മലമുകളിൽ മഞ്ഞും മഴയും ഒന്നിച്ചു പെയ്തു തുടങ്ങുമ്പോൾ സ്വപ്നം പോലൊരു യാത്ര... തണുത്ത കാറ്റേറ്റ്, മഴത്തുള്ളികളോട് കിന്നാരം പറഞ്ഞ്... മഞ്ഞും മഴയും ആവോളം നനയണം, ചൂടും തണുപ്പും വേറിട്ടറിയണം, പിന്നെയാ നെല്ലിമരച്ചുവട്ടിൽ സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയും ചിറകടിച്ച് പറന്നുയരാൻ വിടണം, എന്നിട്ട് ഓർമകളിൽസന്തോഷിക്കണം ....
പ്രകാശത്തിന്റെ നാമ്പുകൾ എത്തിനോക്കാൻ തുടങ്ങും മുൻപ് മഴ നനഞ്ഞു കുതിർന്ന പച്ചമണ്ണിലൂടെ, കാടിനുള്ളിൽഇലകൾ പുതയ്ക്കുന്ന വഴികളിലൂടെ ശബ്ദമുണ്ടാക്കാതെ നടക്കണം... എവിടെയോ മാനംമുട്ടെ തലയുയർത്തി നിൽക്കുന്ന മരത്തിന്റെ പടർന്ന വേരുകൾക്കിടയിൽ അമ്മയുടെ ഗർഭപാത്രത്തിലെന്നപോൽ സുഖമായ് ഉറങ്ങണം. തിരികെപോരുമ്പോൾ ഒരായുസ്സിലേക്ക് കരുതിവെയ്ക്കാനായി കണ്ണുകളിൽ ഒതുങ്ങാത്ത കാഴ്ച്ചകളും അനുഭവങ്ങളും മനസ്സിൽനിറയ്ക്കണം. കണ്ടുമതിവരാത്തവ ഒന്നുകൂടി പിൻതിരിഞ്ഞു നോക്കണം.
കാടിനെ നിലാവുപുണരുന്ന രാത്രിയിൽ മഴപെയ്യുന്നതും കാത്തിരിക്കണം.പിന്നെ മഴയും നിലാവും കാടിനോട് രഹസ്യങ്ങൾ പറയുമ്പോൾ ആ ചെറിയ കാട്ടരുവി ഓരത്തിരുന്നു ഇരുളും നിലാവുംമഴയും കണ്ട് ജീവിതമെന്ന പ്രഹേളികയെ മതിവരുവോളം അറിയണം ആസ്വദിക്കണം. ഇലത്തുമ്പിൽ നിറയുന്ന നീര്ത്തുള്ളിയിൽ ഒരായിരംപൌർണമികൾ കാണണം.
കടൽതീരത്തെ മണൽത്തരികൾപോൽ ആകാശത്ത് നക്ഷത്രപൂക്കൾ വിരിയുന്ന രാത്രികളിൽ കുന്നിന്മുകളിലെ പുൽചെരുവിൽ നക്ഷത്രമെണ്ണി നേരം വെളുപ്പിക്കണം.. ഇലകൾ പൊഴിച്ച് മരങ്ങൾ നഗ്നതയുടുക്കുന്ന ധനുമാസരാത്രികളിൽ കൂടൊഴിഞ്ഞ മരച്ചില്ലകൾക്കിടയിലൂടെ ആകാശമെന്ന കാൻവാസിലെ എണ്ണമറ്റ ചിത്രങ്ങൾ മനസ്സിൽ പകർത്തണം. ഇരുൾപരന്നു താഴെ ഭൂമിയിൽ ദീപങ്ങൾ തെളിയുമ്പോൾ വാനവും ഭൂമിയും സമദൂരത്തിൽ നോക്കിക്കണ്ട് രണ്ടും ഒന്നുപോലെയെന്നത്ഭുതപ്പെടണം.
കർക്കിടകം തിരിമുറിയാതെ പെയ്യുന്ന രാത്രിയിൽ പുഴയോരത്തെ മണൽപ്പരപ്പിൽ 'ഈറൻ മുകിൽ മാലകളെ ഇന്ദ്രധനുസ്ചുംബിക്കുന്നത്' നോക്കിയിരിക്കണം. പുഴയതിന്റെ കരയോടു പറയുന്ന പരിഭവങ്ങളെല്ലാം മറഞ്ഞിരുന്നു കേൾക്കണം .പുഴ കാണാതെ കരയെ പ്രണയിക്കണം..
കടലിലെ മഴനോക്കി ഒരുദിവസം... കടൽക്കാറ്റടിച്ച് ഉപ്പും മണലും പുരണ്ട മുടിയിഴകളെ അതിന്റെ ഇഷ്ടത്തിന് വിട്ട് മണ്ണ് മണ്ണിനോടും ജലം ജലത്തിനോടും ചേരുന്നത് കണ്ടറിയണം..
ഒടുവിൽ സ്വപ്നങ്ങളെയെല്ലാം പെറുക്കി മണ്കുടത്തിനുള്ളിലടച്ച് ചുവന്ന പട്ടുകൊണ്ട് വായ്മൂടിക്കെട്ടി കാശിക്കുപോണം.. പിന്നെ ഏതോ ജലശയ്യയിൽ ആ മണ്കുടവും ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ നടക്കണം... മരിച്ച മനസ്സുംമരവിച്ച ശരീരവുമായി പുനർജ്ജനികളുടെ കാടിനുള്ളിലേക്ക്... ഓർമകളുടെ മഴയെത്തിരഞ്ഞ്
PS: ഈ മഴ സമ്മതിക്കില്ല... ഇത്രയും സ്വപ്നങ്ങൾ എനിക്കുണ്ടായിരുന്നോ :P ????