“അനീതികള്‍ കാണുമ്പോള്‍
വേദനിക്കുന്നൊരു ഹൃദയം
നിനക്കുന്ടെന്കില്‍ നിന്നെ
ഞാന്‍ സഖാവേ എന്ന് വിളിക്കും”
അതുകൊണ്ട് മാത്രമാണ്
കാലങ്ങളോളം ഞാന്‍ നിന്നെയും
സഖാവേ എന്ന് വിളിച്ചത്
അന്ന് അനീതികളില്‍ വേദനിക്കുന്ന
നിന്റെ ഹൃദയം എനിക്ക്
കാണാന്‍ കഴിഞ്ഞിരുന്നു
ക്രൂശിത രൂപത്തിനും ബുദ്ധനും
മഹാത്മാവിനുമോപ്പം നിന്റെ
മുഖവും ഞാന്‍ ചേര്‍ത്ത് വച്ചു
പക്ഷേ, അനീതികള്‍ പ്രകൃതിയുടെ
അസന്തുലിതമായ സന്തുലനങ്ങലാണ്
എന്ന് നീ പറഞ്ഞപ്പോള്‍
മുള്‍ക്കിരീടങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ
രക്തത്തിന്‍ ചുവപ്പ് തീ പോല്‍
പടരാന്‍ തുടങ്ങിയിരുന്നു
ഓര്‍മ്മകള്‍ മരിക്കുന്നു ചങ്ങാതി,
പകരം സ്വാര്‍ത്ഥ താത്പര്യങ്ങളെ-
ന്നെയും നിന്നെയും നയിക്കുന്നു...
പൊട്ടിചെറിയുവാന്‍ ചങ്ങലകള്‍ ഏറെ..
അമ്മയുടെ കണ്ണുനീരിന് മുന്‍പില്‍
നിന്റെ സ്വാതന്ത്ര്യങ്ങള്‍ അവസാനിക്കുന്നു
വെന്നു അറിയാഞ്ഞിട്ടല്ല...
എനിക്കുമുണ്ടല്ലോ വലിഞ്ഞു മുറുകി
ശ്വാസംമുട്ടിക്കുന്ന ഒട്ടേറെ ചങ്ങലകള്‍
ജീവിതം ഏറ്റവും സന്തോഷം പകര്‍ന്ന
ദിവസങ്ങളിലൂടെ നീ ആഘോഷിക്കുമ്പോള്‍
ഇവിടെയൊരു കൊച്ചു തുരുത്തില്‍
നിന്റെ ലോകം ചുരുങ്ങിയതോര്‍ത്തു
ഞാന്‍ നെടുവീര്‍പ്പിടുന്നു....
ബോധിയുടെ ഇലതുമ്പിലെ മഞ്ഞു
തുള്ളികള്‍ ഉരുകിയോലിക്കുന്നു
എന്റെ നിസ്സഹായതയില്‍ പിടഞ്ഞു
നിന്നില്‍ അഭയം തേടിയ എന്നെ
നിന്റെ വാക്കുകളാണെറ്റം വേദനിപ്പിക്കുന്നത്
വര്‍ഗ വ്യത്യാസങ്ങള്‍ പ്രകൃതിയുടെ
നിയമമാണു പോലും...??
എന്ന് മുതല്‍ ??
നീ നിന്നെക്കുറിച്ചു മാത്രം
ചിന്തിച്ചു തുടങ്ങിയ നാള്‍ മുതലോ?
എനിക്ക് നിന്റെ പാത പിന്തുടരാനവുന്നില്ല
ഇന്നും പീഡിതന്റെ വേദനകള്‍
എന്നെ മറ്റെന്തിനെക്കാളും ഏറെ
മുറിപ്പെടുത്തുന്നു........
ഇവിടെ എനിക്ക് മനസിലാകാതെ
പോകുന്നത് നിന്റെ നിസ്സംഗതയാണ്
കാലചക്രം തിരിച്ച്....ഒരുപാട്
ഇടവഴികളും നടവഴികളും തിരിച്ചു നടന്നു
തിരിച്ചറിവിന്റെ നിമിഷാര്ധത്തില്
തിരികെയെത്തി ഞാനൊന്നു ചോദിക്കട്ടെ...
എന്താണ് നിനക്കും എനിക്കും സംഭവിച്ചത്?
വഴികളെവിടെയാണ് വേര്‍പിരിഞ്ഞത്?
ചിന്തകള്‍ക്കെന്നാണ് താളം പിഴച്ചത്?