Sunday, 12 October 2014

രാത്രികൾ

രാത്രികൾ നക്ഷത്രങ്ങളുടേതായിരുന്നു;
പ്രണയം നക്ഷത്രമാണെന്നുറച്ച്,ജാലക
ചില്ലിലെ ഇത്തിരി ആകാശ ചുവരിലെ
നക്ഷത്രങ്ങളെ നോക്കുവാനായിരുന്നു.

രാത്രി, കാറ്റിനും കവിതയ്ക്കും മഴയ്ക്കും
നിലാവിനും മഞ്ഞിനും കുളിരിനും
പകുത്തു നല്കിയതായിരുന്നു...
രാത്രി,മിന്നാമിനുങ്ങുകളുടെ ഇത്തിരി
വെട്ടത്തിൽ പൂക്കള വിരിയുന്നത്
കാത്തിരിക്കുവാനായിരുന്നു...

രാത്രി സൗഹൃദങ്ങളുടെതായിരുന്നു
പാതിമയക്കതിലാരോ ' കൊച്ചേ -
നീയുറങ്ങിയോ ?'എന്ന് വിളിച്ചുണർത്തി
ചോദിക്കുമ്പോൾ, ഉറക്കമില്ലായ്മ പങ്കു-
വച്ച് കഥകൾ പറയുവാനായിരുന്നു

രാത്രി വായനയുടേതായിരുന്നു ...
തറയിൽ വിരിച്ച പുൽപായിൽ പുസ്തകങ്ങൾ
നിരത്തി അഷ്ടപദിയുടെ പിന്നണിയോടെ
ഭിത്തിയിൽ ചാരിയിരുന്നു അക്ഷരങ്ങളിൽ
കണ്ണുംനട്ട് നേരം പോക്കുവാനായിരുന്നു

രാത്രികൾ സ്വപ്നങ്ങളുടേതായിരുന്നു
ജന്മാന്തരങ്ങൾക്കിപ്പുറവും, സ്വപ്നമെന്ന
പോൽ വഴിപിരിഞ്ഞ ആരോ പുനർജ്ജന്മം
നേടി, തേടി വരുമെന്ന കനവായിരുന്നു
രാത്രികളിലെ വശ്യ സൗന്ദര്യം ...

പിന്നെയൊരുനാൾ,
രാത്രികൾ കാത്തിരുപ്പിന്റെതായി...
പങ്കിടലിന്റെയും;പിന്നെയൊരു രാക്കനവുപോൽ
രാത്രികൾ കണ്ണുനീരിന്റെതായി, പങ്കിടാത്ത
വേദനകളുടെ കുറ്റബോധത്തിന്റെയും....
പാപങ്ങളാരാണ് പകുത്തുതന്നത് ?

പകലണയുവോളം കാത്തിരുന്ന്
രാവണയുമ്പോൾ മനസ് കൊതിയ്ക്കുന്നു ...
ആഗ്രഹങ്ങൾ പാപമോക്ഷം നേടിയ
അപ്പൂപ്പന്‍ താടിപോൽ കാറ്റിലുയരുന്നു
ഉറങ്ങിയും ഉറങ്ങാതെയും പകലെത്തുമ്പോൾ
മനസ് വീണ്ടും രാവിനായി കാത്തിരിക്കുന്നു
തെറ്റ് മനസിന്റെയോ? രാത്രിയുടെയോ?

പുഴ

ഓർമ്മകളിൽ, ഒരുപാടു മഴക്കാലങ്ങളുടെ ഇടവേളകളിൽ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാഴ്ചയുണ്ട്, ഓരോ മഴക്കാലത്തോടൊപ്പവും ഓർമ്മകളിൽ തെളിയുകയും നേരിൽ മങ്ങുകയും ചെയ്യുന്നൊരു കാഴ്ച്ച...

പുലർച്ചെ, മറ്റാരും ഉണരും മുൻപേ ഉറക്കമെഴുന്നേറ്റ്‌, മഴയേയും മഞ്ഞിനേയും തണുപ്പിനേയും വകവയ്ക്കാതെ,മുറ്റത്തെ മന്ദാരചുവട്ടിൽ നിന്ന് ആരും കാണാതെ, മറ്റാർക്കും പങ്കുവയ്ക്കാതെ ഞാൻ മാത്രം മനം നിറയെ കണ്ടിരുന്ന കാഴ്ച്ച.

