Friday, 24 January 2014

കാഴ്ചകൾ കാഴ്ചപ്പാടുകൾ ...!!!

ഒഴുകാന്‍ തുടങ്ങുന്ന പുഴ, കുഞ്ഞുറവകളിലെ മണ്ണും മണലും ചരലും ഒപ്പം കൂട്ടുന്നത്‌ പോലെ ബാല്യാനുഭവങ്ങളും വളര്‍ച്ചയെന്ന ഒഴുക്കിനൊപ്പം തട്ടിയും തടവിയും ഇടയ്ക്ക് കരകളില്‍ ഉരഞ്ഞു  മിനുസപ്പെടുത്തിയും മൂര്‍ച്ച കൂട്ടിയും സ്വഭാവരൂപീകരണത്തിന്റെ അടിത്തറകളായി മുന്നോട്ടു പ്രവഹിക്കുന്നു. ബാല്യത്തിലെ നിറങ്ങളും ഗന്ധങ്ങളും കാഴ്ചകളും ഓര്‍മകളും അത്ര പെട്ടന്നൊന്നും ആരുടേയും മനസ്സില്‍ നിന്നും മായില്ല... എത്രത്തോളം വൈവിധ്യങ്ങളാര്‍ന്ന ഓര്‍മ്മകളാണോ അത്രത്തോളം ശക്തമാകുന്നു വ്യക്തിത്വവും...

ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ അടച്ചപ്പോഴേ അനുജന്മാര്‍ പറഞ്ഞു തുടങ്ങി...ചേച്ചി പൂരമാണ്‌... പൂരത്തിന് വരില്ലേ എന്ന്. സ്വതവേയുള്ള മടിയോടൊപ്പം ഇത്തിരി അഹങ്കാരവും കൂട്ടിക്കലര്‍ത്തി  വരുന്നില്ല എന്ന മറുപടി.. കാരണമറിയാതെ സമ്മതിക്കില്ല എന്നുംപറഞ്ഞവര്‍ പുറകെ കൂടിയപ്പോള്‍ എനിക്ക് തിരക്കും ബഹളങ്ങളും ഇഷ്ടമല്ല, അല്ലെങ്കില്‍ തന്നെ ഞാന്‍ agoraphobic ആണ്... ആളുകളെ കാണുന്നതും സംസാരിക്കുന്നതും ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. നിര്‍ബന്ധിച്ചിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാവണം അവര്‍ എന്നെ വിട്ട് ചേട്ടന്റെ പിറകെ കൂടി.  എന്നേക്കാള്‍ രണ്ടു വയസ്സിനിളയ അനുജന്‍ സസന്തോഷം ഉത്സവ പദ്ധതികളുടെ കാര്യപരിപാടി തീരുമാനിക്കാന്‍ മുന്കൈയെടുത്തിറങ്ങി... അവനതൊരു അംഗീകാരം ആണ്,  കുട്ടിപട്ടാളങ്ങള്‍ ചേച്ചിയെവിട്ട് ചേട്ടന്റെ ചങ്ങാത്തം സ്വീകരിച്ചിരിക്കുന്നു..!!!

