Thursday, 20 June 2013

പ്രിയ കൂട്ടുകാരി,
ഇന്ന് നീയെവിടെ എന്നെനിക്കറിയില്ല, നിനക്ക് സുഖമാണോ എന്നും... ഒരുപക്ഷെ നമ്മളെ തമ്മിലകറ്റിയത് കാലമാവാം....
ഏതോ ഒരു വഴിത്തിരുവില്‍ ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു, കാരണം ഇന്നും എന്റെ വഴികളില്‍ ഞാന്‍ തനിച്ചാണ്....എന്റെയും നിന്റെയും വഴികള്‍ ഒന്നാവുന്നത് ഞാന്‍ സ്വപ്നം കാണുന്നു...

“ഒരിക്കല്‍ നമ്മള്‍ ഒരുമിച്ചു പറഞ്ഞ വാക്കുകള്‍ ഇനി ഞാന്‍ തിരിച്ച് ചോദിക്കയ്ട്ടെ...
“What will you do when your dreams ask about me….?”
നിന്റെ സ്വപ്നങ്ങള്‍ എന്നെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ നീയെന്തുചെയ്യും?
“ഒരു മഴയില്‍ കുടചൂടി നനയാതെ നടന്നുപോയ വഴികളില്‍ ഇനി ഒരു തവണ നീ തനിച്ചു നടക്കുക, ഒപ്പം ഞാനില്ലാതെ....”
“ഒരു ബെഞ്ചിലെ ഒഴിഞ്ഞുപോയ എന്റെ സ്ഥലം വസന്തകാലം തേടിപ്പോയ പക്ഷിയുപേക്ഷിച്ചവലക്കൂടിനെ അനുസ്മരിപ്പിക്കുന്നുണ്ടാവം....
പക്ഷെ ഞാന്‍ നിനക്കായ്‌ പൂക്കളും ഫലങ്ങളും ചേര്‍ത്തൊരു സമ്മാനവുമായി തിരികെ വരാം.”
എന്നാണ് ഇത് നമ്മള്‍ ഒരുമിച്ച് പറഞ്ഞത് എന്ന് ഓര്‍ക്കുന്നുണ്ടോ?
ഹോസ്റ്റലില്‍ നിന്നുള്ള വഴിയില്‍, ഒരു കുടയില്‍ പകുതി നനഞ്ഞും നനയാതെയും നമ്മള്‍ നടന്നപ്പോള്‍ അതാണെന്റെ ഓര്‍മ്മ.
ഒരു ചാഞ്ഞുപെയ്യുന്ന മഴയ്ക്കൊപ്പം നീയെന്‍റെ അടുത്തേയ്ക്ക് വന്ന നാള്‍ മുതല്‍ പറയേണ്ടിവരുമെന്നു നമ്മള്‍ പരസ്പരം മനസിലാക്കിയ വാക്കുകള്‍...
പക്ഷെ പരസ്പരം സമ്മാനിയ്ക്കാന്‍ പൂക്കളും ഫലങ്ങളും ചേര്‍ത്തൊരു സമ്മാനവുമായ്‌ നമ്മള്‍ ഒരുമിച്ചു കൂടും, ഇനിയും...
ഇവിടെയിപ്പോള്‍ ഒരുമഴ ചാഞ്ഞും ചരിഞ്ഞും പെയ്യുന്നുണ്ട്...ഇടയ്ക്കിടെ എന്റെയീ വിശ്വവിഖ്യാതമായ മേശക്കരികിലേയ്ക്ക് എത്തി നോക്കുന്നുണ്ട്. ഇതുപോലെയുള്ള കുറെ മഴക്കാലങ്ങളും പിന്നെ പറഞ്ഞറിയിക്കാനാവാത്ത വേറെന്തൊക്കെയോ ചില കാഴ്ചകളും അനുഭവങ്ങളുമാണ്  കലാലയ ജീവിതത്തില്‍ നിന്നും നഷ്ടമായത്. അറിയില്ല അതെന്താണെന്ന്??
നീ കവിത പറയുമ്പോള്‍, ഞാനത് സ്വപ്നം കാണുമ്പോള്‍ ....പറഞ്ഞറിയിക്കാനാവാത്ത ഒരു ലോകത്തായിരുന്നു. നമുക്കുവേണ്ടി, അല്ലെങ്കില്‍ ഇതുപോലുള്ള ഒരുപാട് പേര്‍ക്ക് വേണ്ടി നിര്‍മിച്ച ആ തീരത്ത് എത്തുമ്പോഴുള്ള സുഖം...ഇവിടെയിപ്പോള്‍ ഈ മഴ നനയാന്‍ ഞാന്‍ തനിച്ചല്ലേ ഉള്ളു...
ആ ചെമ്പകം ഓര്‍ക്കുന്നുണ്ടോ...അതിന്റെ ഒരു പൂവിനുവേണ്ടി എത്ര കൊതിച്ചിട്ടുണ്ട് നമ്മള്‍?ഓരോ മഴ കഴിയുമ്പോളും ഓടിചെന്നിട്ടുണ്ട് ഒരു പൂവിന് വേണ്ടി...ഒടുവിലതും വെട്ടിവീഴ്ത്തി...സോണിയ മിസ്സിന്റെ ജേര്‍ണലിസം ക്ലാസിലല്ലേ? നമ്മളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും എഴുന്നേറ്റു നോക്കിയത് ഓര്‍ക്കുന്നുണ്ടോ?
“നമുക്ക് വീണ്ടും ആ പഴയ ഡിസംബറിലേക്ക് മടങ്ങിവരാം, ചെമ്പകപൂക്കള്‍ ഇതളടര്‍ന്ന വഴിയിലൂടെ തനിച്ചു നടന്നു പോയവരെ ഓര്‍ക്കാം...ഒരു ഗസല്‍ പോലെ നീണ്ട മഴയില്‍ നനഞ്ഞ് തണുപ്പ് പുതച്ച്‌ ഈ ഡിസംബറും കടന്നു പോകുകയാണ്....” ഇനി വരാന്‍ പോകുന്ന ഡിസംബറുകളില്‍ നമ്മളെവിടെയായിരിക്കും?
ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാത്തതുപോലെ...സത്യത്തില്‍ ആ കോളേജില്‍ തനിച്ചിരുന്ന് സംസാരിച്ച് തീര്‍ന്നിട്ടില്ല...പലരേയും മനസിലാക്കി കഴിഞ്ഞിട്ടില്ല, പലരോടുമുള്ള വെറുപ്പ് പ്രകടിപ്പിക്കാനായിട്ടില്ല...അങ്ങനെ ഒരുപാട് കാര്യങ്ങള്‍..
പിന്നെയൊന്നുള്ളത് കോളേജിനെ സംബന്ധിക്കുന്നതല്ല....അതെന്റെയൊരു ചിന്ന സ്വപ്നമാണ്...അതിനിനി അങ്ങ് രാജാക്കാട് വരെ വരണം..
നിന്റെയാ വിശ്വവിഖ്യാതമായ (എന്റെ മേശ പോലെ) ക്ലാസ്സ്‌ റൂം കാണണം ...എന്തൊക്കെ പറയാനുണ്ടാവും അതിന്. പിന്നെയാ പുഴയിലോന്നു പോണം.., നിന്റെ കൃഷ്ണനെ കാണണം, [പറ്റുമെങ്കില്‍ കുറച്ച് പാല്‍പ്പായസം( my favourite payasam) കിട്ടുമോന്ന് നോക്കണം). പിന്നെ നിന്റെ പാടത്തും പറമ്പിലും കുറച്ചുനേരം കറങ്ങി നടക്കണം...അപ്പോഴേയ്ക്കും മഴ പെയ്തു തുടങ്ങിയിട്ടുണ്ടാവും...അന്നേരം നമുക്ക്‌ ഒരു കുടയില്‍ നടക്കാനിറങ്ങണം. നടന്ന്... നടന്ന്...തണുപ്പ് അസഹ്യമാകുമ്പോള്‍ , ആ കടയില്ലേ, ആ വഴിയില്‍ കാണുന്ന ചെറിയ കട,  അവിടെ നിന്ന് കട്ടന്‍ ചായയും പരിപ്പുവടയും കഴിക്കണം...അങ്ങനെ ചൂടായിക്കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും നടക്കും. നടന്ന്...നടന്ന്..നടന്നങ്ങനെ പോവണം. തിരിച്ചു വരാന്‍ തോന്നുമ്പോള്‍ മാത്രം തിരിച്ചു വന്നാല്‍ മതി...അതിനി എന്നാണാവോ നടക്കുന്നത്...
ഇനിയിപ്പോള്‍ സാദിച്ചില്ലെങ്കില്‍ വേണ്ടെന്നേ...നമുക്ക് നടക്കാനാണോ വഴിയില്ലത്തെ? നമ്മളെതിലെയെങ്കിലുമൊക്കെ നടക്കുന്നുണ്ടാവും ഒരുമിച്ച്...
പരസ്പരം സ്നേഹവും സൗഹൃദവും ഉണ്ടായിരിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നിടത്തോളം ഓരോ നല്ല സൗഹൃദവും നിലനില്‍ക്കും...സത്യത്തില്‍ ഇത് വരെ നിനക്ക് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. എങ്കിലും എനിക്ക് നിന്നോട് സ്നേഹമാണ്...നീയെനിക്ക് ഒരുപാട് കാര്യങ്ങളില്‍ ആശ്വാസമാണ്..നിന്റെ നാടെനിക്കൊരു സ്വപ്നമാണ്.
ഇവിടെ ചുമ്മാതിരുന്നു എനിക്ക് വട്ടായെന്ന് തോന്നുന്നുണ്ടോ? നീയെന്തെങ്കിലും വിചാരിക്ക്...
But I need your friendship…ചിലപ്പോള്‍ ചില ഉപദേശങ്ങള്‍ക്ക്...സ്നേഹത്തിന്‌, സൗഹൃദത്തിന്. വേറെ ചിലപ്പോള്‍ ഒരുമിച്ച് വല്ല കുഴിയിലും ചെന്ന് ചാടിയാല്‍ ഒരു കൈത്താങ്ങ്‌ വേണ്ടേ...! വൈറസ്‌ പിടിച്ച് നമ്മുടെ പ്രോജെച്ടും നമ്മളും കഷ്ടപ്പെട്ടത്...ദൈവമേ...ജന്മത്ത് മറക്കില്ല. എത്ര എത്ര വൈകുന്നേരങ്ങള്‍ നമ്മളാ പി ഓ യിലൂടെ ആധിപിടിച്ച് പരക്കം പാഞ്ഞു. ബട്ട്‌ ആ ഓര്‍മ്മകള്‍ ഒക്കെയാണ് ഞാന്‍ എന്ജോയ്‌ ചെയ്യുന്നത്...ഇനിയും അങ്ങിനെ നടക്കാന്‍ (ആധി പിടിച്ചല്ല) സാധിച്ചെങ്കില്‍...അറിയില്ല എന്താണ് വിധിച്ചിരിക്കുന്നതെന്ന്. ഇപ്പോഴെന്തൊക്കെയാണെന്നോ എന്റെ മനസിനുള്ളില്‍... എങ്കിലും അകലെയെവിടെയോ പ്രതീക്ഷയുടെ ഇത്തിരി വെട്ടം....

