ്യാൻ ഞാനാര്?

കയ്യിലെടുത്ത മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന പേരുകളിലൂടെ അവർ പല തവണ എന്തോ തിരഞ്ഞു നടന്നു...അവസാനം ഏതോ ഒരു നമ്പർ നോക്കി കുറച്ചു നേരം നിശ്ചലയായി ഇരുന്നു...കണ്ണുകൾ അപ്പോഴും ആ പേരിലും നമ്പറിലും തന്നെ...പിന്നെ സാവധാനം ആ കോണ്‍ടാകറ്റ് ഓപണ്‍ ചെയ്ത് നമ്പർ മാത്രം ഡിലീറ്റ് ചെയ്തു...പേര് കൂടുതൽ വ്യക്തമായി..."ഇന്റിമേറ്റ്‌ " ഒരുപാട് അടുപ്പമുള്ള ആരോ ഒരാൾ...അഗാധമായൊരു സ്നേഹബന്ധം... അല്ലെങ്കിൽ അടുത്തറിയുന്ന ആരോ ഒരാൾ, അതുമല്ലെങ്കിൽ ഉറ്റചങ്ങാതി...അതാരായിരിക്കും...??? എന്നിലെ സഹജമായ കൌതുകം വീണ്ടും തലപൊക്കി... പ്രിയപ്പെട്ടതെന്തോ നഷ്ടമായ വേദന അവരുടെ കണ്ണുകളിൽ... ഏറെ നേരം ഫോണ്‍ നമ്പർ ഇല്ലാത്ത പേരിലേക്കുനോക്കിയിരുന്നു അവസാനം മടിച്ചു മടിച്ചു അവരതും ഡിലീറ്റ് ചെയ്തു.... ഫോണ്‍ ഓഫ്‌ ചെയ്തു പെട്ടന്നു തന്നെ ബാഗിലേക്ക് വച്ചു. കണ്ണുകളടച്ചു സീറ്റിലേക്ക് ചാരിയിരുന്ന അവരുടെ മുഖത്തേക്ക് ഞാൻ ഒന്നുകൂടെ നോക്കി....

മനസുകൊണ്ട് പ്രിയ്യപ്പെട്ടവർ അകലുമ്പോൾ ഉണ്ടാകാവുന്ന വേദനയോർത്ത് ഞാൻ എന്റെ ചിന്തകളിലേക്ക് പിൻവാങ്ങി . അടർത്തിമാറ്റാനാവാത്ത ആത്മബന്ധങ്ങളും സ്നേഹബന്ധങ്ങളും എനിക്കുമുണ്ടല്ലോ.... മറ്റാരും അറിയാതെ എന്നോട് ചേർത്തുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നവ.... സങ്കടങ്ങളിലും സന്തോഷങ്ങളിലും ഞാൻ ചെന്നണയുന്ന അഭയകേന്ദ്രങ്ങൾ....കോരിച്ചൊരിയുന്ന തുലാവർഷ രാത്രികളിലും, ശരത്കാല നിലാവിലും ഒളിച്ചും ഒളിക്കാതെയുമൊക്കെ കഥകൾ പറഞ്ഞു നേരം വെളുപ്പിച്ച എത്രയോ രാവുകൾ....പാതിരാവിലെ എന്റെ വട്ടുകൾ കാതോർത്തു കേൾക്കുന്ന പ്രിയ ചങ്ങാതിമാർ ....പരസ്പരം ഇണങ്ങിയും പിണങ്ങിയും അന്യോന്യം താങ്ങുതടികളാകുന്ന സൌഹൃദങ്ങൾ. ഇന്നുവരെ അവർ നഷ്ടമാകുന്ന നിമിഷത്തെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല . നാളെ ഇതിനെല്ലാം വില ക്കുകൾ വന്നാൽ?

ജീവിതത്തിൽ പരസ്പരം ഓരോരുത്തർക്കും ഓരോ കാലത്തും ഓരോരോ കടമകൾ, കർത്തവ്യങ്ങൾ. അവനവന്റെ നിയോഗങ്ങൾ പൂർത്തിയാക്കി വേർപിരിയുന്ന കൈവഴികളാണല്ലോ ബന്ധങ്ങൾ. ഒരുപക്ഷെ എന്റെ ജീവിതത്തിൽ അപരിചിതയായ ഈ സ്ത്രീയുടെ നിയോഗം പേരിട്ടു വിളിക്കുന്ന ബന്ധങ്ങളുടെ അർത്ഥശൂന്യത എന്നെ അറിയിക്കുക എന്നതാവാം..

എന്റെ മനസ്സിലെന്നും അളവുകളില്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ്...അങ്ങനൊരു നാളാണ് എന്റെ സ്വപ്നം... പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും സമൂഹത്തിന്റെ വിലങ്ങുകൾ ഇല്ലാത്ത, ബന്ധങ്ങൾക്ക് പേരുനല്കി സാധൂകരിക്കേണ്ടതില്ലാത്ത ഒരുനാൾ ....പ്രിയപ്പെട്ടവരേയും ഇഷ്ടങ്ങളേയുമൊക്കെ മറ്റാർക്കും വേണ്ടി ത്യജിക്കേണ്ടതില്ലാത്ത നാൾ.