ഉത്സവദിവസമടുക്കുംതോറും അവരുടെ പദ്ധതികള്‍ ഗംഭീരമായി മുന്നേറുകയാണ്. ഇത് വരെ കുഞ്ഞാങ്ങളമാരേ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ട്യോളും അവരോടൊപ്പം കൂടിയിരിക്കുന്നു. ജാഡ തീരെ വിടാതെ ഞാന്‍ പുസ്തകങ്ങളിലെ കാര്യമില്ലാ ചോദ്യങ്ങളില്‍ കണ്ണുംപൂഴ്ത്തി ഇരുന്നു. ഉത്സവ ദിവസം കുഞ്ഞമ്മ കുട്ടികളെയും കൂട്ടി അമ്പലത്തിലേയ്ക്ക് പോയപ്പോള്‍ പ്രായമായ അച്ഛച്ചന്  കൂട്ടിനെന്നും പറഞ്ഞു ഞാന്‍ വീട്ടില്‍ ചടഞ്ഞു കൂടി.. കലപിലകള്‍ നിശബ്ദതയ്ക്ക് വഴിമാറി... തനിച്ചിരുന്നു മുഷിഞ്ഞപ്പോള്‍ തൊടിയിലൂടെ ഇറങ്ങിനടന്നു...; കുന്നിന്‍ ചരുവില്‍ സ്വര്‍ണ്ണവര്‍ണ്ണം അണിഞ്ഞു തുടങ്ങിയ പുല്ലുകള്‍ക്കിടയില്‍ ധനു മാസത്തിലെ നീലാകാശം നോക്കിയിരുന്നു, ഇലകളെ ഇളക്കി മറിയ്ക്കുന്ന, തണുത്ത കാറ്റിനോട് കുറച്ചു നേരം കളിപറഞ്ഞു, കുഞ്ഞുന്നാളിലെ ഉറക്കുകഥകളില്‍ ഏറെ കേട്ട ആകാശഗംഗയിലെ വറ്റിത്തുടങ്ങിയ വെള്ളച്ചാട്ടം തിരഞ്ഞു നടന്നു.. ആ കഥകള്‍ മെനഞ്ഞെടുത്ത അച്ഛമ്മയുടെ സര്‍ഗശേഷി പറയാതെ വയ്യ, പടിഞ്ഞാറേ ചെരുവില്‍ മഞ്ഞു പുതച്ച മലനിരകള്‍ ആകാശത്തിന് അതിര് കെട്ടുന്നതിനിടയ്ക്കു കാഴ്ചകള്‍ തെളിയുന്ന ഒറ്റ ദിവസം പോലും എനിക്കാ വെള്ളച്ചാട്ടം കാണാന്‍ കഴിഞ്ഞിട്ടില്ല; എനിക്കെന്നല്ല ആ കഥകള്‍ കേട്ടുവളര്‍ന്ന ഒരൊറ്റ കുഞ്ഞിനും അതിന്നുവരെ കണ്ടെത്താനായിട്ടില്ല... എന്നിട്ടും ബോറടി മാറുന്നില്ല...!!! അവരോടൊപ്പം പോകാമായിരുന്നു !!!

പറഞ്ഞതിലും നേരത്തെ അവരെത്തി... സ്നേഹം കൊണ്ട് എന്‍റെ അനുജന്മാരെന്നെ വിസ്മയിപ്പിച്ചു.. പതിനാലുവയസ്സുകാരന്‍ അനിയന്‍ അവന്റെ ചില്ലറക്കുടുക്ക പൊട്ടിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉത്സവ സ്പെഷ്യല്‍ സമ്മാനങ്ങള്‍ വാങ്ങി... പെണ്‍കുട്ട്യോള്‍ക്കൊക്കെ മാലയും വളയും പൊട്ടും, ആക്ഷന്‍ സിനിമകളുടെ ആരാധകനായ അനുജന് തോക്കും വണ്ടികളും... ലിസ്റ്റ് അങ്ങനെ നീളുകയാണ്. ഉത്സവ വിശേഷങ്ങളും കേട്ട് അവരുടെ കയ്യില്‍ നിന്നും ബലൂണ്‍ പിടിച്ചു വാങ്ങി കാറ്റുനിറച്ചു ഞാനിരുന്നു. ചേച്ചിയ്ക്കെന്താ വാങ്ങേണ്ടതെന്നറിയില്ല..അത് കൊണ്ട് പുസ്തകാ വാങ്ങിയത് എന്നും പറഞ്ഞു അവനെനിക്ക് കുറച്ചു പുസ്തകങ്ങള്‍ നീട്ടി.  കുട്ടികളുടെ മഹാഭാരതം വാങ്ങാന്‍ പറഞ്ഞുവിടാമായിരുന്നു എന്ന് ഞാന്‍ മനസ്സിലോര്‍ത്തു അതാണിപ്പോള്‍ ഏറ്റവും അധികം വായിക്കാന്‍ ആഗ്രഹിക്കുന്നത്..  കുഞ്ഞമ്മയാകട്ടെ ഒരു വര്‍ഷത്തേയ്ക്ക് വേണ്ട മണ്‍കലങ്ങളും ചട്ടികളും പാത്രങ്ങളും ഒക്കെ വാങ്ങി അതിനിടയ്ക്ക് പലവഴി ചിതറിയോടിയ കുട്ടികളെ ഒരുമിച്ചു നിര്‍ത്താന്‍ പെട്ടപാടിനെക്കുറിച്ച് പരിഭവിച്ചു... ആഘോഷങ്ങളൊക്കെ അടങ്ങി നിനക്കും പോരാമായിരുന്നു എന്ന് എല്ലാവരും സഹതപിച്ചു... സാരമില്ല, അടുത്ത വര്‍ഷവും ഉത്സവം ഉണ്ടാകുമല്ലോ..