കൊതിയാവുകയാ എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് ദൂരേയ്ക്ക് പറന്ന് പോകാന്‍...എന്നെങ്കിലും സാധിക്കുമായിരിക്കും...എവിടെയായാലും എതവസ്ഥയിലായാലും
നമ്മുടെ സൗഹൃദത്തെപ്പറ്റി അധികമൊന്നും ഇതില്‍ എഴുതിപ്പിടിപ്പിക്കേണ്ടല്ലോ..അത് നമ്മള്‍ അറിഞ്ഞാല്‍ മതി...
ഒരുപാട് കാര്യങ്ങള്‍ നമുക്കിനിയും ഒരുമിച്ച് ചെയ്തു തീര്‍ക്കാനുണ്ട്. സ്വപ്നങ്ങളിലൂടെയും സത്യത്തിലൂടെയും ഒരുപാട് സഞ്ചരിക്കാനുണ്ട് ...
നിന്റെയാ വാക പൂത്ത വഴിയരികില്‍, മഴ നനഞ്ഞു കുതിര്‍ന്ന ചെമ്മണ്‍  പാതകളില്‍ നീ തനിച്ചാണെങ്കില്‍  ഞാനും കൂടെ വരട്ടെ...കാരണം ഇവിടെ ഞാനും തനിച്ചാണ്.