അന്നൊക്കെ മഴ കനക്കുമ്പോൾ പുഴയ്ക്ക് ആഴവും വണ്ണവും കൂടുമായിരുന്നു. പാറക്കെട്ടുകളെ മൂടി,വെള്ളിച്ചിലങ്കയണിഞ്ഞ പെണ്ണ് പരിസരം മറന്നു കുതിച്ചൊഴുകും. രാവേറെച്ചെല്ലുംവരെ നിർത്താതെ പെയ്ത മഴയുടെ എല്ലാ ആവേശവും അവളുടെ ഒഴുക്കിലും കാണാമായിരുന്നു. രണ്ടു മഴകളുടെ ഇടവേളയിൽ മരത്തലപ്പുകളെ മഞ്ഞു പുണരുമ്പോൾ, മഴത്തുള്ളികൾ ചുംബിച്ചു പാതി വിടർത്തിയ ഗന്ധരാജനും മുല്ലയും മന്ദാരവും ചെറുകാറ്റിൽ സൗരഭ്യം പൊഴിക്കുമ്പോൾ, പുലർകാലത്തെ തണുപ്പിൽ ഞാൻ എന്‍റെ പ്രിയ കാഴ്ച്ച കണ്ടു നില്ക്കും. മുറ്റത്തെ വെള്ളമന്ദാരചുവട്ടിൽ നിന്നാൽ കാണുന്ന കരകവിഞ്ഞൊഴുകുന്ന പുഴ.

എന്‍റെ ഉയരക്കുറവോ , ഉയരം കൂടിയ തെച്ചിപ്പടർപ്പോ പുഴയെ മുഴുവനായങ്ങനെ കാണാൻ സമ്മതിച്ചിരുന്നില്ല. മഴത്തുളളികളുടെ ഭാരത്താൽ തെച്ചിയൊന്നു കുനിഞ്ഞു തന്നാൽത്തന്നെ തെച്ചിയിലെ മുല്ലവള്ളികൾ തീരെ സമ്മതിക്കില്ല. പുഴയുടെ കരുത്തും വെള്ളത്തിന്‍റെ കലമ്പലും എല്ലാം പുഴയെ അങ്ങനെ നോക്കികൊണ്ടേയിരിക്കാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

വേനലിൽ വെള്ളം വറ്റുമ്പോൾ നടുവിലെ വലിയ പാറയിൽ കയറിയിരുന്നു ഞാൻ തേൻപൂക്കളൊഴുക്കിയ പുഴയല്ലിത്... ചെറുകുഴികളിലെ മീനുകളെ ചിരട്ടയിൽ കോരിയെടുത്ത് ദിവസവും സ്ഥലം മാറ്റി കളിക്കുമ്പോൾ എന്നോട് കുശലം പറയാറുള്ള പുഴയുമല്ല. കുളിക്കാനെത്തുന്ന പെണ്ണുങ്ങൾ പറയുന്ന പായാരം കേട്ട് നാണിച്ചു തുരുത്തുകളെ വലംവച്ചൊഴുകുന്ന പുഴയുമല്ല.

ഇവളിങ്ങനെ കരയിലെ ആറ്റുവഞ്ചികളെ വേരോടെ ഒഴുക്കി മുന്നോട്ടു കുതിച്ച ഒരു സന്ധ്യയിലാണത്രേ അക്കരെ കടവിലെ മുട്ടോളം മുടിയുള്ള സുന്ദരിപ്പെണ്ണ്‍ പതിയെ നടന്നു പുഴയുടെ നടുവിലിറങ്ങി നിന്നതും പുഴ അവളെ കൂടെക്കൂട്ടിയതും. തനിയെ പുഴക്കടവിലേയ്ക്ക് പോകാൻ എനിക്കനുവാദമില്ല. അല്ലെങ്കിൽ ഒരുപക്ഷെ ഈ തിരകളിൽ ഞാനെന്‍റെ കാലുകൾ നനച്ചേനെ ... പിന്നെയാ പുഴയിലേക്ക് താഴ്ന്നു നില്ക്കുന്ന പേരമരക്കൊമ്പിലിരുന്ന് ഇവളുടെ ഒഴുക്ക് നോക്കികണ്ടേനേ ..... പക്ഷെ അതും അപകടമാണത്രേ ...പേരയ്ക്ക പറിയ്ക്കുവാൻ കയറിയ ചെക്കൻ കൈവിട്ട് താഴെ വീഴുകയും പാറയിൽ തലയിടിച്ച് ബോധം മറഞ്ഞു പുഴയോടൊപ്പം പോവുകയും ചെയ്തത് ഏറെ മുൻപൊന്നുമല്ല .