പകല്‍ വെയിലും കൊണ്ട് ഉത്സവം കണ്ടുനടന്നിട്ടാവണം എന്‍റെ കുട്ടിപട്ടാളങ്ങള്‍ നേരത്തെ കിടന്നുറക്കമായി... തെക്കേ മുറിയില്‍ ജനലും തുറന്നു നക്ഷത്രങ്ങള്‍ എണ്ണി കിടക്കുമ്പോള്‍ ഉറക്കം എന്തോ ഏറെ അകലെയായിരുന്നു. പാതിരാത്രി പതിവുപോലെ കരോള്‍ സംഘങ്ങള്‍ വീടുകള്‍ കയറി ഇറങ്ങുന്ന ശബ്ദം. ക്ഷീണം കൊണ്ടോ എന്തോ എന്നെ വിളിക്കണ്ട ഞാന്‍ എഴുന്നേല്‍ക്കില്ല എന്ന് അനുജന്‍റെ മുന്‍‌കൂര്‍ ജാമ്യം. അതിനു മറുപടിയായി അച്ഛച്ചന്‍ പറഞ്ഞു അവരിപ്പോള്‍ എല്ലാ വീട്ടിലും പോകില്ല, ക്രിസ്ത്യാനികളുടെ വീട്ടില്‍ മാത്രമേ പോകൂ... എനിക്കാ ശീലം പരിചയമില്ല... കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനിവിടെ ക്രിസ്തുമസ്സിനോ ഉത്സവത്തിനോ ഉണ്ടാവാറില്ലല്ലോ... അച്ഛച്ചന്‍റെ പ്രവചനം തെറ്റി... കരോള്‍ സംഘം വീട്ടിലും വന്നു. പക്ഷെ കുട്ടികളാരും കരോള്‍ കാണാന്‍ ഉണര്‍ന്നില്ല.

ഈ ഗ്രാമം ഒരിക്കല്‍ ഇങ്ങനെ ആയിരുന്നില്ല... ഉത്സവങ്ങളും ആഘോഷങ്ങളും മതങ്ങള്‍ക്ക് വീതംവച്ച് നല്‍കിയിരുന്നില്ല; സന്തോഷങ്ങളും സങ്കടങ്ങളും കേവലമൊരു വീടിന്റെ നാല് ചുവരുകള്‍ക്കുമപ്പുറം  ഗ്രാമത്തിന്റേതുകൂടിയായിരുന്നു. എന്നാല്‍ ഇന്നിതെല്ലാം അതിരുകള്‍ കെട്ടി നിശ്ചയിക്കപ്പെട്ടു... നഷ്ടങ്ങള്‍ ഇവിടുത്തെ പുതു തലമുറയിലെ കുഞ്ഞുങ്ങള്‍ക്ക്‌ മാത്രം... ഉറക്കം വരാതെ കിടക്കുമ്പോള്‍ ഒന്നുറപ്പിച്ചു അടുത്തകൊല്ലം ഇവരെ ഞാന്‍ കണ്ടു വളര്‍ന്ന, പഴയ ഉത്സവ കാഴ്ച്ചകളിലേയ്ക്ക് തിരികെ കൊണ്ട് പോകണം. ആ അവധിക്കാലങ്ങളുടെ ഹൃദ്യത അവരിലും നിറയണം...