എന്റെ പാതകളും നിന്റെ പാതകളും ഒരുമിക്കുന്ന വഴികളിലൂടെ നമുക്ക് സഞ്ചരിക്കാം...ഏകാന്തമായ ഒറ്റയടിപ്പാതകളില്‍  പരസപരം ചൂണ്ടുപലകകളാവാം... ചതിക്കുഴികളില്‍ വീഴാതിരിക്കുവാന്‍ സൗഹൃദത്തിന്റെ ഊന്നുവടികളുപയോഗിക്കാം..കൈകള്‍ കോര്‍ത്ത്‌ സഞ്ചരിക്കാം... എവിടെയെങ്കിലും ഒരു തണല്‍ മരം നമുക്കായ് നില്‍ക്കുന്നു എന്ന പ്രതീക്ഷയില്‍....
പൂക്കളും ഫലങ്ങളും ചേര്‍ത്തൊരു സമ്മാനവുമായ്‌ നമ്മള്‍ വീണ്ടും ഒരുമിയ്ക്കുന്നത് വരെ ....കാത്തിരിക്കുന്നു ഞാന്‍...”

പ്രിയ ഡിസംബര്‍


പ്രിയ ഡിസംബര്‍ നിന്നെ ഞാനേറെ സ്നേഹിക്കുന്നു...നിന്‍റെ തണുത്ത പ്രഭാതങ്ങള്‍ എന്തെല്ലാമാണെനിക്ക് സമ്മാനിച്ചത്? എന്‍റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയതും ജീവിതത്തിനര്‍ത്ഥം നല്‍കിയതും നീയായിരുന്നു..
തനിച്ചുനടക്കുവാനേറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് നിന്‍റെ പ്രഭാതങ്ങള്‍ ഒരുപാടോര്‍മ്മകള്‍ സമ്മാനിച്ചിരുന്നു..ചെമ്പകപ്പൂമണമുള്ള എന്‍റെ ഗ്രാമ വീഥിയും വഴിയരികിലെ അമ്പലവും..പിന്നെ ഈ യാത്രകളില്‍ എന്‍റെ വഴിയുടെ മറുവശത്തുകൂടെ ഒരു വാക്ക്പോലും മിണ്ടാതെ ഏറെ നടന്ന എന്‍റെ പ്രിയ സുഹൃത്തും....പിന്നെ ഒരു തണുത്ത പ്രഭാതത്തില്‍ എന്നെ തേടിയെത്തിയ പ്രണയവും...
വൃശ്ചികത്തിലെ കാറ്റുപോലെയാണ്പ്രണയം എന്നാരാണ് പറഞ്ഞത് ... എനിക്ക് പ്രണയവും അനുഭൂതിയും എല്ലാംനീയാണ്. നിന്‍റെ തണുത്ത പ്രഭാതങ്ങള്‍..അസ്തമയ സൂര്യന്‍റെ സിന്ദൂരച്ചവി ആകാശത്തുതൂവുന്ന  നിന്റെ സായം സന്ധ്യകള്‍ ...പ്രകൃതിയിലെ ഏറ്റവും വലിയ ചിത്രകാരന്‍ നീയല്ലാതെ മറ്റാരാണ്...നിന്‍റെ നിറച്ചാര്ത്തുകള്‍ എന്നെ എന്നും മോഹിപ്പിക്കാറുണ്ട്, പുല്‍ക്കൊടി തുമ്പില്‍ നീ എനിക്കായ്‌ ഹിമകണമൊരുക്കി...മഞ്ഞിന്‍റെ ആര്‍ദ്രത...നീലാകശത്തിന്‍റെ കുളിര്‍മ്മ, പിന്നെ തളിരിലകളുടെ ജീവന്‍, പ്രണയത്തിന്‍റെ സിന്ദൂരം,  നീ എനിക്കെന്നുമൊരു വിസ്മയമായിരുന്നു.സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ വാത്സല്യത്തിന്‍റെ നിറഞ്ഞ ഭാവമായിരുന്നു....