എന്തായാലും പുഴ സുന്ദരിയാ...ഇങ്ങനെ ഇരുകരകളെയും മുട്ടിയുരുമ്മി, ചിലപ്പോൾ വെള്ളത്തിൽ മൂടി, ഒഴുക്കിന്‍റെ ഹുങ്കാരമുണ്ടാക്കി തെന്നിച്ചിതറി പായുമ്പോൾ മറ്റെങ്ങുമില്ലാത്തൊരു സൗന്ദര്യം ഇവൾക്കുണ്ട്. അപ്പോൾ പിന്നെയീ പുലരിയുടെ വിളറിയ വെളിച്ചത്തിൽ ഇവളും ഇവളുടെ ശബ്ദവും മാത്രം കണ്ണിലും മനസ്സിലുമായി നിൽക്കുമ്പോൾ ഇതിനേക്കാൾ മനോഹരമായ എന്ത് കാഴ്ച്ചയാണുള്ളത്‌ ??

പക്ഷെ പുഴയ്ക്കിത്ര പെട്ടന്നൊരു 'ശൈശവ -വാർദ്ധക്യമോ'? വല്ലാതെ ശോഷിച്ചിരിക്കുന്നു, തുടുത്ത കൈയിലെ പച്ച ഞരമ്പുകൾ പോലെ ഒന്നോ രണ്ടോ നീർച്ചാലുകൾ മാത്രമാണിപ്പോൾ ഇവൾ. മഴ പെയ്താലും ഇല്ലെങ്കിലും കുറെയായി ഇവളിങ്ങനെ ആണ്. അണക്കെട്ടിൽ ആവശ്യത്തിലധികം ചെളിയും മണലും സംഭരിച്ചിട്ടുണ്ടത്രേ.... എന്തിനാണാവോ!!! പിന്നെ കാറ്റത്തും മഴയത്തും ഒളിച്ചുകളിക്കുന്ന വൈദ്യുതി വെളിച്ചങ്ങൾ എല്ലായിടത്തും തെളിഞ്ഞിട്ടുണ്ട്...

ഗന്ധരാജൻ വേരുണങ്ങി ഇലകൾ കരിഞ്ഞിരിക്കുന്നു. മന്ദാരം വെട്ടിമാറ്റിയാണവിടെ പുതിയ വഴി തെളിച്ചത്. മുറ്റത്തിനരികിൽ വേലി പോലെ പടർന്ന തെച്ചിക്കാടും ഏതോ മഴയത്തിടിഞ്ഞ് പുഴയോടൊപ്പം ഒഴുകി. ഇത്തിരിപോന്ന പുഴയ്ക്കു കുറുകെയാവട്ടെ ഒത്തിരി വലിയൊരു പാലവും. ഇനി ഓർമ്മകളിലെ പുഴക്കാഴ്ച്ച ഓർമ്മകൾക്ക് മാത്രം സ്വന്തം.

എന്തൊക്കെയാണെങ്കിലും അന്നും ഇന്നും പുഴ വല്ലാത്തൊരു obsession തന്നെയാണ്.

സമ്മിശ്ര വികാര വിചാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും...

ജയരാജിന്റെ കളിയാട്ടമെന്ന ചിത്രം കണ്ടിറങ്ങിയ ഏഴു വയസ്സുകാരിയുടെ മനസ്സില്ഷേക്സ്പിയറുടെ വിശ്വവിഖ്യാത കഥയേക്കാള്അവശേഷിച്ചതും പാടിനടന്നതും അതിലെ പാട്ടുകളാണ് .വില്ലില്നിന്നും കുതിക്കുന്ന അമ്പുപോലെ ഒരു കവുങ്ങിന്തലപ്പത്തുനിന്ന് അടുത്തതിലേക്ക് പറക്കുന്ന ദൃശ്യങ്ങള്അന്നേ മനസ്സില്പതിഞ്ഞു. വേളിക്കുവെളുപ്പാന്കാലം എന്നുതുടങ്ങുന്ന പാട്ടുകേള്ക്കുമ്പോഴെല്ലാം തികഞ്ഞ മെയ് വഴക്കത്തോടെ, കൈയടക്കത്തോടെ അത്ഭുതങ്ങള്സൃഷ്ടിക്കുന്ന കമുക് കയറ്റക്കാരെയും ഇന്ത്യന്റോപ് മാജിക്അഭ്യാസികളെയും ഞാന്ഓര്ത്തു .