വേനലുറച്ചു തുടങ്ങും മുന്‍പ് ഡിസംബറിലെ ഇത്തിരി അവധിക്കാലത്ത്‌, നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും വഴിതെളിയ്ക്കുമ്പോള്‍ കുട്ടികളെല്ലാം കുന്നിന്മുകളിലെ അമ്പലത്തിലേയ്ക്ക് ജാഥനയിക്കും. ദീപാരാധനയ്ക്കു നടയടയ്ക്കുമ്പോള്‍ ആല്‍ച്ചുവട്ടില്‍ ഒത്തുകൂടി കളികളും വെടിവട്ടവുമായി സമയം കൊല്ലും.. ഭജനയ്ക്കിരിക്കുന്ന മുത്തശ്ശിമാരുടെ പാട്ടിനു കമന്റടിക്കും... ഒടുവില്‍ നേദ്യചോറിനും കടുംപായസത്തിനും പാല്പായസത്തിനും തമ്മില്‍ കലഹിക്കും. ശിശിരമെത്തിനോക്കിത്തുടങ്ങുമ്പോള്‍ ഇലകൊഴിച്ച  ചില്ലകള്‍ക്കിടയിലൂടെ “ധനുമാസ ചന്ദ്രനുമായി” കിന്നാരം പറഞ്ഞു മടക്കയാത്ര... കുട്ടികളൊന്നും അമ്പലത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്താത്തതും കളിച്ചു നടക്കുന്നതും മറ്റാരുടെയും കുറ്റമല്ല, കുട്ടികളോടൊപ്പം ആല്‍ച്ചുവട്ടില്‍ കളികളില്‍ മുഴുകുന്ന അമ്പാടികണ്ണന്റെ കുസൃതി മാത്രം..!! പൂജകള്‍ ഫലമില്ലാതെപോകുന്നതിനു കവടി നിരത്തി ഇത്ര സുന്ദരമായൊരു കാരണം കണ്ടെത്തിയ ജ്യോതിഷിയും ഒരുപക്ഷെ കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരിക്കാം... കഥകളില്‍ നിന്നും വളര്‍ന്നെങ്കിലും, മതങ്ങളില്‍ തീരെ വിശ്വാസമില്ലെങ്കിലും കുട്ടികളോടൊപ്പം കളിക്കാനും കഥപറയാനും ഇഷ്ടപ്പെടുന്ന ദേവസങ്കല്പം മനസ്സിലാഴത്തില്‍ വേരുറച്ചുപോയി.....

പകലന്തിയോളം പരന്നുകിടക്കുന്ന കളികള്‍ക്കിടയില്‍ ഞങ്ങളുടെ കളി സംഘത്തിന് വീടുകളില്ല... എവിടെ തമ്പടിക്കുന്നോ അവിടുന്ന് ഭക്ഷണം.... പിന്നെ കാക്കകള്‍ കലപില വച്ച് പടിഞ്ഞാറേയ്ക്ക് പറക്കുമ്പോള്‍ ഏതെങ്കിലും വീട്ടിലെ കുളത്തില്‍ മുങ്ങികുളിച്ചുകയറി കളികള്‍ മുറ്റത്തെ ഇത്തിരി വെളിച്ചത്തിനുള്ളിലാവും. പിന്നെ അവിടുന്ന് നേരെ അമ്പലത്തിലേയ്ക്ക്... ഇതെല്ലാം കഴിഞ്ഞു വീടണയുമ്പോള്‍ നക്ഷത്രങ്ങളാകും കാവല്‍... ഈ കളി സംഘത്തിന്റെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണ് മണ്ഡലപൂജ തീരുമ്പോള്‍ അയ്യപ്പക്ഷേത്രത്തിലെ ഉത്സവം. അന്നാണ് ഞങ്ങളുടെ എല്ലാ വീടുകളിലെയും മുത്തശ്ശന്മാരും മുത്തശ്ശിമാരും കൂട്ടമായി ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്... ഒപ്പം ഞങ്ങളും.