ഡിസംബര്‍ നിനക്കറിയുമോ...
നീയെത്ര പ്രിയപ്പെട്ടതാനെണെനിക്കെന്ന്?
എന്റെ ഇഷ്ടങ്ങളെ എന്നും ഏറ്റവും
പ്രിയപ്പെട്ടതാക്കിയത് നീയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ നീയെനിക്കെന്‍റെ
പ്രണയം സമ്മാനിച്ചു...
എന്‍റെ സ്നേഹത്തെ മഞ്ഞു പുതപ്പിച്ചു
എന്‍റെ സൗഹൃദങ്ങള്‍ക്ക് നീഹാര സ്നിഗ്ദധത
പകര്‍ന്നതും നിന്‍റെ പുലര്‍ വേളകളായിരുന്നു!
നിന്‍റെ തണുത്ത പ്രഭാതങ്ങളില്‍ ,
തനിച്ചിരിക്കുവാനും ആര്‍ദ്രമായൊരു
കര സ്പര്‍ശനത്തിനും ഞാന്‍ കൊതിച്ചു
മഞ്ഞു തുള്ളികളില്‍ ലോകം പ്രതിബിംബിച്ച
കോട പ്രഭാതങ്ങളില്‍ ചെമ്പക പൂക്കളിതളടര്‍ന്നു
വീണ വഴികളിലൂടെ ഞാനേറെ തനിച്ചുനടന്നിരുന്നു
നിന്‍റെ തണുത്ത സന്ധ്യകളില്‍ ചക്രവാള-
ത്തിലേക്കെത്തിനോക്കാന്‍, വാരി വിതറിയ
സിന്ദൂരച്ചായ കൈക്കുടന്നയിലൊതുക്കാന്‍
ഞാനേറെ മോഹിച്ചു...
നീളമേറിയ നിന്‍റെ രാത്രികളില്‍ മിഴി ചിമ്മുന്ന
താരകളും, നീലാകാശവും ശിശിരകാല ചന്ദ്രനും
എന്‍റെ സഹായാത്രികരായ്‌ ഉറങ്ങാതൊട്ടേറെ
കിനാക്കള്‍ പങ്കുവച്ചു ....
ഡിസംബര്‍ നിന്നെയെനിക്കേറെ ഇഷ്ടം....
വസന്തകാലത്തിലെ കാറ്റിനെക്കാളും
നിന്‍റെ തണുത്ത പ്രഭാതങ്ങളും
സായന്തനങ്ങളും എന്‍റെ സ്നേഹിതര്‍....
നിന്‍റെ വിളറിയ വസന്തങ്ങള്‍
എന്‍റെ മനസ്സുപോലെ ...ഉള്ളിലെ മകരന്ദം
മഞ്ഞുതുള്ളിയിലൊളിപ്പിച്ച്, മറച്ചുവച്ച്...