നിര്ത്താതെയുള്ള രണ്ടുമണിക്കൂര്വാചകമടിക്കിടയില്ഇഷിതഗുവാഹട്ടിഎന്ന വാക്കിന്റെ അര്ത്ഥം അടയ്ക്കയുടെ മാര്ക്കറ്റ് എന്നാണെന്ന് പറഞ്ഞപ്പോള്എനിക്കെന്തോ പെരുമലയനെയും താമരയെയും പിന്നെയാ പാട്ടും ഓര്മ്മ വന്നു.

പേരിലെന്നപോലെ അവളിലും ഉണ്ടായിരുന്ന എന്തോ ഒരു ദൈവികത ഇന്നലെ രാത്രി  “I dreamt of becoming your collegue” എന്ന് ഇഷിതയ്ക്ക് മെസ്സേജ് അയയ്ക്കാന്എന്നെ നിര്ബന്ധിച്ചു. അവളും അതാണാഗ്രഹിച്ചിരുന്നതെന്ന മറുപടി ഞാന്പ്രതീക്ഷിച്ചത് തന്നെയായിരുന്നു. കണ്ടുമുട്ടാന്വേണ്ടിമാത്രം പിരിഞ്ഞു എന്ന് ഉറപ്പുള്ളതുകൊണ്ട് ഇതൊരവസാനമായി തോന്നിയതെയില്ല.

ഇനി ഇതുപോലെ ഇവിടെയ്ക്കൊരു വരവുണ്ടാകില്ലെന്നുറപ്പിച്ചു നടത്തിയ മൂന്നുയാത്രകളുടെ ഉപസംഹരക്കുറിപ്പില്എന്റെ പ്രിയ്യപ്പെട്ടവരെല്ലാം ഒന്നുപോലെ നിറയുന്നു.

29/ 05/ 2014
ഗുവാഹട്ടിയിലേക്കുള്ള ആദ്യ യാത്രയില്എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് പറഞ്ഞുകേട്ടും ഫോണിലൂടെ സംസാരിച്ചും മാത്രം പരിചയമുള്ള ലക്ഷ്മി എന്ന സുഹൃത്തിനെ നേരിട്ടുകാണാം എന്നതായിരുന്നു. സൗഹൃദങ്ങളുടെ പെരുമഴക്കാലത്ത് പുതിയ തുടക്കങ്ങള്‍...

യാത്രയില്ഞങ്ങളധികവും സംസാരിച്ചത്ഭക്തിയെന്ന പൊന്മുട്ടയിടുന്ന താറാവിനെ കുറിച്ച് തന്നെയായിരുന്നു.”  ഇവിടെയെത്തുന്ന ഇതൊരു വിശ്വാസിയും ആദ്യം ചെല്ലുന്നകാമാഖ്യ ക്ഷേത്രം’. ആത്മാവിനെയും അസ്ഥിത്വത്തെയും തിരഞ്ഞുള്ള വഴികള്കച്ചവടപാതകള്ആകുന്നത് കണ്ട് ഞങ്ങള്ഒന്നുപോലെ വിഷമിച്ചുനിവേദ്യമായി കിട്ടുന്ന ചുടുരക്തത്തില്സംപ്രീതയാകുന്ന ദേവിയേക്കാളധികം ഇരുള്പടര്ന്ന ശ്രീകോവിലിലെ ചെറുതിരി വെളിച്ചത്തില്പ്രസാദിക്കുന്ന ഭക്തരുടെ അഭീഷ്ടങ്ങള്വരം നല്കുന്ന ദേവിയെ ആയിരുന്നു എനിക്കേറെ പ്രിയം. പുഴുവായും, പറവയായും, മൃഗമായും, നരനായുമൊക്കെയുള്ള ജന്മ പുനര്ജന്മ ചാക്രികതയില്മനുഷ്യന്മറ്റാരേക്കാളും വലുതാണ്എന്ന് അപ്പോള്ചിന്തിക്കാന്തോന്നിയില്ല... ചിറകുമുളച്ചുതുടങ്ങാത്ത  വെള്ളരിപ്രാവിന്റെ രക്തം നേദിക്കുന്ന സന്യാസിയുടെ കണ്ണിലെ വിവരിക്കാനാവാത്ത ഭാവങ്ങളില്നിന്ന് കഴുത്തുമുറിഞ്ഞ ചെറു ജീവിയുടെ അവസാനപിടച്ചിലിനു നേരെ ഞാന്കണ്ണുകളടച്ചു ... ഇതാണോ ഭക്തി മാര്ഗം.???