ഞങ്ങളെന്നു പറയുമ്പോള്‍ അതിനൊരു ആമുഖം ഒരുപക്ഷെ വേണ്ടി വന്നേയ്ക്കാം... ഞാനും എന്‍റെ അനുജന്‍ പിന്നെ ഞങ്ങളുടെ കസിന്‍സ്– സമപ്രായക്കാരായ കണ്ണന്‍ ചേട്ടന്‍, അനുജത്തി കറുമ്പി എന്ന് ഞങ്ങള്‍ വിളിക്കുന്ന അനു, വെളുമ്പിയെന്ന് വിളിക്കുന്ന നീതു, നീനു,  പിന്നെ ഞങ്ങളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന അടുത്തും അകലെയുമുള്ള ബന്ധുക്കളും അവരുടെ മക്കളും ഒപ്പം അയല്‍വാസികളും.... പേരെണ്ണി തിട്ടപ്പെടുത്താന്‍ പ്രയാസമാകും... പലരും ഇപ്പോള്‍ ഓര്‍മകളില്‍ പോലുമില്ല.

രാവിലെ തുടങ്ങും കുന്നും മലകളും കയറിയുള്ള ഞങ്ങളുടെ പ്രയാണം. തുടക്കത്തിന്റെ ആവേശം ആദ്യമാദ്യം എല്ലാവര്ക്കും ഉണ്ടാകും. അമ്പലത്തിലേയ്ക്ക് എല്ലാവരും വണ്ടികളില്‍ പോയിവരുമ്പോള്‍  കളിച്ചും ചിരിച്ചും ബഹളം വച്ചും ഞങ്ങള്‍ നടന്നു തുടങ്ങും. വഴിയറിയാവുന്ന അച്ഛച്ചനും  അച്ഛമ്മയ്ക്കും അങ്ങേവീട്ടിലെ  അച്ഛനും  അമ്മയ്ക്കും   ഞങ്ങളെ  നിയന്ത്രിച്ചു ഒരുമിച്ചു കൊണ്ട് പോകുന്നതിനു വല്ലാതെ കഷ്ടപ്പെടേണ്ടി വരും..

അവര്‍ക്കീ യാത്രയാകട്ടെ വെറും ഉത്സവം കൂടല്‍ മാത്രമല്ല, പരിചയങ്ങള്‍ പുതുക്കുന്നതിനും കാര്‍ഷിക വിളകളുടെ കച്ചവടം ഉറപ്പിക്കുന്നതിനുമുള്ള അവസരമാണ്.  പശുവിനെ വില്‍ക്കാനുണ്ടോ..? എവിടെയെങ്കിലും നല്ല കുടംപുളി കിട്ടാനുണ്ടോ.. ചുക്ക് വേണേല്‍  പറയണേ... ഇങ്ങനെ പോകുന്നു വഴികളിലെ അന്വേഷണങ്ങള്‍. ഏതൊക്കെ വീട്ടില്‍ കല്യാണങ്ങള്‍ നടന്നു, എവിടെ പുതിയ കുഞ്ഞുങ്ങള്‍ പിറന്നു, ആരൊക്കെ വീടും സ്ഥലവും വിറ്റ്‌ താമസം മാറിപ്പോയി, രോഗ വിവരങ്ങള്‍ എല്ലാം ഈ  ഒരു യാത്രയില്‍ അറിയാനാകും. പലര്‍ക്കും ഞങ്ങളെ ഇതെന്റെ മോന്റെ/ മോളുടെ കുട്ടികളാണ് എന്ന് പരിചയപ്പെടുത്തും. അന്‍പത്- അറുപത് വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെയ്ക്ക് കുടിയേറിപ്പാര്ക്കുമ്പോള്‍ തുടങ്ങിയ പരിചയങ്ങള്‍.. ജോലി തിരക്കിനിടയില്‍ വര്‍ഷത്തിലൊരിക്കലേ ഇങ്ങനെ ഒരവസരം കിട്ടുകയുള്ളൂ...  