വിടപറയാന്‍ മടിക്കുന്ന പ്രഭാതങ്ങളെ വിട
കൊഴിയാന്‍ തുടങ്ങുന്ന വെള്ള ചെമ്പക-
പൂക്കളെ ഇനിയെത്ര നാള്‍!
ഋതു ചക്രം തിരിഞ്ഞു പ്രിയ ഡിസംബര്‍;
ഒരിക്കല്‍ കൂടി..., ഇടവേളകളെ ചെറുതാക്കി
നിമിഷ ദൈര്‍ഘ്യങ്ങളെ നിഷ്പ്രഭമാക്കി
തണുപ്പ് പുതച്ചെത്തുമോ....



Wednesday, 1 May 2013

ഋതുഭേദം


 
സൌഹൃദങ്ങൾക്കൊരു കാലം

ചിന്തകൾക്ക് വേറൊരു കാലം

വായനക്കൊരു കാലം

കവിതകൾക്കു മറ്റൊരു കാലം

 

പ്രണയത്തിനൊരുകാലം

വിരഹത്തിനു മറുകാലം

പ്രണയഭേദങ്ങൾക്കൊരു കാലം

ഉയിർത്തെഴുന്നേൽപ്പിനൊരു കാലം

 

വസന്തത്തിനൊരു കാലം; ഗ്രീഷ്മത്തിനും

പുലരികൾക്കൊരുകാലം; സായാഹ്നങ്ങൾക്കും

മഴയ്ക്കൊരുകാലം; വേനല ചൂടിൻ എതിർ കാലം

 

കാലങ്ങളെത്ര കഴിഞ്ഞിട്ടും

ചില മുഖങ്ങളും ഓർമകളും മങ്ങുന്നില്ല

വർഷങ്ങളെത്ര കൊഴിഞ്ഞിട്ടും

ആദ്യ പ്രണയം മരിക്കുന്നില്ല

ഋതുഭേദങ്ങളനവധി മറഞ്ഞാലും

ആദ്യവസന്തം കണ്ണുകളിൽ

 

ഇനിയുമെത്ര ഇരവും പകലും

ഇനിയുമെത്ര മഴയും വെയിലും..

ഓർമകളിലെ ഋതുക്കൾക്ക്

അതിമധുരം...!!!!

 

ഞാനെന്ന കരയും നീയെന്ന കടലും

ഇവിടെ പിരിയുന്നു ....

 

എന്റെ സ്നേഹത്തിന്റെ അരുവികളെല്ലാം

നിന്നിലേക്കൊഴുകി അണഞ്ഞിരിക്കുന്നു...

കനിവ് വറ്റിയ ഉറവകളെല്ലാം മറഞ്ഞിരിക്കുന്നു.

ഇനി ഞാനെന്ന മരുഭൂമി മാത്രം

മരുപ്പച്ചകളെല്ലാം വരണ്ടിരിക്കുന്നു...

 

ഇവിടെ ഞാനെന്ന കര നിന്നെപ്പി രിയുന്നു….

 

സ്വാർത്ഥതയുടെ പൂക്കൾ ഇനിയും വിടരാതെ

പ്രണയത്തിന്റെ നക്ഷത്രങ്ങൾ കാണാതെ

പരിഭവങ്ങളെല്ലാം എന്നിലേക്കൊതുക്കി ,

വിശദീകരണങ്ങൾക്കുമപ്പുറം,

പിരിയാതെ പിരിഞ്ഞും

പറയാതെ പറഞ്ഞും

ഞാനെന്ന കര നിന്നെ പിരിയുന്നു....

Monday, 14 January 2013

നമ്മളെന്നും....