എങ്കിലും ക്ഷേത്ര വഴികളില്ഭംഗിയായി കൊരുത്ത് വില്പനയ്ക്ക് വച്ച ചുവന്ന ചെമ്പരത്തിമാലകള്മനസ്സിനെ ബഹളങ്ങളില്ലാതെ ശബ്ദം നാമജപങ്ങളില്മാത്രമൊതുങ്ങുന്ന, നേര്ച്ചകള്പൂക്കളിലും മാലകളിലും വിളക്കിലും എണ്ണയിലും കദളിക്കുലകളിലും ഒതുങ്ങുന്ന നാട്ടിലെ അമ്പലമുറ്റത്തെത്തിച്ചു.  
ഇവിടെ ഒരുതുള്ളി രക്തത്തില്സംപ്രീതയാകുന്ന ദേവി...അവിടെയോ ഒരുതുള്ളി രക്തത്തില്അശുദ്ധയാകുന്നവളും..!!!

ബ്രഹ്മപുത്ര
എയര്പോര്ട്ടില്നിന്നും ഹോട്ടലിലേക്കുള്ള യാത്രക്കിടെയാണ് ലക്ഷ്മിയുടെ അച്ഛന്ബ്രഹ്മപുത്രയില്കാലുകള്നനയ്ക്കണമെന്ന ആഗ്രഹം പറഞ്ഞത്.

“ ‘ഇരുണ്ട മേഘങ്ങള്ക്കെതിരെ പറന്ന വെളുത്ത കൊറ്റികള്‍’ മോഹാലസ്യപ്പെട്ടു വീണ ഗദാധരനെയും കടന്ന് പത്മ നദീതടത്തിലൂടെ ബ്രഹ്മപുത്രയുടെ മഴക്കാടുകളില്എവിടെയെങ്കിലും കൂടുകൂട്ടിയിട്ടുണ്ടാവാം.തൂതപ്പുഴയിലും ഹൂഗ്ലിയിലും ഗംഗയിലും മീനുകളായി നീന്തിതുടിക്കുന്ന പിതൃക്കള്‍ ... പുണ്യ പാപങ്ങള്പലവഴികളിലൂടൊഴുകി അവസാനം പിതൃക്കളുടെ സ്നേഹമായി മക്കളെയൂട്ടാന്മഴയായ് പെയ്യുന്നു....”  എവിടെയോ ഒരുഗുരുസ്പര്ശംഞാന്അറിഞ്ഞു.
ബ്രഹ്മപുത്രയില്കാലുകള്നനയ്ക്കണമെന്ന ആഗ്രഹം ആഗ്രഹമായി ഒതുങ്ങി... എങ്കിലുംദര്ശനേ പുണ്യംഎന്ന് കരുതി സന്തോഷിച്ചു...

19/07/2014
വെളുപ്പാന്കാലത്ത് വേലാചേരിയില്ട്രെയിന്ഇറങ്ങി എവിടെയ്ക്കെന്നു ചിന്തിക്കാതെ തിരക്കൊഴിഞ്ഞ പ്ലാറ്റ്ഫോമില്തിരക്കിട്ട് നടക്കുന്ന നായ് കൂട്ടത്തെ നോക്കിയിരിക്കുമ്പോഴാണ്  ലക്ഷ്മിയുടെ സ്നേഹം നിറഞ്ഞ സ്വതസിദ്ധമായ ചിരി എന്നെ എതിരേറ്റത്. ഒന്നുകുളിച്ചെത്തിയപ്പോഴേയ്ക്കും വയറു നിറയെ പുട്ടും പഴവും മധുരം തുളുമ്പുന്ന കട്ടന്കാപ്പിയും ലക്ഷ്മി എനിക്കായ് ഒരുക്കി. സ്വതവേയുള്ള എന്റെ അലസതയ്ക്കു നേര്വിപരീതയാണ് ലക്ഷ്മി. കാലെകൂട്ടിത്തന്നെ യാത്രയ്ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരിക്കുന്നു.

പറയാതെ വയ്യ...ഞങ്ങള്യാത്രക്ക് തയ്യാറായപ്പോഴെയ്ക്കും  ജോലിക്ഷീണം മാറ്റി വച്ച് പപ്പി ഒരുക്കിയ ബീറ്റ്റൂട്ട് ഉപ്പേരിയും രസവും ചേര്ത്ത് കഴിച്ച ചോറിനു സ്നേഹത്തിന്റെയും കരുതലിന്റെയും സ്വാദുണ്ടായിരുന്നു...:)

കഥകളായിരുന്നു ഞങ്ങളുടെ യാത്രയില്‍ ...ആസ്സാമിന്റെ മാനസം തൊട്ടറിയുന്ന കഥകള്‍. പല ആദിവാസി വിഭാഗങ്ങള്‍, അവരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണം, കല, സംസ്കാരം ....പിന്നെ ഞങ്ങളെ കൂട്ടിയിണക്കുന്ന സുദൃഡമായ കണ്ണി...ഞങ്ങളുടെ പ്രിയ്യപ്പെട്ട ശ്രീ... സംസാരിക്കാന്വിഷയങ്ങളേറെ, സമയമൊ തീരെ ഇല്ലാത്തതു പോലെയും.