പൊടിമണ്ണ് മണക്കുന്ന ചെമ്മണ്‍ പാതയിലൂടെ പൊടി പടര്‍ത്തി ഞങ്ങള്‍ നടക്കും.. വഴിയരികിലെ ഓരോ തോട്ടിലും വയലിലും ഇറങ്ങി വെള്ളത്തില്‍ കാലുകള്‍ നനയ്ക്കും, നനഞ്ഞ കാലുകള്‍ പൂഴിയിലാഴ്ത്തി സ്വന്തം കാല്‍ച്ചുവടുകള്‍ വേര്‍തിരിക്കും. വഴിയരികിലെ പേരമരങ്ങളിലും ചാമ്പമരങ്ങളിലും വലിഞ്ഞു കയറും.. ആരാദ്യമെത്തും എന്നറിയാന്‍ മത്സരിച്ചോടും, തളരുമ്പോള്‍ വഴിയരികിലെ മരത്തണലില്‍ കൂട്ടത്തിലെ മുതിര്‍ന്നവരെ കാത്തിരിക്കും. ഇങ്ങനെ കുന്നും മലയും കയറി ഇറങ്ങി ക്ഷീണിക്കുമ്പോള്‍ മടുക്കാതെ എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ഒരു കാഴ്ചയുണ്ട്... 

മലഞ്ചെരുവിലെ ഇത്തിരി പാടത്ത് വിതച്ചു കൊയ്തെടുത്ത  നെല്ല് മുളംപനമ്പുകളില്‍ വഴിയരികില്‍ ഉണക്കാനിട്ടതില്‍ നിന്നൊരു പിടി വാരി, വഴിയില്‍ ഇളംവെയില്‍കാഞ്ഞു കിടക്കുന്ന വയ്ക്കോല്‍ കെട്ടുകളിലൂടെ ഓടിക്കിതച്ച് എത്തുമ്പോള്‍ കുന്നിന്‍ മുകളിലെ ചെറുവീടിന്റെ മുറ്റത്ത്‌,   വഴിയരികിലെ ചെറിയ കാലിത്തൊഴുത്തില്‍ ഞങ്ങളെ കാത്തെന്നോണം ഒരു ദിവസം പ്രായമുള്ള ദൈവപുത്രന്‍..!! അവനു ചുറ്റും വിരിഞ്ഞു നില്‍ക്കുന്ന പല നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍... പ്രഭാതങ്ങളില്‍ മഞ്ഞു പൊഴിക്കുന്ന ഇലകളും പൂക്കളുമായി “ഫ്ലെയിം വൈന്‍” ആ പുല്‍ക്കൂടിന് സ്വര്‍ഗത്തിന്റെ ചാരുത നല്‍കും.അത്രയേറെ ഭംഗിയുള്ള ഒരു പുല്‍ക്കൂട്‌ ഞാന്‍ കണ്ടിട്ടില്ല..ചെറുതെങ്കിലും അതി മനോഹരമായൊരു വീടും. എത്ര തവണ വഴിയരികില്‍ ആ വീട് നോക്കി നിന്നിട്ടുന്ടെന്നോ... ക്രിസ്തുമസ് എന്ന ആഘോഷത്തിന്റെ എല്ലാ സന്തോഷവും ആ പുല്‍ക്കൂടിലാണ് എന്ന് തോന്നിയിരുന്നു.  കണ്ടു കണ്‍നിറഞ്ഞ് ഞങ്ങള്‍ യാത്ര തുടരും..

മലയിറങ്ങി, ചെമ്മണ്‍ പാത വിട്ട്  ടാര്‍ റോഡിലേക്ക് കടന്നാല്‍ പിന്നെ നിരന്ന വഴിയാണ്. വഴിമദ്ധ്യേയുള്ള ഡാമില്‍ ഇറങ്ങി ദേഹത്തെ പൊടിയും മണ്ണും കഴുകി വൃത്തിയായാണ് പിന്നീടുള്ള യാത്ര... വഴിയിലെ കാഴ്ചകള്‍ അനവധിയാണ്. ഉത്സവത്തിനെത്തുന്ന ആനകളും അവയെ നയിക്കുന്ന പാപ്പാന്മാരും, വാഹനപ്രളയവുമെല്ലാം ഞങ്ങള്‍ക്ക് തീരെ പരിചിതമല്ലാത്ത കാഴ്ചകളാണ്... ഉച്ചഭാഷിണിയുടെ ശബ്ദകോലാഹലങ്ങള്‍ ഞങ്ങളുടെ വാക്കുകളെ ഭേദിച്ചു..ആ ശബ്ദ സാഗരത്തില്‍ തൊണ്ടപൊട്ടുന്ന പാകത്തിന് അലറി വിളിച്ചിട്ടും ഞങ്ങള്‍ക്ക് പരസ്പരം കേള്‍ക്കാന്‍ കഴിഞ്ഞില്ല...