നിനക്ക് വേണ്ടിയാണ് ഞാനന്ന് മഴ നനഞ്ഞത്
നനഞ്ഞു കുതിര്‍ന്നൊരു പ്രാവായ്‌ നിന്‍റെ
മാറോടുചേരുവാനാണ് ഞാനന്നേറെ കൊതിച്ചത്...
എന്റെ മുടിതുമ്പിലെ മഴത്തുള്ളിക
നീ കാണുമെന്ന് ഞാനോര്‍ത്തു,
ഒരു ചിരിയോടെ നീയവ തട്ടിത്തെ-
പ്പിക്കുന്നത് ഞാത്ത് നിന്നു...

നിന്നോടൊപ്പം നടക്കുവാന്‍ ഞാനേറെ
കൊതിച്ചിരുന്നു ...
അതിനാണ് ഞാനെന്നും ആ മരത്തണലില്‍
കാത്തുനിന്നതും...
നിന്‍റെ കാലടികളെ നിശബ്ദം പിന്തുടരുന്നത്
ഞാനെന്നും സ്വപ്നം കാണാറുണ്ട്

പക്ഷെ നമ്മളെന്നും സമാന്തരമായാണ്
സഞ്ചരിച്ചിരുന്നത്...
ഒരിക്കലും കൂട്ടിമുട്ടാതെ, പരസ്പരമറിയാതെ!
അതുകൊണ്ടാവാം ആ ചെമ്മണ്‍ പാതയുടെ
ഇരുവശത്തുമായ്‌ നിശബ്ദം നടന്നപ്പോ
നമുക്കൊന്നും പരയുവാനില്ലാതെ പോയത്
തിരിച്ചറിയുവാനാകാതെ വന്നതും..

എവിടെയായിരുന്നാലും എന്‍റെ മിഴിക
നിന്നെ തിരയാറുണ്ട്‌, നിന്‍റെ നെറ്റിയിലെ
ചന്ദനവും കുങ്കുമവും എനിക്കെത്ര
പ്രിയപ്പെട്ടതാണെന്നോ...
നീയെന്നോട്‌ ഒരുവാക്ക് മിണ്ടുമ്പോ
ഒരു ശബ്ദസാഗരം കിട്ടുന്നെനിക്ക്
നീയൊരു പുഞ്ചിരി നീട്ടുമ്പോൾ, ജീവന്‍റെ
എല്ലാ സന്തോഷങ്ങളും അതിലൊതുക്കുന്നു ഞാൻ

കൂടുതലേറെ ആഗ്രഹിക്കുവാന്‍ ഞാന
-ശക്തയായിരുന്നു ...
നിന്റെ സാമിപ്യം എനിക്കെല്ലാം നല്‍കിയിരുന്നു
നിന്നോട് ഞാനൊരു വാക്കുപോലും
എന്നെക്കുറിച്ച് പറഞ്ഞില്ല, നിനക്ക്
സുഖമെന്നു നീ പറഞ്ഞു കേൾക്കുന്നതാ-
യിരുന്നെനിക്കിഷ്ടം, പക്ഷെ...
എന്തോ ഒന്ന് എന്നെയും നിന്നെയും വേര്‍തിരിച്ചു
തുറന്നു പറയുവാന്‍ കഴിയാതെ പലതും
നമ്മള്‍ കണ്ടില്ലെന്നു നടിച്ചു

എങ്കിലും നിശബ്ദമായെൻകിലും നിന്നെ
സ്നേഹിച്ചിരുന്നു,...
സ്നേഹിക്കുന്നുവെന്നോ൪ക്കുമ്പോൾ
മഴ നനയാൻ കൊതിക്കുന്ന പഴയ
സ്കൂള്‍ കുട്ടിയാകും ഞാൻ ഇപ്പോഴും...





Friday, 11 January 2013

ശ്രദ്ധ...