യാത്ര എനിക്ക് നല്കുന്നത് പുതിയ സൌഹൃദങ്ങളാണ്..ലക്ഷ്മി, പപ്പി , രജിത.. യാത്രക്കൊടുവില്എന്നും സ്നേഹത്തോടെ ഓര്ക്കാന്ഒരുപാട് നന്ദിയും കടപ്പാടും മാത്രം..
ലക്ഷ്മി എന്തുകൊണ്ട് നമ്മള്നേരത്തെ കണ്ടുമുട്ടിയില്ല എന്ന് ചോദിച്ചാല്‍ “ എല്ലാത്തിനു അതിന്റേതായ സമയമുണ്ട് ദാസാഎന്നേ മറുപടിയുള്ളൂ...അല്ലെങ്കില്പിന്നെ ഒരേ നാട്ടുകാരായ ഞാനും പപ്പിയും അവിടെ വച്ച് പരിചയപ്പെടേണ്ടി വരില്ലല്ലോ ;)

11/08/2014
മൂന്നാമത്തെ യാത്ര അഥവാ ദുരിത പര്വ്വം.

മലകളിറങ്ങി യാത്രതുടങ്ങുമ്പോള്മഴയും മഞ്ഞുമായിരുന്നു കൂട്ട്. വേണ്ട വേണ്ട എന്ന് മനസ്സ് കലമ്പി കലഹിച്ചു കൊണ്ടേയിരുന്നു.. ഞാനെന്തിനു പോകുന്നു? എനിക്കിതാണോ വേണ്ടതെന്ന് ഒരായിരം തവണ ഞാന്എന്നോട് തന്നെ ചോദിച്ചു... എന്താണ് എനിക്ക് വേണ്ടതെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം ഇല്ലാത്തതുകൊണ്ടുതന്നെ പോകാം എന്ന് നിശ്ചയിച്ചു.  

ഇത്തവണ ഗുവാഹട്ടിയിലെ മഴ കണ്ടു ചെളിയും മാലിന്യവും നിറഞ്ഞ വഴികളിലൂടെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ മഴനനഞ്ഞു നടന്നു... എല്ലാ മൂന്നാം ലോക രാജ്യങ്ങളിലെയും വികസിക്കുന്ന നഗരങ്ങള്‍ക്ക് പറയാനുള്ള കഥകള്‍ തന്നെയാണ് ഗുവാഹട്ടിക്കും പറയാനുള്ളത്...
ചെറിയ റോഡുകള്‍, ഒരു മഴപെയ്താല്‍ തോടുകളാകുന്നവ...അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍, അഴുക്കു ചാലുകളില്‍ മണ്ണും ചെളിയും മാലിന്യവും അടിഞ്ഞുകൂടി ഓടയിലെ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നു. വഴിയോര കച്ചവടക്കാര്‍ ഫുട്പാത്തിന്റെ ഭൂരിഭാഗവും കൈയ്യേറിയിരിക്കുന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വഴിയോരങ്ങളില്‍ മുറുക്കി തുപ്പുന്നു..

പഠിക്കുന്ന കാലം മുതല്‍ സബ് വേകള്‍ എനിക്ക് പേടിയാണ്... ചോള പാണട്യ രാജാക്കന്മാരുടെ ചരിത്രം ചുവര്‍ ചിത്രങ്ങളായി സബ് വേ അലങ്കരിക്കുമ്പോള്‍ നമ്മുടെ പാവം മദ്രാസികള്‍ മുറുക്കിച്ചുവപ്പിച്ച് നീട്ടി തുപ്പി എല്ലാ ചിത്രങ്ങള്‍ക്കും ഒരിത്തിരി ചുവപ്പ് കൂട്ടി നല്‍കി മനോഹരമാക്കാറുണ്ടായിരുന്നു. എന്തോ അന്നും ഇന്നും വഴിയോരങ്ങളില്‍ തുപ്പുന്നതും പ്ലാസ്റ്റിക്കും പേപ്പറും ഉപേക്ഷിക്കുന്നതും എനിക്ക് പഥ്യമല്ല. ഇതെല്ലാം കാണുമ്പോള്‍ എന്‍റെ മനസാക്ഷി എന്നെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും...