അമ്പലത്തില്‍ മുന്‍പെങ്ങും കാണാത്ത തിരക്കാണ്... പല ദേശങ്ങളില്‍ നിന്നെത്തുന്ന പല പ്രായക്കാര്‍... ശ്രീ കോവിലിനു മുന്‍പില്‍ തൊഴാനെത്തുന്നവരുടെ നീണ്ടനിര, ഊഴം കാത്തുനിന്നു കാലുകള്‍ കഴയ്ക്കും പോരാത്തതിന് കയറിയിറങ്ങിയ കുന്നും മേടും ചെറുതല്ലല്ലോ... പ്രദക്ഷിണം എത്താറായി, കാവടി കാണിച്ചു തരാം എന്ന് മുതിര്‍ന്നവര്‍ പ്രലോഭിപ്പിക്കും...അതില്‍ ഞങ്ങള്‍ കുട്ടികളെല്ലാം കാലിന്റെ വേദന മറക്കും.

വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അപൂര്‍വ കാഴ്ചകളാണ് കാവടിയും, ഗരുഡന്‍ തൂക്കവുമെല്ലാം. പക്ഷെ തിരക്കില്‍ ഞങ്ങളുടെ കാഴ്ചകള്‍ മറയ്ക്കാന്‍ ഒരുപാട്‌ പേരുണ്ടാവും. എങ്കിലും, എങ്ങനെയെങ്കിലും തിക്കിയും ഞെരുങ്ങിയും ഇത്തിരി വിടവിലൂടെ ഞങ്ങളും ഈ കാഴ്ച്ചകള്‍ ആസ്വദിക്കും.. പിന്നെ നോക്കിയിരിക്കുക ഈ പ്രദക്ഷിണം ക്ഷേത്ര നടയ്ക്കലെത്തുമ്പോള്‍ പതിവ് തെറ്റാതെത്തുന്ന പരുന്തിനെയാണ്. ശ്രീകോവിലിനു മുകളില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ പരുന്തു വട്ടമിട്ടു പറക്കുമ്പോള്‍  ഞങ്ങളുടെ കൂട്ടം അമ്പലപ്പറമ്പിലെ വച്ചുവാണിഭകടകളിലേയ്ക്ക് തിരിയും... എന്തോ, അന്നും ഇന്നും എനിക്കതില്‍ മാത്രം തീരെ താത്പര്യം പോരാ...

ഓരോ ഉത്സവയാത്രയും മനസ്സില്‍ നിറയ്ക്കുന്നത് വര്‍ണങ്ങളുടെയും ഗന്ധങ്ങളുടെയും കഴ്ച്ചകളുടെയും മായാത്ത ഓര്‍മകളാണ്. ചെമ്മണ്ണിന്റെ നിറം, ആഴത്തില്‍ ഒരുപാട് ഇലകള്‍ ഒളിപ്പിച്ചു പച്ചയായിപ്പോയ ഡാമിലെ തണുത്ത വെള്ളം.. സ്വര്‍ഗത്തിന് ഓറഞ്ച് നിറമാണെന്ന് തെറ്റിദ്ധരിപ്പിച്ച ഫ്ലയിം വൈന്‍ പൂക്കള്‍, ചുവപ്പും മഞ്ഞയും, വെളുപ്പും എന്ന് വേണ്ട പലനിറങ്ങള്‍ പകര്‍ന്നാടിയ കാവടികള്‍.. കത്തുന്ന വെയിലില്‍,തിരക്കില്‍ വിയര്‍പ്പിന്റെയും ബലൂണിന്റെയും പൂജാദ്രവ്യങ്ങളുടെയും ഇടകലര്‍ന്ന ഗന്ധം.. മിന്നിമറയുന്ന അപരിചിതവും സുപരിചിതവും ‘അല്‍പപരിചിതവുമായ’ മുഖങ്ങള്‍; ഒന്ന് ഓര്‍ത്തെടുക്കുമ്പോഴേക്കും ഒരുനൂറെണ്ണം കടന്നു പോകുന്നു... പിച്ചിയും മുല്ലയും നാരങ്ങയും മണക്കുന്ന ഇടവഴികള്‍.. കാഴ്ചകളുടെ ബാഹുല്യത്തില്‍ ഞങ്ങള്‍ പരതിനടക്കും.