ശ്രദ്ധ, അവളാണെ സ്ത്രീ സങ്കല്‍പം
ശ്രദ്ധ, അവളാണെൻ മാതൃക...!!
മാന്തളിരിന്‍റെ നിറം, മാന്‍പേടയുടെ മിഴികൾ
ഭാവങ്ങള്‍ മാറി മാറി വിളങ്ങുന്ന മുഖം
കണ്ണുകളില്‍ നാട്യലാസ്യം...
ചുണ്ടിലെ പുഞ്ചിരി ഉള്ളിലെ പ്രസന്നതപോൽ
പാല്പ്പായസത്തെക്കാള്‍ മധുരം വശ്യം വാക്കുകൾ
മഴയെക്കാള്‍ ആര്‍ദ്രം സ്പര്‍ശനം, സ്നിഗ്ദം
മഞ്ഞുതുള്ളിപോൽ....
കണ്ണുകളിലൊളിക്കും മനം മയക്കും പുഞ്ചിരി
മതിഭ്രമിപ്പിക്കുന്ന സുഗന്ധം അരികിൽ വരുമ്പോൾ
ഈറന്‍ മുടിതുമ്പിൽ ഇറുത്തു വച്ചൊരു തുളസീ
ദളങ്ങളും, തൂവെള്ള നെറ്റിയിലലിഞ്ഞു ചേര്‍ന്ന
ഭസ്മക്കുറിയും..
ശാന്തം സ്നിഗ്ദം ആകാരം
പാദങ്ങളില്‍ വെള്ളി പാദസരം
പതിയെ ചിരിക്കും വളകളാ കൈകളിൽ
കരിമണി മുത്തുകള്‍ കഴുത്തോടൊട്ടി കിടക്കുന്നു
കരിമഷിയാ കണ്‍കളില്‍ വജ്രമാകുന്നു...
ഇവള്‍ ശ്രദ്ധ..
പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ
എന്‍റെ ലോകത്തില്‍ പുഞ്ചിരി പൊഴിക്കുന്ന പെണ്‍കുട്ടി
ഇവള്‍ ശ്രദ്ധ..
താളത്തിനൊപ്പമാടി മനസ്സിനെപ്പോലും തളയ്ക്കുന്ന
 മായാജാലക്കാരി; എനിക്ക് ചുറ്റും മാരിവില്‍
തെളിയ്ക്കും വര്‍ണ്ണ പ്രഭാവം

പതിയെ ചിരിക്കുമ്പോള്‍ വിടരും
കുറുമൊഴി പോലിവള്‍...
ഒരുവാക്ക് മൊഴിയുമ്പോള്‍
കുറുകും പ്രാവ് പോലിവള്‍...
നൃത്തമാടുമ്പോള്‍ മയൂരമിവൾ...

അകലെനിന്നു നോക്കികാണുവാന്‍ ഏറെ
ഇഷ്ടം എനിക്കിവളെ...
അരികില്‍ വരുമ്പോൾ കവിത ചൊല്ലുവാൻ
ഏറെയിഷ്ടമിവളെക്കുറിച്ച്.

നടുവിരല്‍ തുമ്പിനാ തൂളിവരച്ചൊരു
വിഭൂതി മഴചാറ്റലേറ്റടര്‍ന്നു വീണു
അളകങ്ങളില്‍, കുറുനിരകളില്‍
മഴത്തുള്ളിയടര്‍ന്നു വീണു
വര്‍ഷമേഘ ഋതു സന്ധ്യയിലെ
ഈറന്‍ കാറ്റിനു പോലും മൌനം
കൊഴിയുന്ന പൂവിതളില്‍ തേങ്ങും ഹൃദയം
ഘനം കൂടിയ വിരഹ മൌനത്തില്‍
നൊമ്പരത്തി സാന്ധ്യ രാഗം
വശ്യമാം ചാരു മന്ദസ്മിതത്തിലൊളിപ്പിച്ച
വിഷാദത്തി ഈറ മേഘം
തിരിച്ചു കിട്ടാത്ത പ്രണയമെ വേദന
കൊതിച്ചിട്ടും ലഭിക്കാത്ത പ്രണയമെ വിരഹം
പ്രതീക്ഷകളില്‍ ഇതളടര്‍ന്ന വസന്തം പോ