പുതിയ സൗഹൃദങ്ങളിലെ മാതൃസ്ഥാനീയര്‍ പറഞ്ഞു “നീ കണ്ടതൊന്നുമല്ല, ഇനിയുമെന്തെല്ലാം കാണാനിരിക്കുന്നു , ഇവിടുത്തെ പല സര്‍ക്കാര്‍ ഓഫീസുകളിലും ഇമ്മാതിരി മുറുക്കി തുപ്പിയ കലാവിരുതുകള്‍ ഉണ്ട്.. പതിയെ പതിയെ നമുക്കും അതൊരു ശീലമാകുന്നു.” രണ്ടാം നിലയിലെ സണ്ഷേയ്ഡില്‍  ആല്‍ വളര്‍ന്ന് വേരുകള്‍ മണ്ണില്‍ മുട്ടി നില്‍ക്കുന്ന പ്ലാനിംഗ് കമ്മിഷന്റെ ഓഫീസ് കണ്ടപ്പോഴേ മനസ്സിലായിരുന്നു ഒട്ടും പ്ലാനിംഗ് ഇല്ലാതെ വെറുതെ ചീട്ടുകൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കിയും ധൂര്‍ത്തടിച്ചുകാലം കഴിയ്ക്കാമെന്ന്. അധ്വാനത്തിന്റെ വലിയൊരു ഭാഗം ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും , എന്തിന് കാറ്റിനും, വെളിച്ചത്തിനും, വെള്ളത്തിനും, ചവിട്ടി നില്‍ക്കുന്ന മണ്ണിനുപോലും നികുതി നല്‍കുന്ന, മൊത്തം ജനസംഖ്യയുടെ എഴുപതു ശതമാനത്തിലധികം പ്രജകള്‍ കേവലം എഴുപതു രൂപയില്‍ താഴെ ദിവസവരുമാനമുള്ളവരായ ഈ മഹാ രാജ്യത്ത് രാജ്യക്ഷേമം എവിടെ?

ഇങ്ങനെയൊക്കെ ആണെങ്കിലും വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നു, മലകള്‍ ഇടിച്ചു നിരത്തുന്നു, കാടുകള്‍ വെട്ടി വെളുപ്പിക്കുന്നു പുഴകളുടെ ഗതിമാറ്റുന്നു. എല്ലാത്തിനുമൊടുവില്‍ ആരെന്തു നേടി എന്ന ചോദ്യം അവശേഷിക്കുന്നു.

“യോഗക്ഷേമം വഹാമ്യഹം”

തിരിച്ചുള്ള യാത്രയില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാതിരുന്നതുകൊണ്ട് കാണുന്ന ബസില്‍ കയറി ചെന്നൈ- കോയമ്പത്തൂര്‍- ഉദുമല്‍പ്പേട്ട- മൂന്നാര്‍ യാത്ര സ്വപ്നം കണ്ടിരുന്ന ഞാന്‍ രാത്രി 1.30 കോയമ്പേട് ബസ്‌ സ്റ്റേഷനില്‍ തൃശൂര്‍ പൂരത്തിനുള്ള ആളെകണ്ടു ഞെട്ടി. കോയമ്പത്തൂര്‍ വേണ്ട ട്രിച്ചി, മധുര, തേനി, കമ്പം എവിടെയ്ക്കെങ്ങിലും ഒരു ബസ്‌ കിട്ടിയാല്‍ മതിയെന്നായി... ഒടുവില്‍ ഗുരുവായൂര്‍- കോഴിക്കോട് ബോര്‍ഡ് വച്ച SETC ബസില്‍  കോയമ്പത്തൂര്‍ ഇറങ്ങാമെന്ന മോഹവുമായി ഇടിച്ചുകയറി.. ഭാഗ്യം ഭാണഡകെട്ടുകളും താങ്ങി നില്‍ക്കാനുള്ള സ്ഥലമുണ്ട്. പക്ഷെ ഡ്രൈവറുടെ ചീത്തവിളി അതി കഠിനമായിരുന്നു. ബസ്‌ പുറപ്പെട്ട് കണ്ടക്റ്റര്‍ ടിക്കറ്റ്‌ എടുക്കാന്‍ എത്തിയപ്പോഴാണ് അറിയുന്നത് ബസ്‌ ഗുരുവായൂര്‍ക്കും പാലക്കാടിനും ഒന്നുമല്ല, മധുരയ്ക്കാണ. രണ്ടു ബാഗുകളും തൂക്കി ഉറക്കം തൂങ്ങി നില്‍ക്കുന്ന എന്നെ കണ്ടു സഹതാപം തോന്നിയ കുട്ടിയുടെ കാരുണ്യത്തില്‍ എനിക്ക് ഇരിക്കാന്‍ ഇത്തിരി ഇടം കിട്ടി.. പാവം അച്ഛനാവട്ടെ മധുരവരെ നില്‍ക്കേണ്ടിയും വന്നു. യാത്രാക്ഷീണവും വിശപ്പും നീരുവച്ചു വീര്‍ത്ത കാലുകളുമായി പിറ്റേന്നു വൈകിട്ട് വീട്ടിലെത്തുമ്പോള്‍ പോയന്നു തുടങ്ങിയ മഴ അപ്പോഴും നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു..