ഉച്ചവെയില്‍ ഇത്തിരിയൊന്നടങ്ങുമ്പോള്‍ മടക്കയാത്രയായി.... പിന്നെ വീടണയാനുള്ള ധൃതിയാണ്. വാങ്ങികൂട്ടിയ കളിക്കോപ്പുകളും സാധനങ്ങളും കണ്‍ നിറയെ കാണാനും ഉപയോഗിക്കാനുമുള്ള തിരക്ക്. പക്ഷെ എത്രശ്രമിച്ചാലും കാലുകള്‍ക്ക് ആ വേഗം ഉണ്ടാവില്ല.. ക്ഷീണമകറ്റാന്‍ വഴിയില്‍ പരിചയക്കാര്‍ സമ്മാനിക്കുന്ന പലഹാരങ്ങളും വെള്ളവുമൊന്നും ഞങ്ങള്‍ക്ക് മതിയാവില്ല. ഒടുവില്‍ സന്ധ്യക്ക്‌ വീട്ടിലെത്തുമ്പോള്‍ എന്തെങ്കിലും വയറുനിറയെ കഴിക്കണം എവിടെയെങ്കിലും കിടക്കണം എന്ന ചിന്തയെ ഉണ്ടാവുകയുള്ളൂ... എങ്കിലും കരോള്‍ സംഘത്തിന്റെ ആദ്യത്തെ കൊട്ട് കേള്‍ക്കുമ്പോള്‍ തന്നെ  ഞങ്ങള്‍ ഉണരും...പിന്നെ അവരേക്കാള്‍ ആവേശം ഞങ്ങള്‍ക്കായിരിക്കും.

ഇതിലൊന്നും ജാതിയോ മതമോ ഞങ്ങളെ ബാധിച്ചിരുന്നില്ല, ഇതെല്ലാം ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിലൂന്നിയുള്ള ചര്യകളായിരുന്നു.. ഒരുപക്ഷെ കാലമായിരിക്കാം ഈ മാറ്റങ്ങള്‍ക്കുത്തരവാദി... സ്നേഹത്താല്‍ മത്സരിക്കുന്ന എന്‍റെ അനുജന്മാരും അനുജത്തിമാരും ഇതൊന്നും അറിയാത്തവരാണ്, ഈ കാഴ്ചകള്‍ കാണാത്തവരാണ്. അതുകൊണ്ട് തന്നെ അടുത്ത തവണ ഉത്സവത്തിനു ഇവരെയും കൂട്ടി ഈ വഴികളില്‍ ഒരിക്കല്‍ കൂടി നടക്കണം.കുന്നും മലകളും വയലും പുഴകളും അവരും കാണണം. ഒരു മാവിലെങ്കിലും കല്ലെറിയാത്തവരായി, പൂക്കളും നക്ഷത്രങ്ങളും ആകാശവും കാണാത്തവരായി അവര്‍ വളര്‍ന്നാല്‍ എങ്ങനെ ശരിയാവും? ഇത്തിരി വട്ട് അവര്‍ക്കും വേണ്ടേ?

മാറ്റം എനിക്കുമുണ്ടായിരിക്കുന്നു...അല്ലെങ്കില്‍ രാവിലെ എഴുന്നേറ്റു ഗൂഗിള്‍ മാപ്പില്‍  എത്ര കിലോമീറ്റര്‍ എന്ന് ഞാന്‍ നോക്കില്ലായിരുന്നല്ലോ ?!!!!





No comments:

Post a Comment