ഇനി ഞാനെവിടെയും കൂടെ കൊണ്ടുപോകില്ല , തനിച്ചേ പോകൂ എന്ന് അച്ഛനെ ശാസിക്കുമ്പോള്‍ സങ്കടമായിരുന്നു മനസ്സില്‍... കണ്ണുകള്‍ നിറഞ്ഞത്‌ അച്ഛന്‍ കാണാതെ മറച്ചു ദേഷ്യം നടിച്ചു.. അച്ഛന്‍മാരയാല്‍ പറഞ്ഞാല്‍ കേള്‍ക്കണം എന്ന് പറയുമ്പോഴേയ്ക്കും മറുപടിയെത്തി.. “യാത്ര ചെയ്യാതെ ഇത്രയും കാലം നമ്മള്‍ നമ്മളെ തളച്ചിടുകയല്ലായിരുന്നോ? ഈ യാത്ര നന്നായി..നീ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഇനിയും യാത്ര ചെയ്യും..” ഞാന്‍ എന്‍റെ ഫ്രണ്ട്സ്ന്‍റെ ഒപ്പം പൊയ്ക്കോളാം അച്ഛന്‍ അച്ഛന്റെ ഫ്രണ്ട്സിനൊപ്പം പോയാല്‍ മതി എന്നു പറഞ്ഞു ഞാനും പിന്‍വാങ്ങി. ശരിയാണ്.., യാത്രകള്‍ നല്‍കുന്ന അറിവും പരിചയവും ആത്മവിശ്വാസവും അനുഭവങ്ങളും മറ്റൊന്നിനും നല്‍കാനാവില്ല.

എനിക്കഭിമാനം മാത്രമേയുള്ളൂ ശ്രീക്കുട്ടി, ദിവ്യ നിങ്ങളെയോര്‍ത്ത്...എനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കരുതുമ്പോള്‍ ഇതിലും വലിയ എന്ത് സന്തോഷമാണ് എനിക്കീ ഭൂമിയില്‍.. നമ്മളെന്നും ഇതുപോലെ തന്നെയായിരിക്കും സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുമിച്ച്നിന്ന്... നമുക്കിടയിലെ അകലങ്ങള്‍ മനസ്സിന്റെ അടുപ്പം കൊണ്ട് മായ്ച്ചു കളഞ്ഞ്...

and finally my dear sreelakshmi Sasidharan... സ്വപ്നം കാണാന്‍ ടാക്സ് ഒന്നും കൊടുക്കേണ്ടാത്തതുകൊണ്ട് നമ്മുടെ group A Gazatted Post നമുക്ക് ഒരുമിച്ചു സ്വപ്നം കാണാം.. ഒരുമിച്ച് ആ സ്വപ്നത്തിലേയ്ക്കുനടക്കാം.


ലക്ഷ്മി... ഇനി ഇതുപോലൊരു യാത്ര ഉണ്ടാവില്ലെന്ന് ഉറപ്പിച്ചത്കൊണ്ട്തന്നെ ഞാനാ അസിസ്റ്റന്റ്‌ മാനേജരെ അവിടെ ഉപേക്ഷിച്ചു... ഇനി കൂടെ കൂട്ടാനും തീരെ ആഗ്രഹിക്കുന്നില്ല. വടക്ക് കിഴക്കെന്നും പറഞ്ഞ് ആരും ഇനി എന്നെ ക്രൂശിക്കാന്‍ വരേണ്ട... എനിക്ക് തെക്ക് പടിഞ്ഞാറാണ് താത്പര്യം...;)